Sunday December 04, 2016
Latest Updates

താനൂരില്‍ റോഡില്‍ പൊലിഞ്ഞ ജീവിതങ്ങള്‍

താനൂരില്‍ റോഡില്‍ പൊലിഞ്ഞ ജീവിതങ്ങള്‍

കോഴിക്കോട് :ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങളുടെ ഇടയിലകപ്പെട്ട് നൂറുകണക്കിന് ആളുകളാണ് പ്രതിമാസം അകാലത്തില്‍ പൊലിഞ്ഞുപോകുന്നത്. സ്വയം വരുത്തിവയ്ക്കുന്ന ഇത്തരം അപകടങ്ങളില്‍ നഷ്ടമാകുന്നത് ചിലപ്പോള്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയാവാം.

ഇന്നലെ ഒറ്റ ദിവസം കൊണ്ട് താനൂരില്‍ കൊല്ലപ്പെട്ടത് 8 പേരാണ്. താനൂരില്‍ ഇതുവരെ സംഭവിച്ചതില്‍ ഏറ്റവും വലിയ ദുരന്തമായിരുന്നു അത്.

ബന്ധുവിന്റെ കല്യാണ സദ്യ ഉണ്ട് തിരികെ വരുന്ന ഒരേ കുടുംബത്തിലെ എട്ട് പേർ സഞ്ചരിച്ചിരുന്ന ഓട്ടോയിലേക്ക് കോഴിക്കോട് നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശത്ത് വച്ചാണ് അപകടം. ഉടന്‍ ഓടിയെത്തിയ നാട്ടുകാര്‍ ആദ്യം പകച്ചു നില്‍ക്കുകയാണ് ചെയ്തത്. ഓട്ടോയുടെ അവസ്ഥ അത്ര പരിതാപകരമായിരുന്നു.

ഓട്ടോ വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുത്ത് പെട്ടെന്ന് തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പക്ഷെ, അവിടെ വച്ച് തന്നെ രണ്ടു ജീവനുകള്‍ ഈ ലോകവാസം വെടിഞ്ഞിരുന്നു.

പ്രദേശവാസികള്‍ക്ക് മുഴുവന്‍ തലവേദന സൃഷ്ടിക്കാറുള്ള ബസ് ആണ് അപകടം വരുത്തി വച്ചിരിക്കുന്നത്. അമിത വേഗം കാരണം ഇതിനു മുന്‍പും പല ജീവനും ഈ സ്വകാര്യ ബസ് അപകടപ്പെടുത്തിയിട്ടുണ്ട്. ജനരോഷം തടയാന്‍ അവിടെ കൂടിയിരുന്ന പോലീസുകാര്‍ക്കും സാധിച്ചില്ല. പ്രദേശം സംഘര്‍ഷഭരിതമായി. നാട്ടുകാര്‍ ബസിനു തീയിട്ടു.

ബസിന്റെ അമിതവേഗം തന്നെയാണ് അപകട കാരണം. എന്നാല്‍, അപകടം ഇത്രയും കടുപ്പമാകാന്‍ ഇരുഭാഗത്തും തെറ്റ് പറ്റിയിട്ടുണ്ട്. മൂന്ന് പേര്‍ക്ക് കയറാവുന്ന ഓട്ടോയില്‍ എട്ട് പേര്‍ തിങ്ങിയിരുന്നാണ് യാത്ര ചെയ്തത്. മരണ സംഖ്യ കൂടാനും ഇത് കാരണമായി.

അപകടം വരുത്തിവച്ച ബസിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും ആര്‍ടിഒ റദ്ദാക്കി. എത്രമാത്രം ശ്രദ്ധ ചെലുത്തിയാലും നിയമങ്ങള്‍ കര്‍ശനമാക്കിയാലും പലപ്പോഴും റോഡുകള്‍ കുരുതിക്കളമാകാറുണ്ട്. ഇത് തടയാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും വില്ലനാകുന്നത് അമിതവേഗവും ശ്രദ്ധക്കുറവും ആണ്. അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ വാഹനമോടിക്കുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും സമാധാനത്തില്‍ സഞ്ചരിക്കാം.

Scroll To Top