Wednesday December 07, 2016
Latest Updates

ഡബ്ലിന്‍ നഗരത്തില്‍ ഇന്ന് മുതല്‍ ഒരാഴ്ച്ച ,രാത്രികാലങ്ങളില്‍ കുടിവെള്ളവിതരണത്തിനു നിയന്ത്രണം

ഡബ്ലിന്‍ നഗരത്തില്‍ ഇന്ന് മുതല്‍ ഒരാഴ്ച്ച ,രാത്രികാലങ്ങളില്‍ കുടിവെള്ളവിതരണത്തിനു നിയന്ത്രണം

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി ,ഫിംഗല്‍ ,സൗത്ത് ഡബ്ലിന്‍ .ഡണ്‍ലേരി എന്നി ലോക്കല്‍ അതോറിറ്റികളില്‍ ഇന്നുമുതല്‍ രാത്രി വിതരണം ചെയ്യുന്ന ശുദ്ധജലത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ശുദ്ധജല നിര്‍മ്മാണകേന്ദ്രത്തില്‍ വന്ന ചില സാങ്കേതിക തകരാറുകള്‍ നിമിത്തമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ഡബ്ലിന്‍ ലോക്കല്‍ അതോറിറ്റിയുടെ അറിയിപ്പനുസരിച്ച് സിറ്റിയുടെയും കൗണ്ടിയുടെയും എല്ലാ ഭാഗങ്ങളിലും നിയന്ത്രണം ഉണ്ടാവുമെന്നാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പറഞ്ഞത്. ലഭിക്കുന്ന ജലം സംരക്ഷിച്ച് ഉപയോഗിക്കാനും ഉപഭോക്താക്കളോട് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നുമുതല്‍ വൈകിട്ട് 8മണിയോടെ ആരംഭിക്കുന്ന നിയന്ത്രണം രാവിലെ 7മണി വരെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. പരിശോധന നടത്തി വേണ്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ നിയന്ത്രണം തുടരും, എന്നാല്‍ അടുത്ത തിങ്കളാഴ്ച്ചയോടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് അതോറിറ്റിയുടെ കണക്കുകൂട്ടല്‍.

ബല്ലിമോര്‍ യുസ്‌റ്റേറ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിര്‍മ്മാണത്തില്‍ വന്ന തടസങ്ങളാണ് നിയന്ത്രണത്തിന് വഴിവച്ചതെന്നും കഴിഞ്ഞ വാരാന്ത്യം മുതല്‍ തന്നെ ഇതു നിമിത്തം വെള്ളം നിര്‍മ്മിക്കുന്നതില്‍ കുറവു വന്നിരുന്നുവെന്നും അതോറിറ്റിയുടെ അറിയിപ്പില്‍ പറയുന്നു.
എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പൂര്‍ണ്ണമായും പരിഹരിക്കപ്പെടാന്‍ സമയം എടുക്കുമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.

കഴിയുന്നതും വെള്ളം സംഭരിച്ച് ഉപയോഗത്തില്‍ നിയന്ത്രണം വരുത്തി തങ്ങളെ സഹായിക്കണമെന്നും ഉപഭോക്താക്കളെ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

വില്‍പ്പന നടത്തുന്നതും സംഭരിച്ചുവച്ചിരിക്കുന്നതുമായ വെള്ളത്തിന്റെ ഗുണനിലവാരത്തില്‍ യാതൊരു വീഴ്ച്ചയും ഇല്ലെന്നും അതോറിറ്റി അറിയിക്കുന്നുണ്ട്.
ഈ തീരുമാനം നിമിത്തം പ്രശ്‌നത്തിലാവുന്ന പ്രദേശവാസികളോട് അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു.

Scroll To Top