Wednesday December 07, 2016
Latest Updates

ഡല്‍ഹിയില്‍ പ്രക്ഷോഭം ആളിപ്പടരുന്നു,വി എസ്സും പിന്തുണയുമായി ഡല്‍ഹിയ്ക്ക്

ഡല്‍ഹിയില്‍ പ്രക്ഷോഭം ആളിപ്പടരുന്നു,വി എസ്സും പിന്തുണയുമായി ഡല്‍ഹിയ്ക്ക്

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സംഭവം കേന്ദ്ര സര്‍ക്കാരിനു തിരിച്ചടിയായി മാറുന്നു. വിദ്യാര്‍ത്ഥി പ്രക്ഷോഭം ദേശീയ തലത്തില്‍ തന്നെ ഒരു പ്രസ്ഥാനമായി മാറുന്ന തലത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

നിരവധി നേതാക്കള്‍ കനയ്യ കുമാറിനും വിദ്യാര്‍ത്ഥികള്‍ക്കും പിന്തുണ അര്‍പ്പിച്ചു രംഗത്തുവരികയും കനയ്യ കുമാറിന്റെ പ്രസംഗത്തില്‍ രാജ്യദ്രോഹപരമായി ഒന്നുമില്ലെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു സാഹചര്യത്തിലാണ് കേന്ദ്രം പ്രതിക്കൂട്ടിലായിരിക്കുന്നത്.

കനയ്യ കുമാറിന് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് ഹാജരാകുന്നത്. പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കുന്നതിനെ തുടര്‍ന്ന് പട്യാല ഹൗസ് കോടതിയില്‍ കനയ്യ കുമാറിനെ ഹാജരാക്കിയേ തീരൂ.

കഴിഞ്ഞ ദിവസം കനയ്യ കുമാറിനെ കാണാന്‍ പട്യാല ഹൗസ് കോടതി പരിസരത്ത് എത്തിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും മാധ്യമപ്രവര്‍ത്തകരെയും ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ ഒരു സംഘം അഭിഭാഷകര്‍ ക്രൂരമായി മര്‍ദിച്ചതും ബിജെപി നേതൃത്വത്തിനു തലവേദന ആയിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് ഈ സംഭവം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാമെന്ന് സുപ്രീം കോടതിയും പറഞ്ഞിട്ടുണ്ട്. ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ചക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കാമെന്ന് രജിസ്ട്രാര്‍ അറിയിച്ചിട്ടുമുണ്ട്. ഇതൊക്കെയും അസാധാരണ സംഭവങ്ങളാണ്.

ബി.ജെ.പി നേതാക്കളായ ഒ.പി ശര്‍മ എം.എല്‍.എയുടെയും അഡ്വ. വിക്രം സിങ്ങിന്റെയും നേതൃത്വത്തില്‍ അഭിഭാഷകരും ഗുണ്ടകളും അടങ്ങുന്ന സംഘമാണ് പാട്യാല ഹൗസ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ ആക്രമണം അഴിച്ചുവിട്ടത്.

ഇതിനിടെയാണ്, രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ മാത്രമുള്ള മുദ്രാവാക്യങ്ങള്‍ കനയ്യ മുഴക്കിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത്.

വിദ്യര്‍ത്ഥി യൂണിയന്‍ നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കാരണമായത് ഡല്‍ഹി പൊലീസ് നടത്തിയ അമിതാവേശമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.

പാകിസ്ഥാനി ഭീകര സംഘടനയായ ലഷ്‌കറെ തയ്ബയുമായി കനയ്യകുമാറിന് ഒരു ബന്ധവുമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്

മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇന്ന് വൈകീട്ട് 3.30ന് ജെഎന്‍യു സന്ദര്‍ശിക്കുകയാണ്. വിഎസിന്റെ സന്ദര്‍ശനത്തിന് വന്‍ രാഷ്ട്രീയ പ്രാധാന്യമാണ് കിട്ടിയിരിക്കുന്നത്. വി.എസ് സമരക്കാരെ അഭിവാദ്യം ചെയ്യുമ്പോള്‍ അതു ദേശീയ മാദ്ധ്യമങ്ങള്‍ ഒന്നാകെ ശ്രദ്ധിക്കുമെന്നത് സര്‍ക്കാരിനും തലവേദനയായിട്ടുണ്ട്. സന്ദര്‍ശനം സമരക്കാര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്നതും യാഥാര്‍ത്ഥ്യമാണ്.

Scroll To Top