Thursday December 08, 2016
Latest Updates

തെലുങ്കാന സംസ്ഥാനം നിലവില്‍ വന്നു; ചന്ദ്രശേഖര്‍ റാവു സത്യപ്രതിജ്ഞ ചെയ്തു

തെലുങ്കാന സംസ്ഥാനം നിലവില്‍ വന്നു; ചന്ദ്രശേഖര്‍ റാവു സത്യപ്രതിജ്ഞ ചെയ്തു

ഹൈദരാബാദ്: രാജ്യത്തിന്റെ ഇരുപത്തിയൊന്‍പതാമത് സംസ്ഥാനമായി തെലുങ്കാന നിലവില്‍ വന്നു. തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി തെലുങ്കാന രാഷ്ട്രസമിതി നേതാവ് ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണ്ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ റാവുവിന് സത്യവാചകം ചൊല്ലി കൊടുത്തു. 119 അംഗ നിയമസഭയിലെ 63 സീറ്റുകള്‍ നേടിയാണ് ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്രസമിതി അധികാരത്തിലെത്തിയത്.

ഇന്നലെ രാത്രി മുതല്‍ തന്നെ തെലുങ്കാനയിലെങ്ങും ആഹ്ലാദ പ്രകടനങ്ങള്‍ തുടങ്ങിയിരുന്നു. ഇതോടെ ഏറെ പതിറ്റാണ്ടുകള്‍ നീണ്ട തെലുങ്കാന സംസ്ഥാനം എന്നാ ആവശ്യം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഇതോടെ ഐക്യ ആന്ധ്രപ്രദേശ് ചരിത്രമായി. ആന്ധ്ര വിഭജനത്തിലൂടെ രൂപമെടുത്ത മറ്റൊരു സംസ്ഥാനമായ സീമാന്ധ്രയുടെ മുഖ്യമന്ത്രിയായി തെലുങ്കുദേശ പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു ഈ മാസം എട്ടിന് സത്യപ്രതിജ്ഞ ചെയ്യും.

1956 ലാണ് ഐക്യ ആന്ധ്രപ്രദേശ് രൂപമെടുത്തത്. ഇന്ത്യയില്‍ ഭാഷ അടിസ്ഥാനത്തില്‍ രൂപമെടുത്ത ആദ്യ സംസ്ഥാനമായിരുന്നു ആന്ധ്രപ്രദേശ്. 1969 മുതല്‍ പ്രത്യേക തെലുങ്കാന സംസ്ഥാനത്തിനായുള്ള സമരങ്ങള്‍ ആരംഭിച്ചു. തെലുങ്കാനയ്ക്കായുള്ള സമരത്തില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. വിവിധ ഘട്ടങ്ങളിലായി 300 ല്‍ അധികം പേര്‍ക്ക് തെലുങ്കാന സമരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു.

പതിറ്റാണ്ടുകള്‍ നീണ്ട സമരത്തിനൊടുവില്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന ഘട്ടത്തിലാണ് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ അനുമതി നല്‍കിയത്. ആദ്യം രാജ്യസഭയിലും പിന്നീട് ലോക്‌സഭയിലും തെലുങ്കാനയ്ക്ക് അംഗീകാരം ലഭിച്ചു. ഐക്യ ആന്ധ്രയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഡിയുള്‍പ്പെടെ ചില കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം തെലുങ്കാന രൂപീകരണത്തിന് പച്ചക്കൊടി കാണിച്ചത്.

Scroll To Top