Saturday December 03, 2016
Latest Updates

തന്റെ ജീവിതവും പ്രവര്‍ത്തനവും തുറന്ന പുസ്തകമെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ മന്‍മോഹന്‍ സിംഗ്, രാജി 12.45 ന്

തന്റെ ജീവിതവും പ്രവര്‍ത്തനവും തുറന്ന പുസ്തകമെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ മന്‍മോഹന്‍ സിംഗ്, രാജി 12.45 ന്

ന്യൂഡല്‍ഹി: തന്റെ ജീവിതവും പ്രവര്‍ത്തനവും തുറന്ന പുസ്തകമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജിക്ക് മുന്നോടിയായി രാഷ്ട്രത്തോടുള്ള വിടവാങ്ങല്‍ പ്രസംഗത്തിലാണ് മന്‍മോഹന്‍ സിംഗ് ഇത് പറഞ്ഞത്. ഇത്രയും നാള്‍ രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. രാജ്യത്തെ വികസനത്തിലേക്ക് നയിച്ചു. പ്രധാനമന്ത്രി സ്ഥാനമില്ലെങ്കിലും ഇനിയും രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. രാജിക്ക് മുന്നോടിയായി മന്‍മോഹന്‍ സിംഗ് മന്ത്രിസഭയുടെ അവസാന മന്ത്രിസഭാ യോഗം ചേര്‍ന്നു. 12.45 ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് അദ്ദേഹം രാജിക്കത്ത് നല്‍കും.

ലോകം അറിയുന്ന സാമ്പത്തിക വിദഗ്ദനായ മന്‍മോഹന്‍ സിംഗ് കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം സമ്മാനിച്ച പ്രധാനമന്ത്രി എന്ന ചീത്തപ്പേരുമായാണ് പടിയിറങ്ങുന്നത്. പത്ത് വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിന് ശേഷം രാഹുല്‍ ഗാന്ധിക്ക് വഴിയൊരുക്കി മാറി നില്‍ക്കാനായിരുന്നു മന്‍മോഹന്‍ സിംഗിന്റെ ദൌത്യം. എന്നാല്‍ രാഹുലിന്റെ പ്രധാനമന്ത്രി മോഹങ്ങള്‍ അസ്തമിപ്പിച്ച് അത്യുജ്ജ്വല പ്രകടനമാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ കാഴ്ചവച്ചത്. 30 വര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് കേന്ദ്രത്തില്‍ ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചത്.

പരാജയത്തിന്റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുമ്പോഴും മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ ഇനി ഏറെ പഴി കേള്‍ക്കേണ്ടി വരും. പാവപ്പെട്ടവര്‍ക്കുള്ള സബ്‌സിഡികള്‍ വെട്ടിച്ചുരുക്കിയതും ഇന്ധന വില നിയന്ത്രണം എണ്ണക്കമ്പനികളെ എല്‍പ്പിച്ചതും ഉള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായ സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ മന്‍മോഹന്‍ സിംഗും അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് സി രംഗരാജനും കൂടി അവതരിപ്പിച്ചവയായിരുന്നു.

Scroll To Top