Saturday December 10, 2016
Latest Updates

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം: ആദ്യദിനം കുടുങ്ങിയത് 300 പേര്‍; ഇന്നും പരിശോധന തുടരും

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം: ആദ്യദിനം കുടുങ്ങിയത് 300 പേര്‍; ഇന്നും പരിശോധന തുടരും

ഡബ്ലിന്‍: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാരെ കുടുക്കാന്‍ ഗാര്‍ഡ ദേശവ്യാപകമായി ആരംഭിച്ച പരിശോധനയുടെ ആദ്യദിനത്തില്‍ 300 പേര്‍ കുടുങ്ങി. പരിശോധന തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ നിരവധി പേര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി രണ്ട് ദിവസമാണ് ഗാര്‍ഡ വാഹന പരിശോധന പ്രഖ്യാപിച്ചത്. മുന്‍കൂട്ടി അറിയിപ്പ് നല്‍കിയതിന് ശേഷമാണ് ഗാര്‍ഡ പരിശോധന നടത്തിയത്. എന്നിട്ടും നിരവധി പേര്‍ കുടുങ്ങിയതോടെ മിക്കവരും ഗാര്‍ഡയുടെ മുന്നറിയിപ്പ് ഗൌരവമായി പരിഗണിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്നും പരിശോധന തുടരും. ഗാര്‍ഡ അസിസ്റ്റന്റ്‌റ് കമ്മീഷണര്‍ ജോണ്‍ ട്വോമ്മിയുടെ നേതൃത്വത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതിന്റെ അപകടം സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് പരിശോധന കര്‍ശനമാക്കിയതെന്ന് ഗാര്‍ഡ അധികൃതര്‍ പറഞ്ഞു. വാഹന പരിശോധന കര്‍ശനമാക്കിയതോടെ ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ 10,000 ഓളം ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിടിയിലായിരുന്നു. വാഹനമോടിയ്ക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 1000 യൂറോ പിഴ ഈടാക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ട് വന്നിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 28,000 പേര്‍ മാത്രമാണ് മൊബൈല്‍ ഉപയോഗത്തിന് പിടിയിലായത്. എന്നാല്‍ ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസം കൊണ്ട് തന്നെ 10,000 പേര്‍ അറസ്റ്റിലായത് ആശങ്കാജനകമാണെന്ന് ഗാര്‍ഡ അധികൃതര്‍ പറഞ്ഞു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതിലൂടെ അപകട സാധ്യത നാലിരട്ടി വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. സംസാരിക്കാതെ മൊബൈല്‍ കൈവശം വച്ച് മറ്റ് കാര്യങ്ങള്‍ ചെയ്യുന്നതും കുറ്റകരമാണ്. അതായത് സന്ദേശങ്ങള്‍ അയയ്ക്കുക, മൊബൈലില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യുക, ഇമെയില്‍ പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളും മൊബൈല്‍ ഉപയോഗത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ഗാര്‍ഡ അറിയിച്ചു.

Scroll To Top