Wednesday December 07, 2016
Latest Updates

താലയിലെ ജൂനിയര്‍ ഡോക്ടറെ ആത്മഹത്യയിലേക്ക് നയിച്ചത് ‘ അമിത പ്രവര്‍ത്തിസമയം’

താലയിലെ ജൂനിയര്‍ ഡോക്ടറെ ആത്മഹത്യയിലേക്ക് നയിച്ചത് ‘ അമിത പ്രവര്‍ത്തിസമയം’

താല: താല ആശുപത്രിയിലെ ആത്മഹത്യ ചെയ്ത ജൂനിയര്‍ ഡോക്ടറെ മരണത്തിലേക്ക് നയിച്ചത് അമിത ജോലിസമയമാണെന്ന് അമ്മ. നിയമവിരുദ്ധമായ അധിക സമയമാണ് ഇവിടെ ആരോഗ്യമേഖലയിലെ സ്റ്റാഫുകള്‍ക്ക് ജോലിചെയ്യേണ്ടി വരുന്നത്. മരിച്ച ജൂനിയര്‍ ഡോക്ടറുടെ ഡ്യൂട്ടി ടൈം ആഴ്ച്ചയില്‍ 95മണിക്കൂര്‍ ആയിരുന്നതായി ഡോക്ടറുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

ജൂനിയര്‍ ഡോക്ടറായ 29കാരി ജസ്സിക്ക മര്‍ഫിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അന്വേഷണം.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനാണ് ജസിക്കയെ ഡബ്ലിനിലെ താലയിലുള്ള എക്‌സ്‌ചേഞ്ച് ഹാളിലെ അപ്പാര്‍ട്‌മെന്റില്‍ അബോധാവസ്ഥയില്‍ കണ്ടത്. താല ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ജസീക്ക മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. താല ആശുപത്രിയില്‍ ന്യൂറോളജി വിഭാഗത്തില്‍ ജൂനിയര്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു ജസീക്ക.
അമിതമായി ആന്റിഡിപ്രസന്റ് മരുന്നുകള്‍ ഉപയോഗിച്ചതാണ് ജസീക്കയുടെ മരണകാരണമായതെന്ന് ഡബ്ലിന്‍ കോര്‍ണര്‍സ് കോടതിക്കുമുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.
ആഴ്ച്ചയില്‍ 95മണിക്കൂറോളം അവള്‍ക്ക് ജോലിചെയ്യേണ്ടി വന്നിരുന്നതായി ജസീക്കയുടെ രക്ഷിതാക്കള്‍ കോടതിയെ ധരിപ്പിച്ചു. വളരെ അധികം മാനസിക സംഘര്‍ഷം തങ്ങളുടെ മകള്‍ അനുഭവിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട്ജസീക്കയുടെ അമ്മ മരിയന്‍ മര്‍ഫി പറഞ്ഞു.
കോര്‍ക്കിലുള്ള ഓവന്‍സില്‍ ഉള്ള ജസീക്ക മൂര്‍ഫി തന്റെ 17ാം വയസ്സുമുതല്‍ തന്നെ വിഷാദ രോഗിയായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
എന്നാല്‍ അവളുടെ പ്രശ്‌നങ്ങള്‍ ആരുമായും പങ്കുവെക്കാന്‍ അവള്‍ താല്‍പര്യപ്പെട്ടില്ലെന്നും ഇന്‍സോമിനിയ എന്ന രോഗം പിടിപെട്ടെങ്കിലും ഡോക്ടറെ കാണാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും ജസീക്കയുടെ അച്ഛന്‍ മാറ്റ് മര്‍ഫി പറഞ്ഞു.
2012 ജൂലായ് മുതലാണ് ജസീക്ക താല ആശുപത്രിയില്‍ ജോലിക്ക് ചേര്‍ന്നത്. പിന്നീട് അവള്‍ തന്റെ ജോലിയില്‍ വളരെയധികം സന്തോഷിക്കുകയും ആശുപത്രിയുമായി പൊരുത്തപ്പെടുകയും ചെയ്തുവെന്ന് മാറ്റ് മര്‍ഫി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വളരെ അധികമായി ജോലി ചെയ്തതു കൊണ്ട് തന്നെ അവളുടെ ഇന്‍സോമ്‌നിയ എന്ന അവസ്ഥ കൂടുതലാവുകയായിരുന്നുവെന്നും മാറ്റ് പറഞ്ഞു.
ജസീക്ക അന്നേ ദിവസം അമിതമായി ഉറക്ക ഗുളികകളും ആന്റി ഡിപ്രസന്റ് മരുന്നുകളും ഉപയോഗിച്ചിരുന്നിരിക്കാമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
ജസീക്കയുടെ വിവരങ്ങള്‍ ലഭിക്കാതെ അന്വേഷിച്ചു പോയ രക്ഷിതാക്കള്‍ തന്നെയാണ് മകളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന താല ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
അമിതമായ ജോലിസമയം നിമിത്തം തങ്ങളുടെ മകള്‍ക്ക് ഉറങ്ങാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ലെന്നും ജസീക്കയുടെ രക്ഷിതാക്കള്‍ പറയുന്നു.
ജസീക്കയെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞത് ജസീക്കയ്ക്ക് തന്റെ ജോലിയോട് വിരക്തി തോന്നുകയും പിരിഞ്ഞുപോകാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ്. എന്നാല്‍ അവര്‍ ആശുപത്രി അധികൃതര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നില്ല.
അമിതമായ മരുന്ന് അകത്തുചെന്നതുതന്നെയാണ് മരണകാരണമായതെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യുന്നതായി കാണിച്ച് കുറിപ്പൊന്നും ഇവിടെനിന്നും ലഭിച്ചിട്ടില്ല.
ഇപ്പോള്‍ പുതുതായി ജോലിസമയത്തിനെതിരായി നടന്ന സമര പ്രതിഷേധങ്ങളില്‍ ദമ്പതികള്‍ ആശ്വാസം പ്രകടിപ്പിച്ചു. അമിതമായ സമയം ജോലി ചെയ്യുന്നത് ഒരാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷമായി ബാധിക്കുമെന്നും അവര്‍ പറയുന്നു.

Scroll To Top