Tuesday December 06, 2016
Latest Updates

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം; യുഡിഎഫില്‍ ഭിന്നത; തര്‍ക്കപരിഹാരത്തിന് അണിയറ നീക്കങ്ങള്‍ സജീവം

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം; യുഡിഎഫില്‍ ഭിന്നത; തര്‍ക്കപരിഹാരത്തിന് അണിയറ നീക്കങ്ങള്‍ സജീവം

തിരുവനന്തപുരം: എന്‍. ശക്തന്‍ സ്പീക്കറായതോടെ ഒഴിവു വന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനെ ചൊല്ലി യുഡിഎഫിനുള്ളില്‍ ഭിന്നതകള്‍ രൂക്ഷമായതോടെ പ്രശ്‌നപരിഹാരത്തിന് അണിയറ നീക്കങ്ങള്‍ സജീവമായി. കഴിഞ്ഞ ദിവസത്തെ യുഡിഎഫ് യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് നല്‍കാമെന്ന് തത്വത്തില്‍ തീരുമാനമായെന്ന് ആര്‍എസ്പി നേതാവ് എഎ അസീസ് പറഞ്ഞതിന് പിന്നാലെ അസീസിനെ തിരുത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. ഡെപ്യൂട്ടര്‍ സ്പീക്കര്‍ സ്ഥാനം തീരുമാനമായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു സ്ഥാനം ഒഴിവു വരുമ്പോള്‍ അത് മുന്‍പ് വഹിച്ച പാര്‍ട്ടി തന്നെ ഏറ്റെടുക്കുന്നതാണ് പതിവെന്ന ഒരു ഒളിയമ്പും ഉമ്മന്‍ ചാണ്ടി എയ്തു. അതിനിടെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി ഐ ഗ്രൂപ്പ് കൂടി അവകാശവാദം ഉന്നയിച്ചതോടെ യുഡിഎഫ് രാഷ്ട്രീയം വീണ്ടും കുഴഞ്ഞ് മറിഞ്ഞിരിക്കുകയാണ്.

കോണ്‍ഗ്രസ് ഐ നേതാവ് കെ. മുരളീധരനെ ഡെപ്യൂട്ടി സ്പീക്കര്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയെ കണ്ട് ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാരില്‍ നിര്‍ണായകമായ അഴിച്ചുപണികള്‍ നടത്തിയപ്പോഴൊന്നും മുരളിയെ പരിഗണിച്ചില്ലെന്നും അതിനാല്‍ ഇത്തവണ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം മുരളിക്ക് നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് സങ്കീര്‍ണമായി കൊണ്ടിരിക്കുന്നതിനിടെ ഇക്കാര്യത്തില്‍ നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തരുതെന്ന നിര്‍ദ്ദേശവുമായി കെപിസിസി നേതൃത്വം രംഗത്തെത്തി. പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിനായി നിര്‍ണായക യോഗങ്ങള്‍ ഇന്നും നാളെയുമായി നടക്കും. ഇന്ന് തിരുവനന്തപുരത്ത് കെപിസിസി വക്താക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിത്വവും ബാര്‍ കോഴ കേസും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.

രണ്ട് ദിവസം മുന്‍പ് നടന്ന യുഡിഎഫ് നേതൃയോഗത്തില്‍ ഡെപ്യൂട്ടര്‍ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതിനായി മുഖ്യമന്ത്രിയെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ തര്‍ക്കത്തിലേക്ക് നീളുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുമായും യുഡിഎഫ് നേതാക്കളുമായും മുഖ്യമന്ത്രി വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് സൂചന. ആര്‍എസ്പിയുമായുള്ള ചര്‍ച്ചകള്‍ ഒരു തവണ നടത്തിയതിനാല്‍ ഇനി ചര്‍ച്ച നടത്താന്‍ സാധ്യതയില്ല. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് ആര്‍എസ്പിയുടെ സ്ഥാനാര്‍ത്ഥിയായി കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടി നിര്‍ദ്ദേശിച്ചത്.

അതേസമയം കോവൂര്‍ കുഞ്ഞുമോനെ യുഡിഎഫ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ഫോര്‍മുല യുഡിഎഫ് അംഗീകരിച്ചിട്ടുണ്ടെന്നും മറ്റുള്ളവര്‍ കൂടി അവകാശവാദം ഉന്നയിക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്താത്തതെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ പറയുന്നു.

Scroll To Top