Friday December 02, 2016
Latest Updates

ഡാന്‍സ് കളിക്കുന്ന കുട്ടികള്‍ക്ക് മേക്കപ്പ് വേണ്ടന്ന് ഐറിഷ് സര്‍ക്കാര്‍ :കലാരംഗം ആശങ്കയില്‍

ഡാന്‍സ് കളിക്കുന്ന കുട്ടികള്‍ക്ക് മേക്കപ്പ് വേണ്ടന്ന് ഐറിഷ്   സര്‍ക്കാര്‍ :കലാരംഗം ആശങ്കയില്‍

ഡബ്ലിന്‍ :ഇന്ത്യന്‍ പരമ്പരാഗത നൃത്തങ്ങളടക്കം അഭ്യസിക്കുന്ന കൊച്ചു കുട്ടികള്‍ ഇനി മേക്കപ്പില്ലാതെ ആയിരിക്കും ഐറിഷ് വേദികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കേണ്ടി വരുമെന്ന് സൂചന. നൂറുകണക്കിന് നൃത്ത വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കിക്കൊണ്ട് 10വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് മേക്കപ്പ് നിരോധിച്ചിരിക്കുകയാണ് ഇപ്പോള്‍.
അയര്‍ലണ്ടില്‍ ഇനി പത്തു വയസ്സിനു താഴെ പ്രായമുള്ള ഡാന്‍സര്‍മാര്‍ മേക്കപ്പില്ലാതെ ആടിയാല്‍ മതിയെന്ന് തീരുമാനം. ട്രഡീഷണല്‍ ഡാന്‍സ് അഭ്യസിക്കുന്ന കുട്ടികള്‍ക്കാണ് ഡാന്‍സിന് മേക്കപ്പ് നിരോധിച്ചുകൊണ്ട് തീരുമാനം ഉണ്ടായിരിക്കുന്നത്. ഇനി പത്തില്‍ താഴെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ മേക്കപ്പ് അനുവദിക്കുകയുമില്ല.
ഐറിഷ് ഡാന്‍സിംഗ് കമ്മീഷനായ കമീസ്യുന്‍ ലി റിന്‍സി ഗൈലാച്ച മേക്കപ്പ് നിരോധനത്തിന് അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ കൃത്രിമ ഐലാഷുകള്‍ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഐറിഷ് ഡാന്‍സിംഗ് കമ്മീഷന്‍.
കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഇത്തരം നിയമമാറ്റത്തെക്കുറിച്ച് വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. കൃത്രിമ ഐലാഷസുകള്‍ അടക്കമുള്ള മേക്കപ്പുകള്‍ ഇനി മുതല്‍ ഡാന്‍സര്‍മാര്‍ക്ക് അനുവദിക്കുകയില്ലെന്നും അത് തനിച്ചുള്ള പെര്‍ഫോമന്‍സോ, ഗ്രൂപ്പ് പെര്‍ഫോമന്‍സോ ആയാലും 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് തീരെ അനുവദനീയമല്ലെന്നും ഈ നിയമം 2014 മാര്‍ച്ച് 1 മുതല്‍ നടപ്പിലാക്കപ്പെടുമെന്നുമാണ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ അറിയിക്കുന്നത്.
ഡാന്‍സര്‍മാര്‍ കൈ നേരെ പിടിക്കാനായി ഉപയോഗിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ കാരീജ് എയ്ഡുകളും ഇനി മുതല്‍ ഉപയോഗിക്കാന്‍ സാധിക്കുകയില്ല.
കുട്ടികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് ഇത്തരം നിരോധനത്തിന് ഇപ്പോള്‍ കമ്മീഷന്‍ മുതിര്‍ന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഇതിനെതിരായി മേക്കപ്പ് ചെയ്ത് സ്റ്റേജിലെത്തുന്ന കുട്ടികളുടെ പരിപാടി റദ്ദുചെയ്യപ്പെടുമെന്നും കമ്മീഷന്‍ അറിയിച്ചു.
കൊച്ചു കുട്ടികള്‍ അലങ്കാരമായി ഉപയോഗിക്കുന്ന ചുരുളന്‍ മുടിയെക്കുറിച്ച് നിരോധനത്തില്‍ പ്രതിപാദിച്ചിട്ടില്ല. ആയിരക്കണക്കിന് ഡാന്‍സര്‍മാരെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്.
അതില്‍ നൂറുകണക്കിന് ഇന്ത്യന്‍ കുട്ടികളും ഉള്‍പ്പെടും. ഇന്ത്യന്‍ പരമ്പരാഗത നൃത്തങ്ങള്‍ അഭ്യസിക്കുന്ന കുട്ടികളെയും ഈ നിരോധനം പ്രതികൂലമായി ബാധിച്ചേക്കും. മുഖത്തെഴുത്തില്ലാതെ വേദിയിലെത്താന്‍ സാധിക്കാത്ത പല നൃത്ത വിഭാഗങ്ങളും നിലനില്‍ക്കേ ഇത്തരം ഒരു തീരുമാനം കമ്മീഷമന്‍കൈക്കൊണ്ടത് കുട്ടികളെയും നൃത്ത അദ്ധ്യാപകരെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

Scroll To Top