Sunday December 04, 2016
Latest Updates

ഡല്‍ഹിയില്‍ സി പി എം ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കും ,പ്രകാശ് കാരാട്ടും ആം ആദ്മിയ്ക്ക് വോട്ടുചെയ്യും

ഡല്‍ഹിയില്‍ സി പി എം ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കും ,പ്രകാശ് കാരാട്ടും ആം ആദ്മിയ്ക്ക് വോട്ടുചെയ്യും

ന്യൂ ഡല്‍ഹി :ആം ആദ്മി പാര്‍ട്ടിയ്ക്ക് ഡല്‍ഹിയില്‍ വോട്ടുചെയ്യണമെന്ന് സി പി എം ,അണികള്‍ക്ക് നിര്‍ദേശം നല്‍കി.സി പി എം മത്സരിക്കുന്ന തെക്കന്‍ ഡല്‍ഹിയില്‍ ഒഴികെ എല്ലാ മണ്‍ഡലങ്ങളിലും ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ സി പി എം പോളിറ്റ് ബ്യൂറോ ,പാര്‍ട്ടി ഘടകങ്ങളോട് ആവശ്യപ്പെട്ടുകഴിഞ്ഞു.

പാര്‍ട്ടിയോ സഖ്യകക്ഷികളോ മത്സരിക്കാത്തയിടങ്ങളില്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്താന്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് വോട്ടു രേഖപ്പെടുത്താനാണ് സി.പി.എം അംഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. നോട്ട ബട്ടണ്‍ അമര്‍ത്തിയാല്‍ അത് പാര്‍ട്ടി നിര്‍ദ്ദേശം ലംഘിക്കലാവും. അങ്ങനെ വരുമ്പോള്‍ ഡല്‍ഹിയിലെ സി.പി.എം അംഗങ്ങള്‍ ഇത്തവണ വോട്ടു ചെയ്യേണ്ടത് ആം ആദ്മി പാര്‍ട്ടിക്കാണ്. പ്രകാശ് കാരാട്ടിന് വോട്ടു ചെയ്യേണ്ട ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ ആശിഷ് ഖേതനാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി.

നാലു പതിറ്റാണ്ടിലധികമായി സി.പി.എമ്മിന്റെ മുന്‍നിര നേതാവാണെങ്കിലും ഇതുവരെ പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടു രേഖപ്പെടുത്താത്തയാളാണ് ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട്. കാരാട്ടിന് വോട്ടുള്ള ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പോലും സി.പി.എം സ്ഥാനാര്‍ഥികളെ നിര്‍ത്താത്തതാണ് ഇതിനു കാരണം. ഇത്തവണയും ജനറല്‍ സെക്രട്ടറിക്ക് പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടു രേഖപ്പെടുത്താനാവില്ല.

പഠനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ മടങ്ങിയെത്തി ജെ.എന്‍.യുവില്‍ ഗവേഷണ വിദ്യാര്‍ഥിയായിരിക്കെയാണ് പ്രകാശ് കാരാട്ട് സി.പി.എം നേതൃത്വവുമായി ബന്ധപ്പെട്ട്പ്രവര്‍ത്തനമാരംഭിക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ എ.കെ.ജിയുടെ സഹായിയായി പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാവുന്നതു വരെയും ന്യൂഡല്‍ഹി മണ്ഡലത്തിലാണ് വോട്ട് ഏറെ വര്‍ഷങ്ങളായി ഇപ്പോഴത്തെ വി.പി ഹൗസിലെ വിലാസമാണ് വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്

ഇവിടെ ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും സി.പി.എം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പോലും. മറ്റു ഇടതു പാര്‍ട്ടികളും ഇവിടെ മത്സരിക്കാറില്ല. അതു കൊണ്ടുതന്നെ പ്രകാശ് കാരാട്ട് ഇതുവരെ പാര്‍ട്ടി ചിഹ്നത്തിലോ സഖ്യകക്ഷികളുടെ ചിഹ്നത്തിലോ വോട്ടു ചെയ്യാത്ത ജനറല്‍ സെക്രട്ടറിയായി തുടരുന്നു. പാര്‍ട്ടിയുടെ തീരുമാനം ആയതോടെ ഇത്തവണ ആം ആദ്മി പാര്‍ട്ടിയ്ക്കാവും പ്രകാശ് കാരാട്ട് വോട്ടു ചെയ്യുക.

Scroll To Top