Sunday December 11, 2016
Latest Updates

ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചയില്‍ നേരിയ പുരോഗതി: ഒത്തുതീര്‍പ്പ് തീരുമാനം ആയില്ല

ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചയില്‍ നേരിയ പുരോഗതി: ഒത്തുതീര്‍പ്പ് തീരുമാനം ആയില്ല

ഡബ്ലിന്‍ :ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് എച്ച്എസ്ഇയും ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചകളില്‍ നേരിയ പുരോഗതി ഉണ്ടായെങ്കിലും ഒത്തുതീര്‍പ്പ് തീരുമാനമായില്ല. കഴിഞ്ഞ ദിവസം നിര്‍ത്തിവച്ച ചര്‍ച്ച ചൊവ്വാഴ്ച്ച പുനസ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച നോണ്‍ കണ്‍സല്‍ട്ടന്റ് ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ നടത്തിയ സമരം 51 ആശുപത്രികളെയും ചികിത്സ കാത്തിരുന്ന 1000ത്തില്‍പ്പരം രോഗികളെയും വെട്ടിലാക്കിയിരുന്നു.
യൂറോപ്യന്‍ നിയമ പ്രകാരമുള്ള ജോലി സമയക്രമീകരണങ്ങള്‍ നടത്തണമെന്നും ആഴ്ച്ചയില്‍ ജോലി സമയം 48 മണിക്കൂറായി ചുരുക്കണമെന്നും 24മണിക്കൂറുകള്‍ നീണ്ട ഷിഫ്റ്റുകള്‍ ഉണ്ടാവരുതെന്നുമുള്ള തങ്ങളുടെ ന്യായമായ ആവശ്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍.
ന്യായമായ രീതിയിലുള്ള സമയ പരിധി നിര്‍ണ്ണയിച്ചാല്‍ അത് പ്രാവര്‍ത്തികമാക്കാന്‍ ആശുപത്രികളും തയ്യാറാകണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യങ്ങള്‍ എച്ച്എസ്ഇയും ആശുപത്രി മാനേജുമെന്റും അംഗീകരിക്കുന്നില്ലെങ്കില്‍ സമരനടപടികള്‍ തുടരാനാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിരിക്കുന്നത്.
ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനു മുന്‍പായി രണ്ടു വിഭാഗങ്ങളും ആശുപത്രി അധികൃതരുമായി ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കണമെന്നും തീരുമാനമായിട്ടുണ്ട്.
ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അടുത്ത ആഴ്ച്ചയിലെ ചര്‍ച്ചയിലും ഐഎംഒ ഇതേ നിലപാട് സ്വീകരിക്കുമെന്നും ഐഎംഒ വക്താവ് അറിയിച്ചു.

Scroll To Top