Wednesday December 07, 2016
Latest Updates

ധനക്കമ്മി കുറഞ്ഞു, നികുതി വരുമാനം കൂടി; ഒക്ടോബര്‍ ബജറ്റിനുള്ള ഒരുക്കങ്ങള്‍ ധനവകുപ്പ് തുടങ്ങി

ധനക്കമ്മി കുറഞ്ഞു, നികുതി വരുമാനം കൂടി; ഒക്ടോബര്‍ ബജറ്റിനുള്ള ഒരുക്കങ്ങള്‍ ധനവകുപ്പ് തുടങ്ങി

ഡബ്ലിന്‍: ഒക്ടോബര്‍ ബജറ്റിനുള്ള ഒരുക്കങ്ങള്‍ ധനകാര്യ മന്ത്രിയും മന്ത്രിസഭയും തുടങ്ങി. ഈ മാസം പതിനാലിനാണ് ധനന്ത്രി മൈക്കല്‍ നൂനന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റിന് മുന്നോടിയായുള്ള കണക്കുകൂട്ടലും കിഴിക്കലും തകൃതിയായി നടക്കുകയാണ്. ബജറ്റിന് മുന്നോടിയായി രാജ്യത്തെ ഖജനാവിന്റെ ധനസ്ഥിതി ധനകാര്യമന്ത്രി പുറത്ത് വിട്ടു. സെപ്റ്റംബര്‍ 31 വരെയുള്ള കണകുകള്‍ പ്രകാരം രാജ്യത്തിന്റെ ധനക്കമ്മി 6 ബില്യന്‍ യൂറോയാണ്. കൃത്യമായി പറഞ്ഞാല്‍ 5.96 ബില്യന്‍ യൂറോ. 2013 ലെ ബജറ്റിന് മുന്‍പ് ധനക്കമ്മി 7.14 ബില്യനായിരുന്നു. ധനക്കമ്മി കുറഞ്ഞത് ധനമന്ത്രിക്ക് ആശ്വാസമാകും. 

സെപ്റ്റംബര്‍ അവസാനം വരെയുള്ള നികുതി വരുമാനം 28.8 ബില്യന്‍ യൂറോ ആയി. നികുതി വരുമാനത്തിലും നേരിയ വര്‍ധന ഉണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് നികുതി വരുമാനം 2 ബില്യന്‍ യൂറോ ആയിരുന്നു. നികുതി വരുമാനം ധനവകുപ്പ് ലക്ഷ്യമിട്ടതിലും 700 മില്യന്‍ വര്‍ധിച്ചു. മൂല്യ വര്‍ധിത നികുതിയില്‍ (വാറ്റ്) നിന്നുള്ള വരുമാനം 9 ബില്യണായി. ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതിലും 280 മില്യന്‍ കൂടുതലാണ്. സാമ്പത്തിക പ്രതിസന്ധി മാറിയതോടെ ആളുകളുടെ വാങ്ങല്‍ ശേഷി വര്‍ധിച്ചു. ഇത് വിപണിയില്‍ ഉണര്‍വായി. വില്‍പ്പന വര്‍ധിച്ചതോടെ വാറ്റ് നികുതിയില്‍ നിന്നുള്ള വരുമാനവും കൂടി. 

പ്രോപ്പര്‍ട്ടി ടാക്‌സില്‍ നിന്ന് സെപ്റ്റംബര്‍ അവസാനം വരെ 385 മില്യന്‍ യൂറോ ഖജനാവിലേക്ക് എത്തി. ഇത് ധനകാര്യവകുപ്പ് പ്രതീക്ഷിച്ചതിലും 15 മില്യന്‍ യൂറോ കുറവാണ്. ആരോഗ്യവകുപ്പിന് വേണ്ടി മാത്രം 25 മില്യന്‍ യൂറോ ഈ വര്‍ഷം ചെലവഴിച്ചു. കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ചതിലു മേറെ രാജ്യത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ധനവകുപ്പ് വക്താവ് ജോണ്‍ പാമര്‍ പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട ധനസ്ഥിതിയില്‍ നിന്ന് കൊണ്ടാണ് നൂനന്‍ ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. ഇത് ശുഭസൂചനയാണെന്നും പാമര്‍ പറഞ്ഞു. 

Scroll To Top