Friday December 09, 2016
Latest Updates

തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാരെ മോചിപ്പിക്കാന്‍ ശ്രമം,കൊല്ലപ്പെട്ടിരിക്കാമെന്നും റിപ്പോര്‍ട്ട് 

തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാരെ മോചിപ്പിക്കാന്‍ ശ്രമം,കൊല്ലപ്പെട്ടിരിക്കാമെന്നും റിപ്പോര്‍ട്ട് 

ബാഗ്ദാദ്:ഇറാഖില്‍ ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ ബന്ദികളാക്കിയ ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് സൗദി അറേബ്യയുടെ സഹായം തേടുന്നുവെന്ന് റിപ്പോര്‍ട്ട്. മികച്ച സൗഹൃദം പങ്കിടുന്ന ഇന്ത്യയും സൗദി തമ്മില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട് 

ഇറാഖിലെ സുന്നി വിഭാഗമായുള്ള സൗദിയുടെ ബന്ധം ഉപയോഗിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

മൊസൂളിലെ രണ്ട് സ്ഥലങ്ങളിലായാണ് ഇന്ത്യക്കാരെ ബന്ദികളാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

തട്ടികൊണ്ട് പോയവരെ കുറിച്ചുള്ള വിവരം ലഭ്യമല്ലാത്തതിനാല്‍ അവരുടെ മോചനം പ്രായോഗികമല്ലെന്ന് ഇറാഖ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മൊസൂള്‍, തിക്രിത്ത് എന്നീ നഗരങ്ങള്‍ പിടിച്ചടക്കിയ ഐ.എസ്.ഐ.എസ് പോരാളികള്‍ തുര്‍ക്കിയടക്കം നിരവധി രാജ്യങ്ങളിലെ പൗരന്മാരെ ബന്ദിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.അതേസമയം ഇറാഖിലെ മൊസൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരില്‍ 39 പേരെ സുന്നി ഭീകരര്‍ കൊലപ്പെടുത്തിയെന്നു സംശയമുള്ളതായി പറയപ്പെടുന്നു.ഒരു പ്രമുഖ ദിനപത്രം ഇതുസംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടു. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ കമ്പനിയായ താരിഖ് നൂര്‍ അല്‍ഹൂദയിലെ ഉദ്യോഗസ്ഥരെ അധീകരിച്ചാണത്.

അല്‍ ഹൂദ അധികൃതര്‍ നല്‍കിയ ബംഗ്ലാദേശ് സ്വദേശിയുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ തൊഴിലാളികള്‍ വധിക്കപ്പെട്ടിരിക്കാനുള്ള സാധ്യതകള്‍ വെളിപ്പെട്ടതായും പറയപ്പെടുന്നു. എന്നാല്‍ തൊഴിലാളികള്‍ കുര്‍ദിസ്ഥാനിലെ എര്‍ബിലില്‍ സുരക്ഷിതരാണ് എന്ന് കമ്പനിയുടെ മുന്‍പത്തെ മുതലാളിയുടെ ഭാഷ്യം.

ഭീകരരും സൈന്യവുമായുള്ള രൂക്ഷ പോരാട്ടത്തെ തുടര്‍ന്ന് തൊഴിലാളികളോട് തിരിച്ചുപോകാന്‍ കമ്പനി ആവശ്യപ്പെട്ടതായി ധാക്ക സ്വദേശിയായ ജമാ ഖാന്‍ പറഞ്ഞു. ഇവരുടെ പാസ്‌പോര്‍ട്ടുകളും കമ്പനി തിരിച്ചുകൊടുത്തത്രെ. എന്നാല്‍ മൂന്ന് വര്‍ഷത്തെ ശമ്പളവും വിമാന ടിക്കറ്റും വേണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. 40 ഇന്ത്യക്കാരും 53 ബംഗ്ലാദേശികളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 

മൊസൂളില്‍ നിന്നും ഇവരെ എര്‍ബിലിലേക്ക് പിന്നീട് മാറ്റി. ബംഗ്ലാദേശികളുടെ സംഘം എര്‍ബിലില്‍ എത്തിയപ്പോള്‍ ഹര്‍കിത് എന്ന് പേരായ ഒരു ഇന്ത്യക്കാരനെ മാത്രമാണ് ക്യാംപില്‍ കണ്ടത്. താന്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ എന്നും കൂടെയുണ്ടായിരുന്ന 39 പേരെയും കൊന്നുകളഞ്ഞതായും ഹര്‍കിത് പറഞ്ഞത്രെ. എന്നാല്‍ വാര്‍ത്തയോട് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയമോ ഇറാഖി അധികൃതരോ പ്രതികരിച്ചിട്ടില്ല

(ഫോട്ടോ : തീവ്രവാദികളുടെ അക്രമണം ഭയന്ന് പാലായനം ചെയ്ത ഒരു ഇറാഖി കുടുംബം ടെന്റില്‍ )

Scroll To Top