Sunday December 11, 2016
Latest Updates

നമോ റൊട്ടി, നമോ ലഡു; വാരണാസിയില്‍ എല്ലാം നമോ മയം

നമോ റൊട്ടി, നമോ ലഡു; വാരണാസിയില്‍ എല്ലാം നമോ മയം

വാരണാസി: രാജ്യം ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന വാരണാസിയില്‍ ഇപ്പോള്‍ എല്ലാം നമോ മയമാണ്. വാരണാസിയില്‍ വില്ക്കുന്ന മധുര പലഹാരങ്ങളിലും, ബലൂണുകളിലും എല്ലാം നമോ നമോ എന്ന പേര് മാത്രമേ കാണാനുള്ളൂ.

നരേന്ദ്ര മോഡി വാരണാസിയില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ വാരണാസിയിലെ ഓരോ ഷോപ്പിലും വിറ്റഴിക്കുന്ന സാധനങ്ങള്‍ക്ക് ഒരു നമോ സ്പര്‍ശം നല്കാന്‍ ബിജെപി ശ്രദ്ധിച്ചിരുന്നു. ഭൂരിപക്ഷം ബിജെപി അനുകൂലികളായ വ്യാപാരികളും ഇതിനോട് അനുകൂല സമീപനം സ്വീകരിച്ചു. മോഡിയെ പുകഴ്ത്തുന്ന മുദ്രാവാക്യങ്ങളും അബ് കി ബാര്‍ മോഡി മോഡി സര്‍ക്കാര്‍ തുടങ്ങിയ മുദ്രാവാക്യങ്ങളും ബിജെപിയുടെ ചിഹ്നനവും ആലേഖനം ചെയ്ത വസ്തുക്കളാണ് വാരണാസിയില്‍ ചൂടപ്പം പോലെ വിറ്റഴിയുന്നത്.

നമോ എന്ന ആലേഖനം ചെയ്ത ബലൂണുകള്‍, ജാക്കറ്റുകള്‍, റൊട്ടി, ലഡു തുടങ്ങിയ പലഹാരങ്ങള്‍ എന്നിവയും മികച്ച വില്പ്പനയാണ് നേടിക്കൊണ്ടിരിക്കുന്നത്. അതിനിടെ നമോ ചിഹ്നം ആലേഖനം ചെയ്ത റൊട്ടി വിറ്റ ഹോട്ടല്‍ യുപി സര്‍ക്കാര്‍ പൂട്ടിയത് വിവാദമായിട്ടുണ്ട്. ‘അബ് കി ബാര്‍ മോദി സര്‍ക്കാര്‍’ റൊട്ടികളില്‍ പതിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന യന്ത്രവും പോലീസ് മുദ്രവച്ചു.

തിങ്കളാഴ്ച നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പിലാണ് വാരണാസിയിലെ വോട്ടെടുപ്പ്. രാജ്യം ഉറ്റുനോക്കുന്ന മത്സരത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളാണ് നരേന്ദ്ര മോഡിയുടെ എതിരാളി.

Scroll To Top