Saturday December 10, 2016
Latest Updates

ഡബ്ലിനില്‍ വീണ്ടും ഗാസ ഐക്യദാഢ്യ പ്രകടനം; ഇസ്രായേലി പതാക അഴിച്ചുമാറ്റി ഡണ്‍ലേരിയില്‍ പ്രതിഷേധം 

ഡബ്ലിനില്‍ വീണ്ടും ഗാസ ഐക്യദാഢ്യ പ്രകടനം; ഇസ്രായേലി പതാക അഴിച്ചുമാറ്റി ഡണ്‍ലേരിയില്‍ പ്രതിഷേധം 

ഡബ്ലിന്‍: ഡബ്ലിനില്‍ വീണ്ടും ഗാസ ഐക്യദാഢ്യ പ്രകടനം. ഗാസയിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. മൂവായിരത്തോളം പേര്‍ പങ്കെടുത്ത ഗാസ ഐക്യദാഢ്യ പ്രകടനം ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നാണു ആരംഭിച്ചത്. തുടര്‍ന്ന് ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ എത്തി പ്രതിഷേധം രേഖപ്പെടുത്തി. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് എഴുതിയ ബാനറുകളും പാലസ്തീന്‍ കൊടികളും ഏന്തിയാണ് ജനങ്ങള്‍ പ്രകടനം നയിച്ചത്. 

Flagഅയര്‍ലണ്ട്പാലസ്തീന്‍ ഐക്യദാഢ്യ സംഘടനയുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്. അയര്‍ലണ്ടില്‍ ഗാസയിലെ ജനങ്ങള്‍ക്കുള്ള പിന്തുണ വര്‍ദ്ധിച്ചതായി സംഘടന വക്താവ് ഫ്രാങ്കി ടെയ്‌ലര്‍ പറഞ്ഞു. ഗാസയിലെ സാഹചര്യത്തെക്കുറിച്ച് ഇപ്പോള്‍ ജനങ്ങള്‍ കൂടുതല്‍ ബോധാവാന്മാരാണെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ പേര്‍ പ്രതിഷേധങ്ങളില്‍ അണിനിരക്കാന്‍ രംഗത്ത് വരുന്നുണ്ടെന്നും സംഘടന വക്താക്കള്‍ പറഞ്ഞു. ആക്രമണം പത്താം ദിവസം കടന്നപ്പോള്‍ മരണസംഖ്യ 300 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. രണ്ടായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റു. 

അതിനിടെ ഡന്‍ലേരിയില്‍ നടക്കുന്ന കുട്ടികളുടെ സെയിലിംഗ് മത്സരവേദിയിലും ഇസ്രയേലിനെതിരെ പ്രതിഷേധം ഉയര്‍ന്നു. മത്സര വേദിയില്‍ പങ്കെടുക്കുന്ന രാജ്യങ്ങളെ പ്രതിനിധീകരിച്ച് കെട്ടിയിരുന്ന പതാകകളില്‍ നിന്ന് ഇസ്രായേലി പതാക അഴിച്ച് മാറ്റി. പീപ്പിള്‍ ബിഫോര്‍ പാര്‍ട്ടിയുടെ കൌണ്‍സിലറായ ഹ്യൂഗ് ലെവിസാണ് പതാക അഴിച്ച് മാറ്റിയത്. ഇസ്രയേല്‍ പതാക അഴിച്ച് മാറ്റാന്‍ ലെവിസ് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ വിസമ്മതിച്ചു. 

ഇതേതുടര്‍ന്ന് ലെവിസ് സ്വയം ഇസ്രയേല്‍ പതാക അഴിച്ചുമാറ്റുകയായിരുന്നു. കുട്ടികളെ കൊന്നൊടുക്കുന്ന ഇസ്രായലിന്റെ നടപടിയ്‌ക്കെതിരെ പ്രതീകരിക്കുകയായിരുന്നു ലെവിസ്.ഇസ്രായേലില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളും, നാല് ആണ്‍കുട്ടികളും സെയ്‌ലിങ്ങ് മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. 

Scroll To Top