Monday December 05, 2016
Latest Updates

ദേശീയ സ്‌കൂള്‍ മീറ്റ്: തുടര്‍ച്ചയായ പതിനേഴാം തവണയും കേരളത്തിന് കീരീടം

ദേശീയ സ്‌കൂള്‍ മീറ്റ്: തുടര്‍ച്ചയായ പതിനേഴാം തവണയും കേരളത്തിന് കീരീടം

റാഞ്ചി: ആദ്യാവസാനം പുലര്‍ത്തിയ ആധിപത്യത്തിനൊടുവില്‍ മലയാളത്തിന്റെ ചുണക്കുട്ടികള്‍ അതും നേടി, ദേശീയ സ്‌കൂള്‍ മീറ്റ് കിരീടം. അതും തുടര്‍ച്ചയായ പതിനേഴാം തവണ. കേവലം കീരീടലബ്ധിയല്ല കേരളത്തിന്റേത്. ഇതര സംസ്ഥാനങ്ങളോട് പോയിന്റ് നിലയില്‍ ഗണ്യമായ വ്യത്യാസമുണ്ട്. ആറ് ദേശീയ റെക്കോഡുകളും 38 സ്വര്‍ണവും 26 വെള്ളിയും 16 വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം. തൊട്ടുപിന്നിലുള്ള ഹരിയാനക്കുള്ളത് വെറും 11 സ്വര്‍ണ മെഡലുകള്‍.

പി.യു. ചിത്ര, വി.വി. ജിഷ

പി.യു. ചിത്ര, വി.വി. ജിഷ

കഴിഞ്ഞ വര്‍ഷത്തെ സ്വര്‍ണനേട്ടം മറികടന്നാണ് കേരളത്തിന്റെ ഇത്തവണത്തെ നേട്ടം. കേരളത്തിന്റെ പി.യു. ചിത്ര, വി.വി. ജിഷ,മഹാരാഷ്ട്രയുടെ സ്വപ്ന ബര്‍മന്‍ എന്നിവര്‍ വ്യക്തിഗത ചാംപ്യന്‍മാരായി. അവസാന മത്സരം സീനിയര്‍ ആണ്‍കുട്ടികളുടെ റിലേ 400 മീറ്ററായിരുന്നു. ആകെ 32 ഫൈനലുകള്‍ ഇന്ന് നടന്നതില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ പി.വി. സുഹൈല്‍ സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേയിലും കേരളം സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേയിലും കേരളത്തിന്റെ താരങ്ങള്‍ സ്വര്‍ണം നേടി.
മത്സരിച്ച എല്ലാ ഇനങ്ങളിലും സ്വര്‍ണം നേടിയ പി.യു. ചിത്ര അത്ഭുത താരമായി. കേരളത്തിന്റെ നേട്ടത്തില്‍ വളരെ അഭിമാനം തോന്നുന്നതായി കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനു വേണ്ടിയും കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടിയും ഈ കുട്ടികളെ അഭിനന്ദിക്കുന്നു. ഇവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ അടുത്ത മന്ത്രിസഭായോഗത്തിനു ശേഷം പ്രഖ്യാപിക്കുമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top