Thursday December 08, 2016
Latest Updates

താലയില്‍ സാമൂഹ്യ വിരുദ്ധര്‍ കുതിരയെ ചുട്ടുകൊന്നു

താലയില്‍ സാമൂഹ്യ വിരുദ്ധര്‍ കുതിരയെ ചുട്ടുകൊന്നു

താല: താലയില്‍ ഉപേക്ഷിക്കപ്പെട്ട കുതിരയെ ഒരു സംഘം സാമൂഹ്യ വിരുദ്ധര്‍ തീയിട്ടുകൊന്നു.
ഗുരുതരമായ മുറിവുകളും മരണസമയത്ത് കുതിരയുടെ ദേഹത്തുണ്ടായിരുന്നെന്നും ഇതിനെ പെട്രോള്‍ ഒഴിച്ച് തീ വയ്ക്കുകയായിരുന്നെന്നും ഡബ്ലിന്‍ സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷ്യന്‍ ഓഫ് ക്രുവല്‍റ്റി റ്റു ആനിമല്‍ (ഡിഎസ്പിസിഎ) പറഞ്ഞു.
താലയിലെ ലുവാസ് ലൈനിനു സമീപമാണ് ക്രൂരത അരങ്ങേറിയതെന്ന് സംഘടന അധികൃതര്‍ അറിയിച്ചു. വളരെ ക്രൂരമായ പ്രവര്‍ത്തിയായാണ് സംഭവത്തെ അവര്‍ വിലയിരുത്തിയത്.
ഇതിനു സമീപത്തുണ്ടായിരുന്ന മറ്റ് അഞ്ചു കുതിരകളെ ഗാര്‍ഡയുടെ സഹായത്തോടെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റിയതായും ഡിഎസ്പിസിഎ പറഞ്ഞു.
സാമൂഹ്യ വിരുദ്ധരുടെ ക്രൂരതയില്‍ ഡിഎസ്പിസിഎ അതൃപ്തി രേഖപ്പെടുത്തി. ഇത്രയും ഭീകരമായ മരണത്തെ കുതിരയ്ക്ക് നേരിടേണ്ടിവന്നത് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും ഉപേക്ഷിക്കപ്പെട്ട കുതിരകള്‍ അവഗണിക്കപ്പെടാറാണ് പതിവെന്നും എന്നാല്‍ ഇത്തരം ഒരു ക്രൂരത നടക്കുന്നത് ആദ്യമായാണെന്നും ഡിഎസ്പിസിഎ തലവന്‍ ബ്രിയാന്‍ ഗില്ലാന്‍ പറഞ്ഞു.
തലസ്ഥാനത്തു അലഞ്ഞുതിരിയുന്ന കുതിരകളുടെ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്നും ബ്രിയാന്‍ ഗില്ലാന്‍ ആവശ്യപ്പെട്ടു.
അലഞ്ഞു തിരിയുന്ന കുതിരകള്‍ക്ക് സുരക്ഷിതമായ സ്ഥലം നല്‍കി ഇത്തരം ക്രൂരകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ എല്ലാ ലോക്കല്‍ അതോറിറ്റികളും ശ്രദ്ധിക്കണമെന്നും ബ്രിയാന്‍ കൂട്ടിച്ചേര്‍ത്തു.
കുതിരയെ ചുട്ടുകൊന്നതുമായി ബന്ധപ്പെട്ട് ഗാര്‍ഡ അന്വേഷണം ആരംഭിച്ചു.

Scroll To Top