Friday December 09, 2016
Latest Updates

‘നമോ ചായയ്ക്ക്’ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഊരുവിലക്ക്

‘നമോ ചായയ്ക്ക്’ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഊരുവിലക്ക്

ലക്‌നൗ: ചായക്കടക്കാരനെന്ന കോണ്‍ഗ്രസിന്റെ ആക്ഷേപത്തിന് ചായകൊണ്ട് മറുപടി പറയുന്ന ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ പ്രചരണ തന്ത്രത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഊരുവിലക്ക്. നമോ ചായവില്‍പ്പന ഉപേക്ഷിച്ചുകൊള്ളാന്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയോട് നിര്‍ദേശിച്ചു. പരിപാടി തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കൂമെന്നാണ് കണ്ടെത്തല്‍.

തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ചായക്കടക്കാര്‍ക്കിടയില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനാണ് ബിജെപി ഈ രീതിയില്‍ ഒരു പ്രചരണം നടത്തിയത്. നമോ ചായക്കടയുടെ ഭാഗമായി തങ്ങളുടെ സമുന്നതനായ നേതാവ് സംസാരിക്കുന്നതിന്റെ എല്‍സിഡി പ്രദര്‍ശനവും സൗജന്യചായ വിതരണവുമായിരുന്നു പ്രചരണരീതി. ലക്ഷ്മിപൂരില്‍ മോഡിയുടെ പ്രസംഗം സംപ്രേഷണം ചെയ്യുമ്പോള്‍ ചായ വില്‍പ്പന നടത്തിയ പ്രവര്‍ത്തര്‍ക്കെതിരേ ഇലക്ഷന്‍ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിധത്തില്‍ രാഷ്ട്രീയകക്ഷികളുടെ സൗജന്യങ്ങള്‍ അനുവദിക്കില്ല എന്നതാണ് ഇലക്ഷന്‍ കമ്മീഷന്റെ നിലപാട്. അതുകൊണ്ട് ചായ വില്‍പ്പന തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുമെന്നും നമോ ചായ വില്‍പ്പനയും ചായക്കട ചര്‍ച്ചകളും വീഡിയോയില്‍ പകര്‍ത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം ജനങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കാനായി ബിജെപി നേതൃത്വം കൊണ്ടുവന്ന സൗജന്യചായയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ പാര്‍ട്ടി പണം ഉപയോഗിച്ച് ചായ വില്‍പ്പന നടത്തുമെന്നാണ് ബിജെപി ഉത്തര്‍പ്രദേശ് ഘടകത്തിന്റെ നിലപാട്. നമോ ചായിനെ മറികടക്കാന്‍ കോണ്‍ഗ്രസ് രാഗാ മില്‍ക്കും പ്രിയങ്കാ ഖിച്ചടിയും കൊണ്ടുവന്നിരുന്നു. ഇതിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വന്നേക്കാന്‍ സാധ്യതയുണ്ട്.

Scroll To Top