Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ 30000 പുതിയ വീടുകള്‍ക്ക് സ്ഥലം കണ്ടെത്തി;അപ്പാര്‍ട്ട്‌മെന്റുകളില്‍ സോഷ്യല്‍ ഹൗസിങ്ങിനായി സ്ഥലം മാറ്റി വയ്ക്കണമെന്ന് പുതിയ ഹൗസിംഗ് നയം

ഡബ്ലിനില്‍ 30000 പുതിയ വീടുകള്‍ക്ക് സ്ഥലം കണ്ടെത്തി;അപ്പാര്‍ട്ട്‌മെന്റുകളില്‍ സോഷ്യല്‍ ഹൗസിങ്ങിനായി സ്ഥലം മാറ്റി വയ്ക്കണമെന്ന് പുതിയ ഹൗസിംഗ് നയം

ഡബ്ലിന്‍: പുതിയതായി അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കുന്ന ബില്‍ഡര്‍മാര്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ഒരു ഭാഗം സോഷ്യല്‍ ഹൗസിങ്ങിനായി മാറ്റി വയ്ക്കണമെന്ന് നിയമഭേദഗതി. ഹൌസിംഗ് മന്ത്രി ജാന്‍ ഓ സുള്ളിവന്‍ അറിയിച്ചതാണ് ഇക്കാര്യം. പ്ലാനിംഗ് നിയമം അനുസരിച്ച് പുതിയതായി നിര്‍മ്മിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളുടെ 10 ശതമാനം ഭാഗം സോഷ്യല്‍ ഹൗസിങ്ങിനായി മാറ്റിവയ്ക്കണമെന്നാണ് നിര്‍ദ്ദേശം. നിലവില്‍ സോഷ്യല്‍ ഹൗസിങ്ങിനായി സ്ഥലം മാറ്റി വയ്ക്കുന്നതിനു പകരം സ്ഥലം നല്കുകയോ പണം നല്കുകയോ ആണ് ബില്‍ഡര്‍മാര്‍ ചെയ്യുന്നത്. തല്‍ഫലമായി നിലവില്‍ നിര്‍മിക്കപ്പെടുന്ന വെറും 5 ശതമാനം അപ്പാര്‍ട്ട്‌മെന്റുകളില്‍ മാത്രമാണ് സോഷ്യല്‍ ഹൗസിങ്ങിനായി സ്ഥലം മാറ്റി വയ്ക്കുന്നത്. 

എന്നാല്‍ ഇനി മുതല്‍ പുതിയ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കൊപ്പം സോഷ്യല്‍ ഹൌസിംഗ് നിര്‍ബന്ധിതമാക്കുന്ന രീതിയിലാണ് നിയമഭേദഗതി. അയര്‍ലണ്ടില്‍ ആവശ്യത്തിനു വീടുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡര്‍മാര്‍ സോഷ്യല്‍ ഹൗസിങ്ങിനായി സ്ഥലം മാറ്റി വയ്ക്കണമെന്ന നിയമം നിര്‍ബന്ധിതമാക്കിയത്. സ്ഥലങ്ങളുടെ ഊഹക്കച്ചവടം അവസാനിപ്പിക്കാനും വീടുകള്‍ കൂടുതല്‍ ആവശ്യമുള്ളയിടത്ത് വീട് നിര്‍മ്മാണവും വിതരണവും വര്‍ദ്ധിപ്പിക്കാനും നിയമഭേദഗതിയില്‍ നിര്‍ദ്ദേശമുണ്ട്.

വീടുകള്‍ക്ക് ക്ഷാമം നേരിടുന്നതിനാലും വാടക നിരക്ക് കുതിച്ച് ഉയരുന്നതിനാലും പുതിയ നിയമഭേദഗതി ഭവനരഹിതര്‍ക്ക് സഹായകരമാകുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. വീടുകളുടെ വിതരണം വേഗത്തിലാക്കാന്‍ ഈ നിയമം സഹായകരമാകുമെന്നും അവര്‍ പറഞ്ഞു. 30,000 ഹൌസിംഗ് യൂണിറ്റുകള്‍ക്കുള്ള സ്ഥലം ഡബ്ലിനില്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Scroll To Top