Saturday December 03, 2016
Latest Updates

ദുരന്തങ്ങള്‍ സ്വര്‍ണ വ്യാപാരികള്‍ക്ക് നേട്ടം, സ്വര്‍ണ വില കുതിച്ചുയരുമെന്ന് വില്‍പ്പനക്കാര്‍ 

ദുരന്തങ്ങള്‍ സ്വര്‍ണ വ്യാപാരികള്‍ക്ക് നേട്ടം, സ്വര്‍ണ വില കുതിച്ചുയരുമെന്ന് വില്‍പ്പനക്കാര്‍ 

ഡബ്ലിന്‍: ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആര്‍ക്കെങ്കിലും സന്തോഷിക്കാന്‍ തോന്നുമോ? ഇല്ലെന്ന് പറയാന്‍ വരട്ടെ. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സന്തോഷിക്കുന്ന ഒരു ചിലരെങ്കിലുമുണ്ട്. സ്വര്‍ണ വ്യാപാരികളാണ് ദുരന്തങ്ങളില്‍ സന്തോഷിക്കുന്ന ഒരു വിഭാഗം. മനുഷ്യരാശിക്ക് ദുരിതങ്ങള്‍ മാത്രം വിതയ്ക്കുന്ന ദുരന്തങ്ങള്‍ സ്വര്‍ണ വ്യാപാരികള്‍ക്ക് കൂടുതല്‍ പണം സമ്പാദിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. വലിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ വില കുതിച്ച് ഉയരുന്നതാണ് കാരണം. 

ഗാസയിലെ മനുഷ്യക്കുരുതിയും മലേഷ്യന്‍ വിമാന ദുരന്തവും ഉണ്ടായപ്പോള്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നിരുന്നു. മലേഷ്യന്‍ വിമാനം യുക്രൈന്‍ അതിര്‍ത്തിയില്‍ വെടിവച്ചിട്ട വാര്‍ത്ത ലോകമാധ്യമങ്ങളില്‍ വന്നു മിനിറ്റുകള്‍ക്കകം സ്വര്‍ണ വിലയില്‍ വര്‍ദ്ധന ഉണ്ടായി. 1.5 ശതമാനമാണ് വിമാന ദുരന്തത്തിന് ശേഷം വില വര്‍ദ്ധിച്ചത്. വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലിന്റെ കണക്ക് പ്രകാരം സ്വര്‍ണത്തിന്റെ വില സമീപകാലത്ത് 9.2 ശതമാനം വരെ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തിന്റെ ആദ്യ ആറ് മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മറ്റ് ലോഹങ്ങളേക്കാള്‍
സ്വര്‍ണം നില മെച്ചപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 

ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും അമേരിക്കന്‍ വിപണികളിലും സ്വര്‍ണം നില മെച്ചപ്പെടുത്തി. 2005 നു ശേഷം സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാട്ടറില്‍ സ്വര്‍ണത്തിന്റെ ഏറ്റവുമധികം ആവശ്യം വര്‍ദ്ധിച്ചതും ഈ വര്‍ഷമാണ്.

രാജ്യാന്തര വിപണിയുടെ പിന്‍ബലത്തില്‍ കേരളത്തിലും സ്വര്‍ണവില ഇന്നലെ വര്‍ദ്ധിച്ചു. 120 രൂപ ഉയര്‍ന്ന് 21,000 രൂപയാണ് ഒരു പവന് വില. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് വില 2,625 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവന് 400 രൂപ നഷ്ടപ്പെടുത്തിയ ശേഷമാണ് സ്വര്‍ണവില തിരിച്ചു കയറിയത്.

രാജ്യാന്തര വില ട്രോയ് ഔണ്‍സിന് നേരിയ വര്‍ദ്ധന കൈവരിച്ചു. ഇന്ത്യ, ചൈന, മറ്റു ചില ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഡിമാന്‍ഡ് ഉയര്‍ന്നതാണ് രാജ്യാന്തര തലത്തില്‍ വില വര്‍ദ്ധനയ്ക്ക് കാരണമായത്.

Scroll To Top