Sunday December 04, 2016
Latest Updates

ഡല്‍ഹി പീഡനത്തിന്റെ പുനരാവിഷ്‌കരണം വിവാദമാകുന്നു

ഡല്‍ഹി പീഡനത്തിന്റെ പുനരാവിഷ്‌കരണം വിവാദമാകുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി പീഡനം പുനരാവിഷ്‌ക്കരിച്ച ഫാഷന്‍ ഫോട്ടോഗ്രാഫര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പീഡനത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. മുംബൈയില്‍ ന്നിന്നുള്ള ഫാഷന്‍ ഫോട്ടോഗ്രാഫറായ രാജ് ഷെട്ടിയാണ് ഡല്‍ഹി പീഡനം പുനരാവിഷ്‌ക്കരിച്ച് ഫോട്ടോകള്‍ എടുത്തത്. എടുത്ത ചിത്രങ്ങള്‍ ഇയാള്‍ ബീഹാന്‍സ് എന്ന വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവം വിവാദമാകുകയായിരുന്നു. ഫോട്ടോഗ്രാഫര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പുറമെ സന്നദ്ധ സംഘടന പ്രവര്‍ത്തകരും രംഗത്ത് വന്നു. പീഡനത്തിന്റെ പുനരാവിഷ്‌ക്കാരം
പെണ്‍കുട്ടിയെ വീണ്ടും അപമാനിക്കുന്നതിന് തുല്യവും തങ്ങളെ വേദനിപ്പിക്കുന്നതുമാണെന്നു ഡല്‍ഹി പെണ്‍കുട്ടിയുടെ അമ്മ റോയിട്ടര്‍ ടിവിയോട് പറഞ്ഞു.

ഏതായാലും സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ വെബ്‌സൈറ്റില്‍ നിന്ന് ചിത്രങ്ങള്‍ നീക്കം ചെയ്തു. ഫോട്ടോഗ്രാഫര്‍ പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ഡല്‍ഹി പീഡനം പുനരാവിഷ്‌ക്കരിച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പണത്തിനും പ്രശസ്തിക്കും വേണ്ടി തങ്ങളുടെ മകള്‍ക്ക് നേരിട്ട ദുരന്തം ഫോട്ടോഗ്രാഫര്‍ വില്‍പ്പനച്ചരക്ക് ആക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ഫോട്ടോഗ്രാഫര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. കേസിലെ ആറ് പ്രതികളില്‍ ഒരാള്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. ബാക്കി നാല് പേര് വധശിക്ഷ കാത്ത് തീഹാര്‍ ജയിലില്‍ കഴിയുകയാണ്, പ്രായപൂര്‍ത്തിയാകാത്ത പ്രതി ജുവനൈല്‍ ജയിലിലാണ്.

അതേസമയം ഡല്‍ഹി പീഡനം പുനരാവിഷ്‌ക്കരിച്ചതിലൂടെ ഇന്ത്യന്‍ സ്ത്രീകളുടെ ദുരവസ്ഥയാണ് താന്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതെന്ന് വിവാദ ഫോട്ടോഗ്രാഫര്‍ പറഞ്ഞു. തന്റെ സഹോദരിക്കോ അമ്മയ്‌ക്കോ സമാനമായ അനുഭവം ഉണ്ടായേക്കാം എന്ന ചിന്തയില്‍ നിന്നാണ് ഈ പ്രൊജക്റ്റ് ചെയ്തതെന്നും ഫോട്ടോഗ്രാഫര്‍ പറഞ്ഞു.

Scroll To Top