Thursday December 08, 2016
Latest Updates

ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ ഭരണത്തിന് ഇടതുപക്ഷം തയ്യാറെടുക്കുന്നു ; ഭവന പ്രതിസന്ധിക്ക് പരിഹാരമായേക്കും

ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ ഭരണത്തിന് ഇടതുപക്ഷം തയ്യാറെടുക്കുന്നു ; ഭവന പ്രതിസന്ധിക്ക് പരിഹാരമായേക്കും

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ ഭരണം ഇടതുപക്ഷത്തിന്. ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ സ്വതന്ത്രരും ഇടതുപക്ഷവുമാണ് നേട്ടം കൊയ്തത്. ഇതില്‍ തന്നെ ഇടതുപക്ഷം ഒന്നിച്ചുനിന്നാല്‍ തലസ്ഥാന നഗരിയുടെ ഭരണ നേതൃത്വത്തിലേക്ക് വന്നേക്കും എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇടതുപക്ഷ പാര്‍ട്ടികളും ഇടത് സ്വതന്ത്രരും ചേര്‍ന്ന് ഡബ്ലിനില്‍ 33 സീറ്റുകള്‍ നേടിയിട്ടുണ്ട്.ആകെ 63 സീറ്റുകളാണ് തലസ്ഥാന നഗരത്തിലുള്ളത്.വിവിധ ചേരികളിലായാണ് മത്സരിച്ചതെങ്കിലും മേയര്‍ തിരഞ്ഞെടുപ്പില്‍ ഇവര്‍ ഒന്നിച്ച് മുന്നണിയാവാനുള്ള സാധ്യത തെളിയുന്നുണ്ട്. 

അതേ സമയം,കൂടുതല്‍ സ്ഥാനങ്ങളില്‍ ജയിച്ച സിന്‍ ഫിനിന്റെ നയങ്ങളോട് മറ്റ് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് വ്യക്തമായ വിയോജിപ്പ് ഉണ്ട് എന്നത് ഈ സഖ്യത്തിന്റെ രൂപീകരണത്തിന് തന്നെ തടസമാവുന്നുണ്ട്. 

ഇടതുകക്ഷികളായ സിന്‍ ഫിന്‍ പാര്‍ട്ടി 16 സീറ്റുകള്‍ നേടിയപ്പോള്‍ പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് പാര്‍ട്ടിക്ക് 5 സീറ്റുകള്‍ ലഭിച്ചു. ഗ്രീന്‍ പാര്‍ട്ടിക്ക് 3 സീറ്റും ആന്റി ഒസ്റ്റെറിറ്റി അലയന്‍സിന് ഒരു സീറ്റും ലഭിച്ചു. ഇടത് സ്വതന്ത്രരായി മത്സരിച്ച 8 പേരും വിജയിച്ചു. ഡബ്ലിനിലെ ഭവന പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് വോട്ടര്‍മാരെ ഇടത് പാര്‍ട്ടികള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഇടതുപാര്‍ട്ടികള്‍ ഭരണത്തില്‍ വന്നാല്‍ പ്രഥമ പരിഗണന ഡബ്ലിനിലെ ഭവന പ്രതിസന്ധി തീര്‍ക്കുന്നതിനായിരിക്കും. 

ഇടത് സ്ഥാനാര്‍ത്ഥികളുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനവും ഭവന പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നായിരുന്നു. ഭരണത്തില്‍ വന്നാല്‍ 18 മാസത്തിനകം 7,500 യൂണിറ്റ് പബ്ലിക് ഹൌസിംഗ് യൂണിറ്റുകള്‍ നിര്‍മിക്കുമെന്നായിരുന്നു സിന്‍ ഫിന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇതിനായി സ്ട്രാറ്റജിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്ന് ഒരു ബില്യന്‍ യൂറോ അനുവദിക്കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു. 

ഇടത് ചേരിയില്‍ നില്‍ക്കുന്ന പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് പാര്‍ട്ടി ഉള്‍പ്പെടെ പ്രമുഖ പാര്‍ട്ടികളുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം ഭവന പ്രതിസന്ധി പരിഹരിക്കുമെന്നതായിരുന്നു. സോഷ്യല്‍ ഹൌസിംഗ് യൂണിറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും വാടക നിരക്ക് നിയന്ത്രിക്കുകയുമാണ് ഭവന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ എന്നതിലൂന്നിയായിരുന്നു പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. 

വാടക വീടുകള്‍ ലഭിക്കാതെ ക്ലേശിക്കുന്നവര്‍ക്കായി സമരം നയിക്കാനും മറ്റും പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് പാര്‍ട്ടിനടത്തിയ പോരാട്ടം ഡബ്ലിനിലെ ജനങ്ങള്‍ക്ക് അവരെ സ്വീകാര്യരാക്കി.ഭരണകക്ഷികള്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടതാണ് തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികളുടെ മുന്നേറ്റത്തിന് കാരണം. 

(മുഖചിത്രം:ധനകാര്യനയങ്ങള്‍ക്കെതിരെ സംയുക്ത ഇടതുപാര്‍ട്ടികള്‍ ഡബ്ലിനില്‍ നടത്തിയ റാലി (ഫയല്‍)

 

Scroll To Top