Monday December 05, 2016
Latest Updates

ഡ്രാക്കുള വീണ്ടും വരുന്നു,ജന്മ നഗരമായ ഡബ്ലിനിലേയ്ക്ക് ..

ഡ്രാക്കുള വീണ്ടും വരുന്നു,ജന്മ നഗരമായ ഡബ്ലിനിലേയ്ക്ക് ..

ഡബ്ലിന്‍: ലോകത്തെ ഭീതിയിലാഴ്ത്താന്‍ ഡ്രാക്കുള വീണ്ടും വരുന്നു. ഡ്രാക്കുള സീരിസിലെ ഏറ്റവും പുതിയ സിനിമ ‘ഡ്രാക്കുള അണ്‍ടോള്‍ഡിന്റെ’ ആദ്യ സ്‌ക്രീനിംഗ് ഡബ്ലിനില്‍ നടക്കും. ഹോളിവുഡ് നടന്‍ ലൂക്ക് ഇവാന്‍സ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡ്രാക്കുള അണ്‍ടോള്‍ഡ് ഡ്രാക്കുളയുടെ സ്രഷ്ടാവായ ബ്രാം സ്റ്റോക്കറുടെ ജന്മനാടായ ഡബ്ലിനില്‍ തന്നെ ആദ്യ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബര്‍ 30 ന് ഡബ്ലിനിലെ സവോയിലാണ് പ്രദര്‍ശനം. 

ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഡ്രാക്കുള കഥകളുടെ രചയിതാവായ ബ്രാം സ്റ്റോക്കറുടെ ജന്മദേശത്തു പുതിയ സിനിമയുടെ സ്‌ക്രീനിംഗ് നടത്താന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ പറയുന്നു.ഡബ്ലിന്‍ നഗരത്തിലെ ക്ലോണ്‍ട്രഫില്‍ ആണ് 1847 ല്‍ ബ്രാം സ്റ്റോക്കറുടെ ജനനം.റ്റ്രിനിട്ടിയില്‍ നിന്നും വിദ്യാഭ്യാസം നേടിയ അദ്ദേഹം ദീര്‍ഘ കാലം മുഴുവന്‍ ഡബ്ലിന്‍ കാസിലിലെ ജീവനക്കാരനായിരുന്നു.

റൊമാനിയന്‍ കാസിലുകളുടെയും ,കോട്ടകളുടെയും പശ്ചാത്തലത്തിലാണ് ഡ്രാക്കുള എഴുതപ്പെട്ടിരിക്കുന്നത് എങ്കിലും രചയിതാവ് ഒരിക്കലും റൊമനിയയില്‍ പോയിരുന്നില്ല.അയര്‍ലണ്ടില്‍ യഥേഷ്ടമുള്ള കാസിലുകളും,കോട്ടകളും ആണ് ബ്രാം സ്റ്റോക്കര്‍ സങ്കല്‍പ്പത്തിലൂടെ ഡ്രാക്കുള കഥകളില്‍ നിറച്ചതെന്നു പറയപ്പെടുന്നു.

ചിത്രത്തിലെ പ്രധാന താരങ്ങളായ ലൂക്ക് ഇവാന്‍സും, സാറ ഗാഡനും ചിത്രത്തിന്റെ സംവിധായകന്‍ ഗാരി ഷോറും ആദ്യ ഷോയില്‍ പങ്കെടുക്കും. ക്ലാഷ് ഓഫ് ടൈറ്റാന്‍ ഉള്‍പ്പെടെയുള്ള പ്രശസ്ത ഹോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ നടനാണ് ലൂക്ക് ഇവാന്‍സ്. കനേഡിയന്‍ നടിയാണ് സാറ ഗാഡന്‍. രഹ്നെയിലെ സെന്റ് ഫ്രാന്‍സിസ് ഹോസ്സ്‌പൈസിന് ചാരിറ്റി ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടി കൂടിയാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഡബ്ലിനില്‍ നടത്താന്‍ തീരുമാനിച്ചത്.



സെന്റ് ഫ്രാന്‍സിസ് ഹോസ്സ്‌പൈസിനായി ചാരിറ്റി ഫണ്ട് സ്വരൂപിക്കുന്നതിന് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഡബ്ലിനില്‍ തന്നെ നടത്താന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്ന് സെന്റ് ഫ്രാന്‍സിസ് ഹോസ്സ്‌പൈസ് ചീഫ് എക്‌സിക്യൂട്ടീവ് എതെല്‍ മകെന പറഞ്ഞു. 

Scroll To Top