Friday December 09, 2016
Latest Updates

തെരഞ്ഞെടുപ്പ് പ്രവചനം പുസ്തകരൂപത്തില്‍; കേരളത്തില്‍ യുഡിഎഫ് മുന്‍തൂക്കം; രാജഗോപാല്‍ കേന്ദ്രമന്ത്രിയാകും

തെരഞ്ഞെടുപ്പ് പ്രവചനം പുസ്തകരൂപത്തില്‍; കേരളത്തില്‍ യുഡിഎഫ് മുന്‍തൂക്കം; രാജഗോപാല്‍ കേന്ദ്രമന്ത്രിയാകും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രവചനം പുസ്തക രൂപത്തില്‍ പുറത്തിറക്കി മലയാളി ശ്രദ്ധേയനാകുന്നു. തോട്ടക്കാട് എന്‍. ഗോപാലകൃഷ്ണന്‍ നായര്‍ എന്നയാളാണ് തെരഞ്ഞെടുപ്പ് പ്രവചനം പുസ്തക രൂപത്തില്‍ പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ഫലപ്രവചനമാണ് ഗോപാലകൃഷ്ണന്‍ നായര്‍ നടത്തിയിരിക്കുന്നത്. കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കവും ദേശീയ തലത്തില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷവുമാണ് അദ്ദേഹം പ്രവചിക്കുന്നത്.

കേരളത്തില്‍ യുഡിഎഫിന് 11 സീറ്റും എല്‍ഡിഎഫിന് 9 സീറ്റും ഗൂപാലകൃഷ്ണന്‍ നായര്‍ പ്രവചിക്കുന്നു. 1996 മുതല്‍ തെരഞ്ഞെടപ്പ് പ്രവചനം പുസ്തക രൂപത്തില്‍ പുറത്തിറക്കി ശ്രദ്ധേയനായ വ്യക്തിയാണ് ഗോപാലകൃഷ്ണന്‍ നായര്‍. തിരുവനന്തപുരത്ത് നിന്ന് വിജയിച്ചില്ലെങ്കിലും ഒ രാജഗോപാല്‍ ക്യാബിനറ്റ് മന്ത്രിയാകുമെന്ന് ഗോപാലകൃഷ്ണന്‍ നായര്‍ പ്രവചിക്കുന്നു. 38 പേജുള്ള പുസ്തകമാണ് അദ്ദേഹം പുറത്ത് ഇറക്കിയിരിക്കുന്നത്.

ഗോപാലകൃഷ്ണന്‍ നായരുടെ പ്രവചനം അനുസരിച്ച്

യു.ഡി.എഫ് ജയിക്കുന്ന മണ്ഡലങ്ങള്‍: തിരുവനന്തപുരം ശശി തരൂര്‍, മാവേലിക്കര  കൊടിക്കുന്നില്‍ സുരേഷ്, ആലപ്പുഴ കെ.സി. വേണുഗോപാല്‍, എറണാകുളം കെ.വി. തോമസ്, ചാലക്കുടി പി.സി. ചാക്കോ, വയനാട് എം.ഐ. ഷാനവാസ്, പൊന്നാനി  ഇ.ടി. മുഹമ്മദ് ബഷീര്‍, മലപ്പുറം  ഇ. അഹമ്മദ്.
കോട്ടയം ജോസ് കെ. മാണി

ഇടതുമുന്നണി ജയിക്കുന്ന മണ്ഡലങ്ങള്‍

ആറ്റിങ്ങല്‍ എ. സമ്പത്ത്, ആലത്തൂര്‍ പി.കെ. ബിജു, പാലക്കാട് എം.ബി. രാജേഷ്, കാസര്‍കോട്  പി. കരുണാകരന്‍, തൃശൂര്‍ സി.എന്‍. ജയദേവന്‍. സി.പി.എം സ്വതന്ത്രര്‍: പത്തനംതിട്ട പീലിപ്പോസ് തോമസ്, ഇടുക്കി ജോയ്‌സ് ജോര്‍ജ്.

കൊല്ലം, കോഴിക്കോട്, വടകര, കണ്ണൂര്‍ മണ്ഡലങ്ങളിലെ ഫലം പ്രവചനാതീതമാണ്. ഈ മണ്ഡലങ്ങള്‍ ഇടത്തേയ്‌ക്കോ വലത്തേയ്‌ക്കോ ചായാന്‍ സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വടകര, കണ്ണൂര്‍ മണ്ഡലങ്ങളില്‍ വിജയികളുടെ ഭൂരിപക്ഷം 15,000ത്തില്‍ കുറവായിരിക്കുമെന്നും ഗോപാലകൃഷ്ണന്‍ നായര്‍ പ്രവചിക്കുന്നു.

ദേശീയ തലത്തിലെ ഫലം പരിഗണിച്ചാല്‍ ബി.ജെ.പിക്ക്  ഒറ്റയ്ക്ക് 193 സീറ്റുകള്‍ കിട്ടും. എന്‍.ഡി.എയ്ക്ക് 238ഉം കോണ്‍ഗ്രസിന് 103ഉം യു.പി.എയ്ക്ക് 132ഉം ഇടതുകക്ഷികള്‍ക്ക് 21ഉം സീറ്റുകള്‍ ലഭിക്കും. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ശെല്‍വരാജിന്റെ വിജയവും ഭൂരിപക്ഷം ലഭിക്കുന്ന വോട്ടുകളുടെ എണ്ണവും ഗോപാലകൃഷ്ണന്‍ നായര്‍ കൃത്യമായി പ്രവചിച്ചിരുന്നു.

മണ്ഡലങ്ങളില്‍ സഞ്ചരിച്ച് ശേഖരിക്കുന്ന വിവരങ്ങളും വോട്ടര്‍മാരുടെ അഭിപ്രായത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളും വിലയിരുത്തിയാണ് ഗോപാലകൃഷ്ണന്‍ നായര്‍ പ്രവചനം നടത്തുന്നത്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രവചന പുസ്തകത്തിന്റെ 500 കോപ്പികള്‍ പുറത്ത് ഇറക്കിയിട്ടുണ്ട്. നെറ്റ്, ഹയര്‍ സെക്കന്‍ഡറി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കുന്ന പ്രശസ്ത ഗണിത ശാസ്ത്ര അധ്യാപകനായ ഗോപാലകൃഷ്ണന്‍ നായര്‍ തിരുവനന്തപുരം സ്വദേശിയാണ്.

Scroll To Top