Saturday December 03, 2016
Latest Updates

ഡബ്ലിന്‍ മണ്ഡലത്തില്‍ ഇന്ത്യാക്കാരുടെ വോട്ടും നിര്‍ണ്ണായകമാവും,ഒരു ലക്ഷം വോട്ടു പിടിച്ചാല്‍ ജയിക്കുന്ന മണ്ഡലത്തില്‍ രണ്ടായിരം ഇന്ത്യന്‍ വോട്ടര്‍മാര്‍ 

ഡബ്ലിന്‍ മണ്ഡലത്തില്‍ ഇന്ത്യാക്കാരുടെ വോട്ടും നിര്‍ണ്ണായകമാവും,ഒരു ലക്ഷം വോട്ടു പിടിച്ചാല്‍ ജയിക്കുന്ന മണ്ഡലത്തില്‍ രണ്ടായിരം ഇന്ത്യന്‍ വോട്ടര്‍മാര്‍ 

ഡബ്ലിന്‍ :യൂറോപ്യന്‍ യൂണിയന്‍ ഇലക്ഷനില്‍ ഇതാദ്യമായി അയര്‍ലണ്ടിലെ ആയിരക്കണക്കിന് മലയാളികള്‍ വോട്ടുചെയ്യാനെത്തും.ഐറിഷ് പൗരത്വം സ്വീകരിച്ച മലയാളികള്‍ക്കാണ് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലിമെന്റിലേയ്ക്ക് വോട്ടവകാശമുള്ളത്.ഡബ്ലിന്‍ മണ്ഡലത്തില്‍ മാത്രം രണ്ടായിരത്തോളം ഇന്ത്യാക്കാര്‍ വോട്ടവകാശം വിനിയോഗിക്കേണ്ടവരുണ്ടെന്നാണ് ലേബര്‍ പാര്‍ട്ടി ഇലക്ഷന്‍ സ്ഥിതിവിവര വിഭാഗമടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്ക്.ഇവരില്‍ ബഹു ഭൂരിപക്ഷവും മലയാളികള്‍ ആവാനാണ് സാധ്യത.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലിമെന്റിലേയ്ക്ക് മത്സരിക്കുന്നവര്‍ക്ക് രണ്ടായിരം വോട്ടുകള്‍ വളരെ പ്രധാനപ്പെട്ടതായതിനാല്‍ ഡബ്ലിനിലെ മലയാളികളുടെ വോട്ടിന് വിലയേറും.ലോക്കല്‍ ഇലക്ഷനോടൊപ്പമാണ് യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പും എന്നതിനാല്‍ വോട്ടവകാശമുള്ളവര്‍ മിക്കവരും വോട്ട് ചെയ്യാനെത്തിയേക്കും.

ഫിംഗല്‍ ,ലോംഗ് ഫോര്‍ഡ് മേഖലകളിലാവട്ടെ ഐറിഷ് പാര്‍ലമെന്റിലേക്കുള്ള ഉപ തിരഞ്ഞെടുപ്പും നടക്കുന്നു. ഐറിഷ് രാഷ്ട്രീയത്തിലേക്ക് ഇത്തവണ മുതല്‍ മലയാളികള്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്,പല സ്ഥലത്തും വോട്ടര്‍ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ മലയാളികള്‍ പ്രത്യേക കാമ്പയിന്‍ പോലും നടത്തിയിരുന്നു.ഡബ്ലിന്‍ മണ്ഡലത്തിലെ പ്രധാന സ്ഥാനാര്‍ഥികളില്‍ മിക്കവരും അയര്‍ലണ്ടിലെ ഇന്ത്യാക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് 

B4വാള്‍ പോസ്റ്റര്‍ കാംബയിനില്‍ ഒന്നാമതെത്തിയിരിക്കുന്നത് സ്വതന്ത്ര സ്ഥാനാര്‍ഥി നെസ്സ ചില്‍ടെഴ്‌സാണ്.2009 ലെ യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഡബ്ലിന്‍ ഒഴികെയുള്ള ലിന്‍സ്റ്റര്‍ മേഖലയിലെ മണ്ഡലമായ ഈസ്റ്റില്‍ നിന്നും ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ ജയിച്ച നെസ്സ ചില്‍ടെഴസ് അയര്‍ലണ്ടിന്റെ മുന്‍ പ്രസിഡണ്ടായിരുന്ന എര്‍സ്‌കിന്‍ ചില്‍ടെഴസിന്റെ മകളാണ്. ലേബര്‍ പാര്‍ട്ടി അംഗമായിരുന്ന നെസ്സ 2004ലെ ലോക്കല്‍ തിരഞ്ഞെടുപ്പില്‍ സ്വദേശമായ ബ്ലാക്ക് റോക്കില്‍ നിന്നും മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്തതിനാല്‍ രാജിവെച്ചു ഗ്രീന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു.കൌണ്‍സിലറായി ജയിച്ച അവര്‍ പക്ഷെ കാലാവധി പൂര്‍ത്തിയാക്കും മുന്‍പേ ഗ്രീന്‍ പാര്‍ട്ടി വിട്ട് ലേബര്‍ പാര്‍ട്ടിയില്‍ തിരികെയെത്തി. തുടര്‍ന്നാണ് ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും ജയിച്ചത്.എന്നാല്‍ ലേബര്‍ പാര്‍ട്ടിയോട് വീണ്ടും ഇടഞ്ഞ ഇവര്‍ ഇത്തവണ സ്വതന്ത്രയായാണ് ഡബ്ലിനില്‍ മത്സരിക്കുന്നത്.

B6അഭിപ്രായവോട്ടെടുപ്പുകളില്‍ ഡബ്ലിനില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്നത് സിന്‍ ഫിന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ലിന്‍ ബോയലാനാണ്.പ്രധാന പ്രതിപക്ഷമായ ഫിനാ ഫാളിന്റെ ബദലായി സിന്‍ഫിന്‍ എത്തിക്കഴിഞ്ഞു.അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ഫിന്‍ഗേലും ,സിന്‍ഫിനും തമ്മിലാവും പ്രധാനമത്സരമെന്ന് ഗതാഗതമന്ത്രി ലിയോ വരേദ്കര്‍ പോലും അഭിപ്രായപ്പെട്ടിരുന്നു.ഫിനാ ഫാളിനും,ഫിന്‍ഗേലിനും ,ലേബര്‍ പാര്‍ട്ടിക്കും ശേഷം മാത്രം സ്ഥാനമുണ്ടായിരുന്ന സിന്‍ ഫിന്‍ അയര്‍ലണ്ടിലെ എല്ലാ മണ്ഡലങ്ങളിലും ഒന്നാം സ്ഥാനത്ത് വരുന്നതായാണ് സൂചനകള്‍.ബാലിമൂണില്‍ നിന്നുള്ള കമ്മ്യൂണിറ്റി കോ ഓര്‍ഡിനേറ്റരായി ജോലി നോക്കുന്ന ലിന്‍ ബോയലാന്‍ സൌത്ത് കെറിയില്‍ കഴിഞ്ഞ തവണ മത്സരിച്ചു പരാജയപ്പെട്ടിരുന്നു.ഇത്തവണ ശുഭ പ്രതീക്ഷയിലാണ് ഇവര്‍ മത്സരരംഗത്തുള്ളത്.

B1ഡബ്ലിനിലെ എല്ലാ വേദികളിലും നിറസാന്നിധ്യമായ എമര്‍ കോസ്റ്റലയാണ് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഡബ്ലിനില്‍ മത്സരിക്കുന്നത്.ഡബ്ലിന്റെ മുന്‍ മേയര്‍ കൂടിയായ എമര്‍ കുടിയേറ്റക്കാരോട് എപ്പോഴും അനുഭാവം പുലര്‍ത്തുന്ന ഒരാളായാണ് അറിയപ്പെടുന്നത്.ഡബ്ലിന്‍ മേയര്‍ ആയിരുന്ന സമയത്ത് ഇന്റര്‍കള്‍ച്ചറല്‍ വകുപ്പിലൂടെ നിരവധി പദ്ധതികള്‍ ഡബ്ലിനിലെ കുടിയേറ്റക്കാരുടെ നഗരഭരണ പങ്കാളിത്വത്തിന് വേണ്ടി നടപ്പാക്കാന്‍ എമര്‍ മുന്‍കൈ എടുത്തിരുന്നു.എന്ടാ കെന്നി മന്ത്രിസഭയിലെ അംഗമായ ജോ കൊസ്റ്റലയാണ് എമറിന്റെ ഭര്‍ത്താവ്.ഡബ്ലിനില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടിയുടെ ഏക സ്ഥാനാര്‍ഥിയാണ് എമര്‍.ലേബര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ഡബ്ലിന്‍ സിറ്റിയിലെ വോട്ടര്‍മാരിലാണ് എമറിന്റെ പ്രത്യാശ.

B2ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ ഫിന്‍ ഗേല്‍ രംഗത്തിറക്കിയിരിക്കുന്നത് ധനകാര്യ സഹമന്ത്രിയായ ബ്രിയാന്‍ ഹെയ്‌സിനെയാണ്.താല ,ലൂക്കന്‍ അടക്കമുള്ള മേഖലകളെ പ്രതിനിധീകരിക്കുന്ന റ്റി ഡി എന്ന നിലയില്‍ മലയാളികള്‍ക്ക് പരിചിതനാണ് ഇദ്ദേഹം.മലയാളി സമൂഹത്തോട് അടുത്ത ബന്ധം പുലര്‍ത്താന്‍ അദ്ദേഹം ഒട്ടേറെ ശ്രമിക്കുന്നുണ്ട്.താലയില്‍ ഈയിടെ മലയാളികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഹെയ്‌സ് ഉന്നത അധികാരികളോട് വിശദീകരണം ചോദിക്കുകയും മലയാളികള്‍ ഈ ആവശ്യത്തിന് വേണ്ടി വിളിച്ചു ചേര്‍ത്ത ഒരു യോഗത്തില്‍ പങ്കെടുത്തു ആശങ്കയറിയിക്കുകയും ചെയ്തിരുന്നു.അഭിപ്രായ വോട്ടെടുപ്പുകളില്‍ രണ്ടാം സ്ഥാനത്താണ് ഹെയ്‌സ്.

B5സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പോള്‍ മര്‍ഫിയാണ് ഡബ്ലിനില്‍ മത്സരിക്കുന്ന മറ്റൊരു പ്രധാന സ്ഥാനാര്‍ഥി.വാട്ടര്‍ ചാര്‍ജിന്റെയും,പ്രോപ്പര്‍ട്ടി റ്റാക്‌സിന്റെയും ധനകാര്യനയങ്ങളുടെയും പേരില്‍ സര്‍ക്കാരിനെതിരെ നിരന്തരം സമരമുഖത്തുണ്ടായിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയും താഴ്ന്ന വരുമാനക്കാരുടെയും,സാധാരണക്കാരുടെയും വോട്ട് കൈയ്യടക്കും.

B3ഫിനാ ഫാളിന്റെ മേരി ഫിറ്റ്‌സ് പാട്രിക് ആവട്ടെ പ്രചാരണരംഗത്ത് സജീവമാണെങ്കിലും എത്ര വോട്ട് പിടിയ്ക്കുമെന്നു കണ്ടറിയണം.സര്‍ക്കാരിനെതിരെയുള്ള എതിര്‍പ്പ് മുതലെടുക്കാന്‍ ദീര്‍ഘകാലം അയര്‍ലണ്ട് ഭരിച്ച ഫീനാ ഫാളിന് കഴിയുന്നില്ല.

ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ ,ഫിംഗല്‍ ,ഡണ്‍ലേരി ,സൗത്ത് ഡബ്ലിന്‍ എന്നി മേഖലകള്‍ അടങ്ങുന്നതാണ് ഡബ്ലിന്‍ മണ്ഡലം. എട്ടു ലക്ഷത്തോളം വോട്ടര്‍മാരുള്ള ഇവിടെ കഴിഞ്ഞ തവണ ജയിക്കാന്‍ ആവശ്യമായ ക്വാട്ടാ വോട്ട് 101658 ആയിരുന്നു.മൂന്നു പേരെയാണ് എം ഇ പി ആയി ഡബ്ലിന്‍ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കുക.ഇതിനായി 12 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

ബ്രിയാന്‍ ഹെയ്‌സ് (ഫിന്‍ഗേല്‍ )എമര്‍ കോസ്റ്റല (ലേബര്‍ പാര്‍ട്ടി)പോള്‍ മര്‍ഫി (സോഷ്യലിസ്റ്റ് പാര്‍ട്ടി )എന്നിവര്‍ ഇന്ത്യാക്കാരുടെ വോട്ടുകള്‍ പങ്കിട്ടെടുത്തേയ്ക്കുമെന്നാണ് സൂചനകള്‍.ഈ മൂന്നു സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരുടെ ചില കൂട്ടായ്മകള്‍ അണിയറ നീക്കങ്ങള്‍ നടത്തുന്നുണ്ട്. സിന്‍ ഫിന്നിന്റെ ലിന്‍ ബോയലനും ,നെസ്സ ചില്‍ടെഴ്‌സനും ജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളാണെങ്കിലും മലയാളികള്‍ക്കിടയില്‍ നിന്നും അവര്‍ക്ക് വോട്ടുകള്‍ കിട്ടാനുള്ള സാധ്യത കുറവാണ്.

രാവിലെ 7 മുതല്‍ രാത്രി 10 മണി വരെ വോട്ടിംഗ് സമയമുള്ളതിനാല്‍ നാളെ ജോലി ചെയ്യുന്നവരും വോട്ട് ചെയ്യാനെത്തുമെന്ന പ്രതീക്ഷയിലാണ്സ്ഥാനാര്‍ഥികള്‍. 

ഇന്ത്യാക്കാര്‍ ഒന്നിച്ചു നിന്നാല്‍ ഒരു സ്ഥാനാര്‍ഥിയുടെ ജയ പരാജയങ്ങള്‍ നിര്‍ണ്ണയിക്കാനാവുന്ന അവസരം വന്നു ചേര്‍ന്നിട്ടുണ്ടെങ്കിലും എത്ര മലയാളികള്‍ കണക്കിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കണ്ടറിയണം.

Scroll To Top