Saturday December 03, 2016
Latest Updates

ഡബ്ലിന്‍ വെബ് സമ്മിറ്റ് നാളെ തുടങ്ങും,കൊള്ളലാഭം കൊയ്യാന്‍  നഗരത്തിലെ ഹോട്ടലുകള്‍ നിരക്ക് കുത്തനെ ഉയര്‍ത്തി

ഡബ്ലിന്‍ വെബ് സമ്മിറ്റ് നാളെ തുടങ്ങും,കൊള്ളലാഭം കൊയ്യാന്‍  നഗരത്തിലെ ഹോട്ടലുകള്‍ നിരക്ക് കുത്തനെ ഉയര്‍ത്തി

ഡബ്ലിന്‍: ഡബ്ലിന്‍ വെബ് സമ്മിറ്റിന് മുന്നോടിയായി നഗരത്തിലെ ഹോട്ടലുകള്‍ നിരക്ക് കുത്തനെ ഉയര്‍ത്തി. ഡബ്ലിന്‍ ഹോട്ടലുകള്‍ ഒറ്റയടിക്ക് 600 ശതമാനം വരെ നിരക്ക് ഉയര്‍ത്തി.ചൊവ്വാഴ്ചയാണ് മൂന്ന് ദിവസത്തെ ഡബ്ലിന്‍ വെബ് സമ്മിറ്റ് തുടങ്ങുന്നത്. പരിപാടിയില്‍ 20,000 ഓളം പേര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം മുന്‍കൂട്ടിക്കണ്ടാണ് ഹോട്ടലുകള്‍ നിരക്ക് കുത്തനെ ഉയര്‍ത്തിയത്. ഡബ്ലിനിലെ പര്‍നെല്‍ സ്‌ക്വയറിലെ മാള്‍ഡ്രോണ്‍ ഹോട്ടല്‍ റൂമുകള്‍ക്ക് ഒരു രാത്രിയിലേക്കുള്ള നിരക്ക് 360 യൂറോ ആയി വര്‍ധിപ്പിച്ചു.സമ്മിറ്റ് പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇത് 60 യൂറോ ആയിരുന്നു.

മറ്റൊരു പ്രമുഖ ഹോട്ടലായ ബാള്‍സ്ബ്രിഡ്ജിലെ ബ്വ്യൂലി ഹോട്ടല്‍ ഒരു രാത്രിയിലേക്കുള്ള റൂം നിരക്ക് 320 യൂറോയാക്കി വര്‍ധിപ്പിച്ചു. 90 യൂറോ ആയിരുന്ന നിരക്കാണ് ബ്യൂലി ഹോട്ടല്‍ ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഡബ്ലിന്‍ 2 ലെ ഹില്‍ട്ടന്‍ ഹോട്ടല്‍ ഒരു ദിവസത്തേക്ക് ഡബ്ലിന്‍ റൂമിന്റെ നിരക്ക് 463 യൂറോആയി വര്‍ധിപ്പിച്ചു. മുന്‍പ് ഇത് 160 യൂറോയായിരുന്നു. പല ഹോട്ടലുകളും ഭക്ഷണം കൂടാതെ താമസത്തിന് മാത്രമാണ് നിരക്ക് കുത്തനെ കൂട്ടിയത്. ബുക്കിംഗ് ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ ബുക്കിംഗ് വെബ്‌സൈറ്റ് മുഖേനയാണ് ഡബ്ലിന്‍ സമ്മിറ്റിന് എത്തുന്ന വിദേശ പ്രതിനിധികള്‍ ഹോട്ടല്‍ ബുക്ക് ചെയ്യുന്നത്.

വെബ് സമ്മിറ്റ് മുന്നില്‍ കണ്ട് ഹോട്ടലുകള്‍ നിരക്ക് കുത്തനെ കൂട്ടുന്നത് നിരാശാജനകമാണെന്ന് വെബ് സമ്മിറ്റ് കോഫൗണ്ടര്‍ പാഡി കോസ്‌ഗ്രേവ് പറഞ്ഞു. ചില ഹോട്ടലുകള്‍ കൊള്ളലാഭം കൊയ്യാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്ക് പറഞ്ഞു. അതേസമയം ഡബ്ലിനിലെ ശരാശരി ഹോട്ടല്‍ നിരക്ക് കുറവാണെന്ന് ഐറിഷ് ഹോട്ടല്‍ ഫെഡറേഷന്‍ പ്രതിനിധി പറഞ്ഞു. യൂറോപ്പിലെ താരതമ്യേന കുറഞ്ഞ നിരക്കിലുള്ള ഹോട്ടല്‍ മുറികള്‍ ലഭിക്കുന്നത് അയര്‍ലണ്ടിലാണെന്നും ഹോട്ടല്‍ ഉടമകളുടെ അസോസിയേഷന്‍ അവകാശപ്പെട്ടു

സാങ്കേതികവിദ്യയുടെ ലോകത്തേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വെബ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. സിസ്‌കോ ടെക്‌നോളജിയുടെ ചീഫ് ടെക്‌നോളജി ഓഫീസറും ഇന്ത്യക്കാരിയുമായ പദ്മശ്രീ വാര്യര്‍ ഉള്‍പ്പെടെ ഐടി രംഗത്തെ പ്രമുഖ വനിതകള്‍ സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കും. പദ്മശ്രീ വാര്യര്‍ക്ക് പുറമേ ഗൂഗിളിലെ ഉന്നത ഉദ്യോഗസ്ഥ അന്ന പാറ്റേഴ്‌സണ്‍ , ചലച്ചിത്ര നടി ഇവാ ലോംഗോരിയ, മോഡല്‍ ലില്ലി കൊലേ, ന്യൂസ് കോര്‍പ്പ് ചീഫ് ഡാറ്റ സയന്റിസ്റ്റ് റെയ്ച്ചല്‍ സ്‌കട്ട് തുടങ്ങി വവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരും ഡബ്ലിന്‍ വെബ് സമ്മിറ്റില്‍ പങ്കെടുക്കുന്നുണ്ട്. 

ഇന്ത്യ ഉള്‍പ്പെടെ 25 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ സ്ത്രീ സംരംഭകരാണ് സമ്മിറ്റിന് നേതൃത്വം നല്കാന്‍ ഇത്തവണ എത്തുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതം അറിയിച്ചവരില്‍ ഭൂരിപക്ഷം പേരും സ്ത്രീകളാണെന്നും സംഘാടകര്‍ അറിയിച്ചു. സ്ത്രീകളെ ഡവലപ്പര്‍മാരായും ഡിസൈനര്‍മാരായും സാങ്കേതിക വിദ്യാ രംഗത്തെ സംരംഭാകരായും വളര്‍ത്തുകയാണ് സമ്മിറ്റിന്റെ ലക്ഷ്യം. കൂടുതല്‍ സ്ത്രീ പങ്കാളിത്തം ഉറപ്പിക്കാന്‍ 250,000 യൂറോയുടെ ടിക്കറ്റുകള്‍ സ്ത്രീകള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും. പരമാവധി സ്ത്രീകള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നു ചീഫ് കമ്മ്യൂണിറ്റി ഓഫീസര്‍ എമോണ്‍ ലിനോര്‍ഡ് പറഞ്ഞു. 

. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം മാധ്യമ പ്രതിനിധികള്‍ സമ്മിറ്റ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡബ്ലിനില്‍ എത്തുന്നുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ ടെക്‌നോളജി ഫെസ്റ്റിവലാണ് ഡബ്ലിന്‍ സമ്മിറ്റ്. ഡബ്ലിന്‍ വെബ് സമ്മിറ്റിന് അനുബന്ധമായി ഫുഡ് ഫെസ്റ്റിവല്‍, ഫിലിം ഫെസ്റ്റിവല്‍, മ്യൂസിക് ഫെസ്‌റിവല്‍, സ്‌പോര്‍ട്‌സ് സമ്മിറ്റ് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 

Scroll To Top