Wednesday December 07, 2016
Latest Updates

ഡബ്ലിന്‍ സിറ്റിയില്‍ മാലിന്യം പെരുകുന്നു :തടയിടാന്‍ സിറ്റി കൗണ്‍സില്‍

ഡബ്ലിന്‍ സിറ്റിയില്‍ മാലിന്യം പെരുകുന്നു :തടയിടാന്‍ സിറ്റി കൗണ്‍സില്‍

ഡബ്ലിന്‍: മാലിന്യങ്ങള്‍ വഴിയോരങ്ങളില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടുന്നതായി ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍. അനധികൃതമായി വഴിയോരങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ കുടുക്കാന്‍ പുതുവര്‍ഷത്തോടെ പുതിയ പദ്ധതി നടപ്പിലാക്കുവാനും സിറ്റി കൌണ്‍സില്‍ തീരുമാനിച്ചു.. ജനങ്ങളെ ഇത്തരത്തില്‍ നിയമവിരുദ്ധമായുള്ള മാലിന്യ നിക്ഷേപത്തില്‍ നിന്നും തടയാനുള്ള പദ്ധതിയുടെ അവസാന ഘട്ടത്തിലാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍.
പുതു വര്‍ഷാരംഭത്തില്‍ തന്നെ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും.
എപ്പോഴും ഇത്തരത്തില്‍ മാലിന്യങ്ങള്‍ പൊതു വഴികളിലേക്ക് വലിച്ചെറിയുന്ന തെരുവുകളെയും വീട്ടുകാരെയും ഇതിനോടകം തന്നെ മനസിലാക്കിക്കഴിഞ്ഞിട്ടുമുണ്ട്. 2014 ജനുവരി സെന്‍ട്രല്‍ ഏരിയയിലുള്ള ഇത്തരം തെരുവുകളും വീടുകളുമാണ് പദ്ധതിക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് കൗണ്‍സില്‍ സീനിയര്‍ എക്‌സിക്യൂടീവ് ഓഫീസര്‍ ബ്രണ്ടാന്‍ ഹൈഡന്‍ പറയുന്നു.

ഇനി വീട്ടുകാര്‍ക്ക് തങ്ങള്‍ നിയമപരമായ രീതിയില്‍ തന്നെയാണ് മാലിന്യങ്ങള്‍ കളയുന്നതെന്ന് തെളിയിക്കേണ്ടിയും വരും. ഇനി വീട്ടുകാര്‍ വേസ്റ്റ് മാനേജ്‌മെന്റിന്റെ സഹായം സ്വീകരിക്കുകയോ അതല്ലെങ്കില്‍ നിയമപരമായ രീതിയില്‍ വേസ്റ്റ് റീസൈക്ലിംഗ് നടത്തുകയോ ചെയ്യേണ്ടി വരുമെന്നാണ് സൂചന.
ഇത്തരത്തിലുള്ള മാലിന്യ നിക്ഷേപം കാരണം കൗണ്‍സില്‍ സ്ട്രീറ്റുകള്‍ വെടിപ്പാക്കുന്ന പ്രവര്‍ത്തനം തന്നെ നിര്‍ത്തലാക്കിയിരുന്നു.
വീടുകളില്‍ നിന്നും വേസ്റ്റ് ഇത്തരത്തില്‍ വലിച്ചെറിയപ്പെടാതിരിക്കാന്‍ ഒരു അംഗീകൃത ബിന്‍ കലക്റ്ററിനെ ഏല്‍പ്പിക്കുകയോ അതല്ലെങ്കില്‍ നിയമപരമായ രീതിയില്‍ റീസൈക്ലിംഗ് നടത്തുകയോ ചെയ്യണമെന്നു കാണിച്ച് കൗണ്‍സില്‍ നിയമം പാസാക്കിയിരുന്നു. ഈ നിയമം അനുസരിച്ച് കൗണ്‍സില്‍ അധികാരികള്‍ക്ക് വീടുകളില്‍ കയറിച്ചെന്ന് വീട്ടുകാരുടെ വേസ്റ്റ് ഡംപിംഗിന് തെളിവുകള്‍ ആവശ്യപ്പെടുകയും ചെയ്യാവുന്നതാണ്.
ഇത്തരത്തില്‍ അന്വേഷണങ്ങള്‍ ഉണ്ടാവുമ്പോള്‍ വീട്ടുകാര്‍ ബിന്‍ കലക്റ്ററുടെ റസീറ്റോ മറ്റു തെളിവുകളോ ഹാജരാക്കേണ്ടിയും വരും. അന്വേഷണം പൂര്‍ത്തീകരിക്കുന്നത് വരെ സംശയത്തിലുള്ള വീടുകളെക്കുറിച്ചും തെരുവുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവിടുകയില്ലെന്നാണ് റിപ്പോര്‍ട്ട്.
വാര്‍ഡന്‍മാരോടൊപ്പം തന്നെ ഒരു സെന്‍ട്രല്‍ ഏരിയ സ്റ്റാഫിനെയും പരിശോധന നടത്തുന്നതിനായി നിയമിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ സംശയം തോന്നിയിട്ടുള്ള പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലും പരിശോധന വ്യാപിപ്പിക്കും എന്നാണ് ഹൈഡന്‍ അറിയിച്ചത്.
ഇത്തരത്തില്‍ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നേരെ മോശം തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വീട്ടുകാരുടെയോ തെരുവിലെ ജനങ്ങളുടെയോ നേരെ നിന്നും ഉണ്ടാവാതിരിക്കാനായി ഗാര്‍ഡയുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്.
കഴിഞ്ഞ വര്‍ഷത്തോടെ ബിന്‍ കലക്ഷന്‍ ബിസിനസ് ആരംഭിച്ചു. എന്നാല്‍ അതിനു മുന്‍പ് നോര്‍ത്ത് ഇന്നര്‍ സിറ്റി മേഖലയില്‍ നിന്നും മാത്രമായി ഒരു ദിവസം ആയിരത്തിലധികം വേസ്റ്റ് ബാഗുകളാണ് ഇത്തരത്തില്‍ നിയമവിരുദ്ധമായി വലിച്ചെറിഞ്ഞ് കൗണ്‍സിലിന് ലഭിച്ചിരുന്നത്.

Scroll To Top