Saturday December 03, 2016
Latest Updates

നടനും സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ എന്‍എല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

നടനും സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ എന്‍എല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: നടനും സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ എന്‍എല്‍ ബാലകൃഷ്ണന്‍ (72) അന്തരിച്ചു. ഇന്നലെ രാത്രി 11.30ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 1967ല്‍ പുറത്തിറങ്ങിയ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തില്‍ സ്റ്റില്‍ഫോട്ടോഗ്രാഫറായാണ് എന്‍എല്‍ ബാലകൃഷ്ണന്‍ സിനിമയിലെത്തിയത്. പിന്നീട് ചെറിയ വേഷങ്ങളിലൂടെ അദ്ദേഹം അഭിനയ രംഗത്തും ചുവടുറപ്പിച്ചു.

1986ല്‍ രാജിവ് അഞ്ചലിന്റെ അമ്മാനംകിളി എന്ന കുട്ടികളുടെ സിനിമയിലൂടെയാണ് എന്‍എല്‍ ബാലകൃഷ്ണന്‍ അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. ഡാ തടിയാ, ഡോക്ടര്‍ പശുപതി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, പട്ടണപ്രവേശം, കൗതുകവാര്‍ത്തകള്‍ തുടങ്ങി 162ഓളം സിനിമകളില്‍ അഭിനയിച്ചു. 170 ഓളം സിനിമകളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അടൂര്‍, ജി.അരവിന്ദന്‍, ജോണ്‍ എബ്രഹാം, പദ്മരാജന്‍, ഭരതന്‍, കെ.ജി.ജോര്‍ജ് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലെ സ്ഥിരം ഫോട്ടോഗ്രാഫറായിരുന്നു. മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസാണ് അദ്ദേഹം അവസാനം അഭിനയിച്ച ചിത്രം. കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്ഠ കലാകാരന്‍മാര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Scroll To Top