Tuesday December 06, 2016
Latest Updates

താലയിലെ ജങ്കികളെ ഭയന്ന് നാടുവിട്ട അമ്മയ്ക്കും മക്കള്‍ക്കും ഹോട്ടല്‍ മുറിയില്‍ സൗജന്യ താമസം വാഗ്ദാനം ചെയ്ത് സ്വകാര്യ വ്യക്തി രംഗത്ത്

താലയിലെ ജങ്കികളെ ഭയന്ന് നാടുവിട്ട അമ്മയ്ക്കും മക്കള്‍ക്കും ഹോട്ടല്‍ മുറിയില്‍ സൗജന്യ താമസം വാഗ്ദാനം ചെയ്ത് സ്വകാര്യ വ്യക്തി രംഗത്ത്

ഡബ്ലിന്‍: താലയിലെ ജങ്കികളെ ഭയന്ന് നാട് വിട്ടതിനെ തുടര്‍ന്ന് പെരുവഴിയിലായ യുവതിയുടെയും മൂന്ന് മക്കളുടെയും ദുരവസ്ഥ ഇന്നലെ ഐറിഷ് മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. താലയിലെ കൌണ്‍സില്‍ വീഡ് ഉപേക്ഷിച്ച് ഡബ്ലിനില്‍ എത്തിയ സബ്രിന മക്മാഹോണ്‍, മക്കളായ അഞ്ചു വയസുകാരന്‍ കാള്‍, 3 വയസുകാരി ചെല്‍സിയ 2 വയസുകാരി മൈക്കല എന്നിവരാണ് പെരുവഴിയിലായത്. ഡബ്ലിനില്‍ സാങ്കേതിക കാരണം പറഞ്ഞു കൌണ്‍സില്‍ വീട് നിഷേധിക്കപ്പെട്ട ഈ അമ്മയ്ക്കും മക്കള്‍ക്കും ഒരു സ്വകാര്യ വ്യക്തി ഹോട്ടലില്‍ താമസ സൗകര്യം ചെയ്യാമെന്ന് വാഗ്ദാനം നല്കി.

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം മാറിമാറി താമസിക്കുകയായിരുന്ന സബ്രിന ഇപ്പോള്‍ തെരുവില്‍ കാറിനുള്ളിലാണ് കഴിയുന്നത്. ഈ അമ്മയുടെയും മക്കളുടെയും ദുരവസ്ഥ മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞ സ്വകാര്യ വ്യക്തി ഇവര്‍ക്ക് സഹായഹസ്തം നീട്ടുകയായിരുന്നു. ഡബ്ലിനിലെ ഹോട്ടലില്‍ ഒരു മാസത്തേയ്ക്കാണ് അമ്മയ്ക്കും മക്കള്‍ക്കും താമസ സൗകര്യം ഒരുക്കുന്നത്. ഇതിന്റെ എല്ലാ ചെലവും ഇയാള്‍ വഹിക്കും. ഭര്‍ത്താവ് ഉപേക്ഷിച്ച സബ്രിനയുടെ കഥന കഥ മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് സഹായം ലഭിച്ചത്.

എന്നാല്‍ സഹായം വാഗ്ദാനം ചെയ്ത ആളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഹോട്ടലില്‍ താമസിക്കാന്‍ സാമ്പത്തിക സഹായം ലഭിച്ചത് താല്ക്കാലിക ആശ്വാസമാണെന്ന് സബ്രിന പ്രതികരിച്ചു. ഇതോടെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള ഓട്ടം അവസാനിച്ചതിന്റെ ആശ്വാസത്തിലാണ് മക്കളും.

Scroll To Top