Wednesday December 07, 2016
Latest Updates

താര സുന്ദരിയെ ബലാത്സംഗം ചെയ്ത മൈക്ക് ടൈസന് അയര്‍ലണ്ടില്‍ വിലക്ക് ഏര്‍പ്പെടുത്തി

താര സുന്ദരിയെ ബലാത്സംഗം ചെയ്ത മൈക്ക് ടൈസന് അയര്‍ലണ്ടില്‍ വിലക്ക് ഏര്‍പ്പെടുത്തി

ഡബ്ലിന്‍ :ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യന്‍ മൈക്ക് ടെസന് അയര്‍ലണ്ടില്‍ വരുന്നതില്‍ നിന്നും വിലക്ക്. റേപ് കേസില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ അയര്‍ലണ്ടിലേക്കുള്ള പ്രവേശനം ടൈസന് നഷ്ടമായിരിക്കുന്നത്.MIKETY

ഐറിഷ് ഇമിഗ്രേഷന്‍ നിയമം അനുസരിച്ച് ഏതെങ്കിലും നോണ്‍ ഇ യൂ പൗരന്‍ 12 മാസത്തില്‍ കൂടുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെങ്കില്‍ അയാളെ അയര്‍ലണ്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കാറില്ല.

അമേരിക്കയിലെ കൗമാരക്കാരിയായ ഡിസയര്‍ വാഷിംഗ്ടണ്‍ എന്ന താര സുന്ദരിയെ ഹോട്ടല്‍ മുറിയിലേയ്ക്ക് ക്ഷണിച്ചു പീഡിപ്പിച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട മൈക്ക് ടൈസന്‍ 12 മാസത്തില്‍ കൂടുതല്‍ അമേരിക്കന്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

1992ലാണ് കേസ് കോടതിയില്‍ വിചാരണയ്‌ക്കെത്തിയതും ടൈസന്‍ ശിക്ഷിക്കപ്പെട്ടതും. എന്നാല്‍ പീഡനക്കേസില്‍ 12 മാസത്തില്‍ കൂടുതല്‍ ശിക്ഷ അനുഭവിച്ചെങ്കിലും ടൈസന് ഇന്നും അയര്‍ലണ്ടില്‍ ആരാധകരുണ്ട്. കാരണം അടുത്തവര്‍ഷം മാര്‍ച്ചില്‍ ടൈസനെ പങ്കെടുപ്പിച്ചുകൊണ്ട് ഡബ്ലിന്‍ ഒളിമ്പ്യ തിയേറ്ററില്‍ വച്ച് നടത്താന്‍ തീരുമാനിച്ച വണ്‍മാന്‍ ഷോയുടെ മുന്‍ നിര ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റുതീര്‍ന്നത്. പക്ഷേ ഇതിന്റെ സംഘാടകര്‍ അയര്‍ലണ്ടിലെ ഇമിഗ്രേഷന്‍ നിയമങ്ങളെക്കുറിച്ച് ആ സമയത്ത് ഓര്‍ത്തതേയില്ലെന്നുവേണം കരുതാന്‍.

ഡബ്ലിനില്‍ ഇറങ്ങുന്നതില്‍ നിന്നും മൈക്ക് ടൈസന്‍ വിലക്കപ്പെട്ടേക്കും എന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ .എന്നാല്‍ തങ്ങള്‍ വ്യക്തിപരമായ കേസുകളെ ഇപ്പോള്‍ വിശദീകരിക്കാന്‍ നില്‍ക്കുന്നില്ലെന്നും പക്ഷേ ഐറിഷ് നിയമം നടപ്പിലാക്കിയേ മതിയാകൂ എന്നും നിയമവിഭാഗം വക്താവ് അറിയിച്ചു.

ടൈസണ്‍ 12 മാസത്തില്‍ കൂടുതല്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ ഇപ്പോള്‍ രാജ്യത്തിലേക്കുള്ള പ്രവേശനം നിഷേധിക്കാനേ സാധിക്കുകയുള്ളൂവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.കൊക്കെയിന്‍ കൈവശം വച്ചതിനും ടൈസനെതിരായി കേസ് നിലവിലുണ്ട്.

ഇമിഗ്രേഷന്‍ വിഭാഗം അധികൃതരാണ് അവസാന തീരുമാനം എടുക്കേണ്ടതെന്നാണ് നിയമ വക്താവ് അറിയിക്കുന്നത്.
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പ്രവേശിക്കുന്നതില്‍ നിന്നും മൈക്ക് ടൈസനെ വിലക്കുമെന്നും വക്താവ് പറയുന്നു. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒളിമ്പ്യ വണ്‍മാന്‍ഷോയ്ക്ക് വേണ്ടിയാണ് അയര്‍ലണ്ടിലേക്ക് വരാന്‍ ടൈസണ്‍ തീരുമാനിച്ചത്.

165 യൂറോയ്ക്കും അതിനുമുകളിലും പണം തന്നാണ് ആളുകള്‍ മുന്‍നിര ടിക്കറ്റുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. ആരാധകര്‍ക്ക് ടൈസനെ കാണാനും ആട്ടോഗ്രാഫ് വാങ്ങിക്കാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും ഒക്കെയുള്ള സൗകര്യവും സംഘാടകര്‍ ഒരുക്കിയിരുന്നു.

അയര്‍ലണ്ടിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്ത ബോക്‌സിംഗ് താരത്തിന് വലിയൊരു അടിയായി മാറിയിരിക്കുകയാണ്.
യുകെ ഇമിമേഗ്രേഷന്‍ നിയമം കഴിഞ്ഞ ഡിസംബറില്‍ മാറ്റിയതിന്റെ അടിസ്ഥാനത്തില്‍ ഈ ആഴ്ച്ച ലണ്ടനില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ടൈസന് കഴിയും. യുകെയിലും ഇമിഗ്രേഷന്‍ നിയമം അനുസരിച്ച് ഒരു വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചാലായിരുന്നു രാജ്യത്ത് പ്രവേശനം നിഷേധിക്കുക. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ഒരു വര്‍ഷം എന്നതു മാറ്റി 4 വര്‍ഷം എന്നാക്കിയിരിക്കുകയാണ്. അതുകൊണ്ട് ടൈസന് ലണ്ടനില്‍ പ്രവേശിക്കുന്നതില്‍ പ്രശ്‌നവുമില്ല.

എന്നാല്‍ ഐറിഷ് ഇമിഗ്രേഷന്‍ നിയമം ഇത്രയും ശക്തമായി നില്‍ക്കുന്നിടത്തോളം കാലം ടൈസന്‍ ഡബ്ലിനില്‍ ഇറങ്ങിയ ഉടനെ തിരികെപ്പോകേണ്ടിവരുമെന്നാണ് സൂചന. അതൊഴിവാക്കണമെങ്കില്‍ വരാതിരിക്കുകയാവും താരത്തിന് നല്ലത്. ഏതായാലും സംഘാടകര്‍ ഇപ്പോള്‍ പുലിവാലു പിടിച്ച സ്ഥിതിയിലാണ്. നിയമ വകുപ്പിന്റെയും ഇമിഗ്രേഷന്‍ അധികൃതരുടെയും അവസാന തീരുമാനത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.

Scroll To Top