Monday December 05, 2016
Latest Updates

ഡോക്ടര്‍മാരുടെ വേതന നിരക്ക് ഐ എം ഓ തള്ളി,എച്ച് എസ് ഇ യില്‍ പുതിയ ഡോക്റ്റര്‍മാരുടെ നിയമനം വൈകും 

ഡോക്ടര്‍മാരുടെ വേതന നിരക്ക് ഐ എം ഓ തള്ളി,എച്ച് എസ് ഇ യില്‍ പുതിയ ഡോക്റ്റര്‍മാരുടെ നിയമനം വൈകും 

ഡബ്ലിന്‍: പുതിയതായി നിയമിക്കപ്പെടുന്ന ഡോക്ടര്‍മാരുടെ വേതനം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ വേതന നിരക്ക് ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ തള്ളി. സര്‍ക്കാര്‍ നിര്‍ദ്ദേശം ഡോക്ടര്‍മാരുടെ സംഘടന തള്ളിയതോടെയാണ് സര്‍ക്കാര്‍ നീക്കം പാളിയത്. പുതിയതായി നിയമിക്കപ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് 125,000 യൂറോ മുതല്‍ 175,000 യൂറോ വരെ വേതനം നല്‍കാനായിരുന്നു സര്‍ക്കാര്‍ ആലോചന. എന്നാല്‍ ഡോക്ടര്‍മാരുടെ സംഘടനയില്‍ നടന്ന വോട്ടെടുപ്പില്‍ ഈ നിര്‍ദ്ദേശം വോട്ടിനിട്ട് തള്ളി. സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതന നിരക്ക് അംഗീകരിക്കാനാകില്ലെന്ന് ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. 

ഡോക്ടര്‍മാരുടെ സംഘടനയില്‍ നടന്ന വോട്ടെടുപ്പ് ഫലം നിരാശാജനകമാണെന്ന് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള സ്‌കെയില്‍ ന്യായമായ വേതന നിരക്ക് ആയിരുന്നെന്നും ലിയോ വരദ്കര്‍ പറഞ്ഞു. ഇതിന്റെ യഥാര്‍ത്ഥ നഷ്ടം അനുഭവിക്കാന്‍ പോകുന്നത് രോഗികളാണെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. നിലവില്‍ അയര്‍ലണ്ടിലെ പൊതുമേഖല ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ 300 ഓളം വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതിയ ശമ്പള സ്‌കെയില്‍ ഡോക്ടര്‍മാര്‍ നിരസിച്ച സാഹചര്യത്തില്‍ ഈ പോസ്റ്റുകളില്‍ ആളെ നിയമിക്കാന്‍ സര്‍ക്കാര്‍ പ്രതിസന്ധി നേരിടും. 

ചെലവുചുരുക്കലിന്റെ ഭാഗമായി ഡോക്ടര്‍മാരുടെ വേതനം 30 ശതമാനം വെട്ടിക്കുറച്ചതിനെ തുടര്‍ന്നാണ് അയര്‍ലണ്ടിലെ ആശുപത്രികളില്‍ നിന്ന് ഡോക്ടര്‍മാര്‍ കൊഴിഞ്ഞു തുടങ്ങിയത്. അതേസമയം സംഘടനയിലെ വോട്ടെടുപ്പ് ഫലം അപ്രതീക്ഷിതമല്ലെന്ന് ഐഎംഒയുടെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഡയറക്ടര്‍ സ്റ്റീവ് ട്വീദ് പറഞ്ഞു. ലേബര്‍ റിലേഷന്‍സ് കമ്മീഷന്‍ മുഖേന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ വേതനം അപര്യാപ്തമാണെന്ന് എച്ച്എസ്ഇക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായും സ്റ്റീവ് പറഞ്ഞു. 

പുതിയ വേതന നിരക്ക് പ്രഖ്യാപിക്കുമ്പോള്‍ തുല്യ ജോലിക്ക് തുല്യ വേതനം എന്ന അടിസ്ഥാന തത്വം സര്‍ക്കാര്‍ മറന്നുവെന്നും സ്റ്റീവ് കുറ്റപ്പെടുത്തി. പുതിയ വേതന നിരക്ക് ഡോക്ടര്‍മാരുടെ സംഘടനയെക്കൊണ്ട് അംഗീകരിക്കുന്നതിന് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഡോക്ടര്‍മാര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നതോടെയാണ് സര്‍ക്കാര്‍ നീക്കം പാളിയത്.

Scroll To Top