Friday December 09, 2016
Latest Updates

ഡബ്ലിന്‍ ഇനി യൂറോപ്പിന്റെ സിലിക്കണ്‍ വാലി, ഐ ടി സ്ഥാപനങ്ങളുടെ എണ്ണവും ,തൊഴിലവസരങ്ങളും കുതിച്ചുയരുന്നു

ഡബ്ലിന്‍ ഇനി യൂറോപ്പിന്റെ സിലിക്കണ്‍ വാലി, ഐ ടി സ്ഥാപനങ്ങളുടെ എണ്ണവും ,തൊഴിലവസരങ്ങളും കുതിച്ചുയരുന്നു

ഡബ്ലിന്‍: ലണ്ടനെ പിന്തള്ളിക്കൊണ്ട് ഡബ്ലിന്‍ യൂറോപ്പിലെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി റിയല്‍ എസ്‌റ്റേറ്റ് തലസ്ഥാനമായി മാറിയിരിക്കുകയാണ്. ഇന്റര്‍നേഷണല്‍ പ്രോപര്‍ട്ടി ഏജന്റായ കൊളയേര്‍സ് ഇന്റര്‍നേഷണല്‍സിന്റെ അഭിപ്രായത്തില്‍ ഐടി മേഖലയില്‍ വളരെ മികച്ച രീതിയിലുള്ള മുന്നേറ്റമാണ് ഡബ്ലിന്‍ നടത്തിയതെന്നാണ്.

ലണ്ടനിലെ ടെക്‌നോളജി റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റിനെ കടത്തിവെട്ടിക്കൊണ്ടുള്ള വളര്‍ച്ചയാണ് ഡബ്ലിന്‍ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിന് ഉണ്ടായിരിക്കുന്നത്.

യൂറോപ്പിലെ കമേര്‍ഷ്യല്‍ പ്രോപര്‍ടി വികസനവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ അുസരിച്ച് 30ശതമാനത്തോളം ഓഫീസുകളും ഐടി മേഖലയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായാണ് 2015ല്‍ ഉപയോഗക്കപ്പെട്ടിരിക്കുന്നത്. 2010- 2014 കാലഘട്ടത്തിനിടയില്‍ അയര്‍ലണ്ടില്‍ യുഎസ് ഐടി ഭീമന്‍മാര്‍ മാത്രം 130 ബില്ല്യന്‍ ഡോളര്‍ (95 ബില്ല്യന്‍ യൂറോ) നിക്ഷേപിച്ചിട്ടുണ്ട്.

യൂറോപ്പിലെ ഡാറ്റാ സെന്റര്‍ ഓപറേഷനുകളുടെ വളര്‍ച്ച ഏറ്റവും വേഗത്തില്‍ നടക്കുന്നതും അയര്‍ലണ്ടില്‍ തന്നെയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ടെക്‌നിക്കല്‍ മേഖലയാണ് ഡബ്ലിന്റെ മോശം കാലത്തിന് അറുതി വരുത്തിയതെന്നാണ് കൊളയേര്‍സ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ പോള്‍ ഫിനുകേന്‍ പറഞ്ഞത്.

ലണ്ടനെ കടത്തിവെട്ടിക്കൊണ്ട് ഇപ്പോള്‍ ഡബ്ലിന്‍ ‘യൂറോപ്പിന്റെ സിലിക്കണ്‍ വാലി’ ആയി മാറിയിരിക്കുകയാണെന്നും ഫിനുകേന്‍ കൂട്ടിച്ചേര്‍ത്തു.

ഡബ്ലിനിലെ ടെക്‌നോളജി വളര്‍ച്ച കാരണം ഇപ്പോള്‍ അവടെയുള്ള വാടകയും 25ശതമാനത്തോളം വര്‍ദ്ധിച്ചതായും ഇപ്പോള്‍ വമ്പന്‍ കമ്പനികള്‍ ഡബ്ലിനില്‍ ഇടം പിടിക്കാനായി ഓഫീസ് സ്ഥലങ്ങള്‍ അന്വേഷിക്കുകയാണെന്നും ഫിനുകേന്‍ പറയുന്നു.

കമ്പനികളില്‍ പലതിനും ഡബ്ലിനില്‍ തന്നെ 5000 സ്‌ക്വയര്‍ഫീറ്റില്‍ ഓഫീസ് കെട്ടിടമാണ് ആവശ്യം. എന്നാല്‍ ഈ പ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍.

ഈ ലഭ്യതക്കുറവ് ഒഴിച്ചു നിര്‍ത്തിയാല്‍ ഡബ്ലിനില്‍ എല്ലാ ടെക് കമ്പനികളുടെയും സ്ഥല സൗകര്യങ്ങള്‍ ഈയടുത്ത കാലങ്ങളില്‍ മെച്ചപ്പെടുത്തിയിട്ടുമുണ്ട്.

വളരെ മികച്ച കഴിവുകളുള്ള ചെറുപ്പക്കാരെ ഡബ്ലിന്‍ തങ്ങള്‍ക്ക് ജോലിക്കായി നല്‍കുന്നുവെന്നാണ് പല ടെക് കമ്പനികളും പറയുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലന്വേഷകരായ ആളുകളെപ്പോലും ഡബ്ലിന്‍ ആകര്‍ഷിക്കുന്നു. ഡബ്ലിനില്‍ ടെക്‌നോളജി, ഇന്‍ഫോര്‍മേഷന്‍ വിഭാഗങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരില്‍ 55ശതമാനത്തോളം പേരും പ്രവാസികള്‍ തന്നെയാണ്.

ഇനി വരുന്ന ദശകത്തിലും ,എല്ലാവര്‍ഷവും ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഐ ടി മേഖലയില്‍ ആവും ഉണ്ടാകാന്‍ പോകുന്നത് എന്നതും ഡബ്ലിനെ ഐ ടി മേഖലയിലെ പ്രിയപ്പെട്ട നഗരമാക്കുന്നു.

ഈ വര്‍ഷത്തോടെ പുതിയ ഓഫീസ് കെട്ടിടങ്ങള്‍ ഡബ്ലിനില്‍ നിര്‍മ്മിക്കാനുള്ള ഉത്തരവ് ഉണ്ടാവുമെന്നാണ് വിശ്വസിക്കുന്നതെന്നും ഫിനുകേന്‍ പറഞ്ഞു.
ആവശ്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ലഭ്യത കുറയുകയും കെട്ടിടങ്ങള്‍ക്ക് വില കുതിച്ചുയരുകയും ചെയ്യുന്ന പ്രതീതിയും ഡബ്ലിനില്‍ കാണാം.
ഇവിടെ കെട്ടിടങ്ങള്‍ക്ക് ക്ഷാമം നേരിട്ടിരിക്കുന്നത് നാമ കാരണമല്ലെന്നും, ഒട്ടേറെ കെട്ടിടങ്ങള്‍ വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുന്നു എന്ന ധാരണ തെറ്റാണെന്നും മാത്രമല്ല വളരെ കുറച്ചു മാത്രം കെട്ടിടങ്ങളെ ഇവിടെ വില്‍പ്പനയ്ക്കായുള്ളൂവെന്നും ഫിനുകേന്‍ പറഞ്ഞു.

Scroll To Top