Thursday December 08, 2016
Latest Updates

തട്ടിപ്പില്‍ നൈജീരിയക്കാരെ അനുകരിച്ച് മലയാളിയും; സഹകരണബാങ്ക് ജീവനക്കാരന്‍ ജാര്‍ക്കണ്ഡ് പൊലീസിന്റെ പിടിയില്‍

തട്ടിപ്പില്‍ നൈജീരിയക്കാരെ അനുകരിച്ച് മലയാളിയും;  സഹകരണബാങ്ക് ജീവനക്കാരന്‍ ജാര്‍ക്കണ്ഡ് പൊലീസിന്റെ പിടിയില്‍

കോഴിക്കോട്: ലോട്ടറിയടിച്ചെന്ന സന്ദേശം പ്രചരിപ്പിച്ച് തട്ടിപ്പു നടത്തുന്ന നൈജീരിയന്‍ മോഡല്‍ കേരളത്തിലും. ഓണ്‍ലൈന്‍ ലോട്ടറിത്തട്ടിപ്പ് നടത്തിയതിന് കോഴിക്കോട് മുക്കം സ്വദേശിയെ ജാര്‍ഖണ്ഡ് പോലീസാണ് കേരളത്തില്‍ നിന്നു പിടികൂടിയത്. മുക്കം സര്‍വീസ് സഹകരണബാങ്കിലെ ജീവനക്കാരന്‍ കൊടിയത്തൂര്‍ കോട്ടമ്മല്‍ മാളിയേത്തറക്കല്‍ മുഷ്താഖ് റഹ്മാനെയാണ് (30) ബുധനാഴ്ച രാത്രി ജംഷേദ്പുര്‍ സാക്കി പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. കമല്‍ നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ചെയ്തത്.

മുഷ്താഖ് ഇന്റര്‍നെറ്റ് വഴി ശേഖരിച്ച ഫോണ്‍നമ്പറുകളിലേക്ക് വന്‍തുക ലോട്ടറിയടിച്ചതായുള്ള സന്ദേശങ്ങള്‍ അയച്ചാണ് പണം തട്ടിയത്. ജാര്‍ഖണ്ഡിലെ ജംഷേദ്പുര്‍ സ്വദേശിനി ജി. മധുരിയ നല്‍കിയ പരാതിയില്‍ അറസ്റ്റ് വാറന്‍ഡുമായെത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ്‌ചെയ്തത്. മധുരിയയ്ക്ക് രണ്ട് ലക്ഷംരൂപ ലോട്ടറി അടിച്ചിട്ടുണ്ടെന്നും തുക ലഭ്യമാക്കാനുള്ള പ്രാരംഭ നടപടികള്‍ക്കായി ഒരുലക്ഷംരൂപ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും ഇയാള്‍ ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു.

ഇതുപ്രകാരം രണ്ട് തവണയായി 50,000 രൂപ വീതം മധുരിയ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. മുഷ്താഖ് റഹ്മാന്റെ പേരിലുള്ള 30341112964 നമ്പര്‍ അക്കൗണ്ടിലും ഭാര്യ ഷബ്‌നയുടെ പേരിലുള്ള 20069761728 നമ്പര്‍ അക്കൗണ്ടിലുമാണ് പണമിട്ടത്. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കി. അക്കൗണ്ട് നമ്പറുകള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. കോയമ്പത്തൂര്‍ സ്വദേശിയായ മറ്റൊരാളും തട്ടിപ്പിന് കൂട്ടുനിന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം, കൊടുവള്ളി സ്വദേശിയായ കടക്കാരന് ജാര്‍ഖണ്ഡില്‍നിന്ന് പണം ലഭിക്കാനുള്ളതിനാല്‍ തന്റെ അക്കൗണ്ട് നമ്പര്‍ നല്‍കിയിരുന്നതായി മുഷ്താഖ് പോലീസിനോടു പറഞ്ഞു. താമരശ്ശേരി കോടതില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അടുത്തദിവസം ജാര്‍ഖണ്ഡിലേക്ക് കൊണ്ടുപോകും. വഞ്ചനാക്കുറ്റവും സൈബര്‍ കേസും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തേ നൈജീരിയക്കാര്‍ നടത്തിയ സമാനമായ തട്ടിപ്പിന് ഒട്ടേറെ മലയാളികള്‍ ഇരയായിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരാള്‍ ഇത്തരത്തില്‍ തട്ടിപ്പു നടത്തി പിടിയിലാകുന്നത് ഇതാദ്യമാണ്.

Scroll To Top