Tuesday December 06, 2016
Latest Updates

തെറ്റായ വാതിലിലൂടെ പുറത്തേക്ക് കടന്ന റെയ്‌നെയര്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി

തെറ്റായ വാതിലിലൂടെ പുറത്തേക്ക് കടന്ന റെയ്‌നെയര്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി

ലണ്ടന്‍: തെറ്റായ വാതിലിലൂടെ പുറത്തേക്ക് കടന്ന റെയ്‌നെയര്‍ എയര്‍ലൈന്‍സിലെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ ഒരു മണിക്കൂര്‍ കുടുങ്ങി. ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തിലാണ് സംഭവം. റെയ്‌നെയര്‍ വിമാനത്തില്‍ സ്റ്റാന്‍സ്റ്റെഡില്‍ ഇറങ്ങിയ യാത്രക്കാര്‍ തെറ്റായ വാതിലിലൂടെ പുറത്തേക്ക് കടന്നതിനെ തുടര്‍ന്ന് വീണ്ടും സുരക്ഷാ പരിശോധന വേണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ നിഷ്‌ക്കര്‍ഷിക്കുകയായിരുന്നു. 

ഇതേതുടര്‍ന്ന് യാത്രക്കാര്‍ ഒരു മണിക്കൂര്‍ കൂടി വിമാനത്താവളത്തില്‍ കുടുങ്ങി. ലിസ്ബണില്‍ നിന്ന് വന്ന യാത്രക്കാരാണ് തെറ്റായ വാതിലിലൂടെ പുറത്തേക്ക് ഇറങ്ങിയത്. അതേസമയം പുറത്തേക്ക് കടക്കേണ്ട വാതില്‍ സംബന്ധിച്ച് യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിയിരുന്നതായി റെയ്‌നെയര്‍ വക്താവ് അറിയിച്ചു. കൃത്യമായ നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും യാത്രക്കാര്‍ തെറ്റായ വാതിലൂടെ പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചത് എങ്ങനെ സംഭവിച്ചു എന്നറിയില്ലെന്നും റെയ്‌നെയര്‍ വക്താവ് പറഞ്ഞു. 

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍പോര്‍ട്ട് വക്താവും അറിയിച്ചു. എയര്‍പോര്‍ട്ട് അധികൃതരുടെ അന്വേഷണ നടപടികളുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് റെയ്‌നെയര്‍ എയര്‍ലൈന്‍സും അറിയിച്ചു. അതേസമയം തങ്ങളെ ഒരു മണിക്കൂറിലധികം വിമാനത്താവളത്തില്‍ കുടുക്കിയ സ്റ്റാന്‍സ്റ്റെഡ് അധികൃതര്‍ക്കെതിരെ യാത്രക്കാര്‍ ട്വിറ്ററിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രതിഷേധം അറിയിച്ചു

Scroll To Top