Thursday December 08, 2016
Latest Updates

ഡോക്ടര്‍മാരുടെ സമരം: ഐഎംഒ, എച്ച്എസ്ഇയുമായി ചര്‍ച്ച നടത്തണമെന്ന് പ്രധാനമന്ത്രി

ഡോക്ടര്‍മാരുടെ സമരം: ഐഎംഒ, എച്ച്എസ്ഇയുമായി ചര്‍ച്ച നടത്തണമെന്ന് പ്രധാനമന്ത്രി

ഡബ്ലിന്‍ :എച്ച്എസ്ഇയുമായി വീണ്ടും ചര്‍ച്ചകള്‍ തുടരാന്‍ ഐഎംഒയോട് പ്രധാനമന്ത്രി എന്റ കെന്നി ആവശ്യപ്പെട്ടു. ജോലി സമയപരിധി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലേര്‍പ്പെട്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഐഎംഒയോട് വീണ്ടും ചര്‍ച്ചയ്ക്ക് വരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
യൂറോപ്യന്‍ യൂനിയന്‍ നിയമവ്യവസ്ഥ അനുസരിച്ച് ആഴ്ച്ചയില്‍ തങ്ങളുടെ ജോലി സമയം 48 മണിക്കൂറായി പരിമിതപ്പെടുത്തണമെന്ന നോണ്‍ കണ്‍സല്‍ട്ടന്റ് ഹോസ്പിറ്റല്‍ ഡോക്ടര്‍മാരുടെ ആവശ്യം എച്ച്എസ്ഇ അനുവദിച്ചു കൊടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തിയത്.
ലേബര്‍ റിലേഷന്‍സ് കമ്മീഷനുമായി ചേര്‍ന്ന് എച്ച്എസ്ഇയുമായി ചര്‍ച്ചകള്‍ തുടരണമെന്നും സര്‍വ്വീസുകള്‍ക്ക് മറ്റു തടസങ്ങള്‍ ഒന്നും സൃഷ്ടിക്കരുതെന്നുമാണ് പ്രധാനമന്ത്രി ഐഎംഒയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡോക്ടര്‍മാരുടെ ജോലി സമയം പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് എച്ച്എസ്ഇയും ഐഎംഒയുമായി യാതൊരു വിധ ധാരണകളും ഇതുവരെ ഉണ്ടാക്കിയിട്ടില്ല.
ആശുപത്രികളില്‍ അപ്പോയിന്റ്‌മെന്റ് എടുത്ത് കാത്തിരുന്ന ആയിരക്കണക്കിന് രോഗികളെ സമരം പ്രതികൂലമായി ബാധിച്ചിരുന്നു.
വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇരുവിഭാഗങ്ങളും പുറപ്പെടുവിച്ചാലും ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉടന്‍ കാണണമെന്നാണ് എന്റ കെന്നി അഭിപ്രായപ്പെട്ടത്.
റേഡിയോളജിയും പാത്തോളജിയും പോലുള്ള വിഭാഗങ്ങളിലും അടിയന്തിരമായി ചികിത്സ ലഭിക്കേണ്ട അവസരങ്ങളിലും ജോലി സമയത്തില്‍ പരിമിതി ഉണ്ടെന്നും 35 ശതമാനത്തോളം ജൂനിയര്‍ ഡോക്ടര്‍മാരും 48 മണിക്കൂര്‍ ആഴ്ച്ചയില്‍ എന്ന തരത്തില്‍ ജോലി സന്നദ്ധരാണെന്നും എന്റകെന്നി പറഞ്ഞു.
കഴിഞ്ഞ ജൂലായ് വരെ 53.4 മണിക്കൂറുകളാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ശരാശരി ഒരാഴ്ച്ച ജോലി ചെയ്തത് എന്ന് എന്റ കെന്നി സൂചിപ്പിച്ചു. ജോലിസമയം പരിമിതപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി ജെയിംസ് റീലി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top