Saturday December 03, 2016
Latest Updates

താലയിലെ ഇന്ത്യക്കാരന്റെ ടാക്‌സി കാര്‍ തട്ടിയെടുക്കാനുള്ള ശ്രമം വിഫലമായി 

താലയിലെ ഇന്ത്യക്കാരന്റെ ടാക്‌സി കാര്‍ തട്ടിയെടുക്കാനുള്ള ശ്രമം വിഫലമായി 

താല: താലയില്‍ ഇന്ത്യക്കാരന്റെ കാര്‍ തട്ടിയെടുക്കാന്‍ ശ്രമം. പ്രഭ്ജീത് സിംഗ് എന്ന ഇന്ത്യന്‍ ടാക്‌സി ഡ്രൈവറുടെ കാര്‍ തട്ടിയെടുക്കാനാണ് ശ്രമം നടന്നത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം നടന്നത്. താലയിലെ കില്‍ട്ടിപ്പാര്‍ റോഡില്‍ വച്ച് കാറില്‍ കയറിയവരാണ് പ്രഭ്ജീത് സിംഗിനെ(28) അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഒരാള്‍ ഇരുപത് വയസ് തോന്നിക്കുന്ന ചെറുപ്പക്കാരനും മറ്റ് രണ്ട് പേര്‍ അതിലും പ്രായം കുറഞ്ഞവരുമായിരുന്നു.സിറ്റി സെന്ററിലേക്ക് പോകാന്‍ എന്ന് പറഞ്ഞാണ് മൂവര്‍ സംഘം കാറില്‍ കയറിയത്. തുടര്‍ന്ന് സെന്റ് ജെയിംസ് ആശുപത്രിയുടെ ദിശയിലേക്ക് കാര്‍ തിരിക്കാന്‍ ആവശ്യപ്പെട്ടു.

ഇത് പ്രകാരം പ്രഭ്ജീത് ജെയിംസ് സ്ട്രീറ്റിലേക്ക് കാര്‍ തിരിച്ചു. തുടര്‍ന്ന് ഇടതു വശത്തേക്കുള്ള വഴിയിലേക്ക് തിരിയാന്‍ മൂവര്‍ സംഘം ആവശ്യപ്പെട്ടു. ഇതോടെ തനിക്ക് ഭയമായെന്ന് പ്രഭ്ജീത് സിംഗ് പറഞ്ഞു. കാര്‍ തിരിക്കാന്‍ വിസമ്മതിച്ചതോടെ പിന്‍സീറ്റില്‍ ഇരുന്ന ഒരാള്‍ തന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും മുന്നിലിരുന്നയാല്‍ തന്റെ കൈകള്‍ ബലമായി ബന്ധിച്ച് പിടിക്കുകയും ചെയ്തു. തുടര്‍ന്ന് തന്നോട് കാറില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ ഈ കാര്‍ കൊണ്ടുപോകുകയാണെന്നും അക്രമി സംഘം പറഞ്ഞതായി പ്രഭ്ജീത് സിംഗ് വിവരിച്ചു. ഇത്രയുമായപ്പോള്‍ താന്‍ താക്കോല്‍ എടുത്ത് കാറില്‍ നിന്ന് ഉടന്‍ തന്നെ ഇറങ്ങി ഓടിയതായി പ്രഭ്ജീത് സിംഗ് പറഞ്ഞു.

ജെയിംസ് സ്ട്രീറ്റിലേക്കാണ് പ്രഭ്ജീത് സിംഗ് ഓടിയത്.ഇതോടെ അക്രമികളുടെ പദ്ധതി തകര്‍ന്നുപോയി . ഇതിനിടെ ഡ്രൈവിംഗ് സീറ്റില്‍ അതിക്രമിച്ച് കടന്ന് ഇരുന്ന അക്രമികളില്‍ ഒരുവന്‍ താക്കോലിനായി ആക്രോശിക്കുന്നുണ്ടായിരുന്നുവെന്ന് പ്രഭ്ജീത് സിംഗ് പറഞ്ഞു.

ഫോണ്‍ വാഹനത്തില്‍ ആയിരുന്നതിനാല്‍ അവിടെ കണ്ട ഒരു ചൈനക്കാരനോട് സഹായം അഭ്യര്‍ഥിച്ച് അയാളുടെ ഫോണില്‍ നിന്നും ഗാര്‍ഡയെ വിളിച്ചു.ഗാര്‍ഡ വരുന്നത് കണ്ട ആക്രമി സംഘം ഓടി രക്ഷപെട്ടുകളഞ്ഞു.ടാക്‌സിയില്‍ ഉണ്ടായിരുന്ന വാലറ്റും മൊബൈല്‍ ഫോണും അക്രമികള്‍ കാണാഞ്ഞതിനാല്‍ തിരിച്ചു കിട്ടി 

താക്കോലുമായി ഇറങ്ങി ഓടാന്‍ തോന്നിയത് കൊണ്ട് മാത്രമാണ് തന്റെ ജീവന്‍ അപായപ്പെടാതെ രക്ഷപെട്ടതെന്നു പ്രഭ്ജീത് സിംഗ് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ താലയില്‍ കാര്‍ മോഷണം വര്‍ദ്ധിച്ചിരിക്കുകയാണ്.പ്രധാനമായും ടാക്‌സി കാറുകളെയാണ് അക്രമികള്‍ ലക്ഷ്യം വയ്ക്കുന്നത്.

Scroll To Top