Friday December 09, 2016
Latest Updates

ഡബ്ലിനില്‍ വാടക നിരക്ക് കുതിച്ചുയരുന്നു; പ്രതിവിധിയായി കുടിയേറ്റക്കാരും ഭവനനിര്‍മ്മാണ മേഖലയിലേക്ക്

ഡബ്ലിനില്‍ വാടക നിരക്ക് കുതിച്ചുയരുന്നു; പ്രതിവിധിയായി കുടിയേറ്റക്കാരും ഭവനനിര്‍മ്മാണ മേഖലയിലേക്ക്

ഡബ്ലിന്‍: സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഡബ്ലിനില്‍ വാടക നിരക്ക് ഉയരുമ്പോള്‍ മറ്റിടങ്ങളില്‍ അത് കുറയുന്നതായി റിപ്പോര്‍ട്ട്.കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഡബ്ലിനിലെ അപ്പാര്‍ട്ട്‌മെന്റ് വാടകശരാശരി 1,070 യൂറോയാണ്. തലസ്ഥാനത്തിന് പുറത്ത് അത് 630 യൂറോമാത്രമാണെന്നും പുതിയതായി പുറത്ത് വരുന്ന കണക്കുകള്‍ സൂചന നല്‍കുന്നു.

ഡബ്ലിനില്‍ വാടക മൂന്നാം പാദത്തില്‍ ശക്തമായ വളര്‍ച്ചയാണ് കാണിക്കുന്നത്.2.1 ശതമാനം വീതം. എന്നാല്‍ ഡബ്ലിനു പുറത്ത് 0.9 ശതമാനം ഇടിവാണ്കാണിക്കുന്നതെന്ന് പ്രൈവറ്റ് ടെനന്‍സീസ് ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം വാര്‍ഷിക വളര്‍ച്ചയുമായി തട്ടിച്ച്‌നോക്കുമ്പോള്‍ ഡബ്ലിനിലേത് സാവധാനത്തിലുള്ള വളര്‍ച്ചയാണെന്നാണ്  വീദഗ്ദ്ധര്‍ പറയുന്നത്. ഡബ്ലിനിലെ വാടക 7.6 ശതമാനം മാത്രമാണ്  വാര്‍ഷികമായി നോക്കുമ്പോള്‍ വളര്‍ച്ച.

അതേസമയം 2013 ലെ അവസാന മൂന്ന് മാസം വീട്ടുവാടക തീരെ താഴ്ന്നസ്ഥിതിയിലായിരുന്നു. അതിന് തൊട്ടുമുമ്പത്തെ സാമ്പത്തിക പാദത്തെഅപേക്ഷിച്ച് 1.5 ശതമാനം കുറഞ്ഞു. എന്നാല്‍ തൊട്ടടുത്ത സാമ്പത്തികപാദത്തില്‍ അപ്പാര്‍ട്ട്‌മെന്‍്‌റുകളുടെ വാടക 1.9 ശതമാനമായി കൂടുകയുംചെയ്തു.

ഏജന്‍സികളും കൂടുതല്‍ വീടുകളുള്ള ചില ഉടമകളും ഒത്തുകളിക്കുന്നതിന്റെ ഫലമായാണ് ഡബ്ലിനിലെ വാടക പ്രതിസന്ധി ഉണ്ടായിരിക്കുന്നതെന്നാണ് നാഷണല്‍ കണ്‍സ്യൂമേഴ്‌സ് ഫോറത്തിന്റെ കണ്ടെത്തല്‍.വീടുകള്‍ കിട്ടാനില്ലെന്ന പ്രതീതി വരുത്തുകയും ,ഭവന മേഖലയിലെ വെബ് സൈറ്റുകളില്‍ കൂടുതലായി പരസ്യം ചെയ്യാതെയും ഇവര്‍ വിലപേശുകയാണ് എന്നാണു ഫോറത്തിന്റെ കണ്ടെത്തല്‍ . ഭവനമേഖലയിലെ വെബ്‌സൈറ്റുകള്‍ മിക്കതും ഏജന്‍സികളുടെ മറവിലാണ് പ്രവര്‍ത്തിക്കുന്നതും.

കുടിയേറ്റക്കാരാണ് വാടക വര്‍ദ്ധനവില്‍ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത്.ജോലി സ്ഥലത്തിനും,കുട്ടികളുടെ സ്‌കൂള്‍ സൗകര്യങ്ങള്‍ക്കും തൊട്ടടുത്തായി വീടുകള്‍ തേടുമ്പോള്‍ വാടക തോത് കുത്തനെ കൂടും.

കുടിയേറ്റക്കാരായ നിരവധി പേര്‍ ഇപ്പോള്‍ നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യം    പ്രകടിപ്പിക്കുന്നുണ്ട്.ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചാല്‍ ചിലവ് കുറച്ചു നിര്‍മ്മാണ മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കാനും,നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയുമെന്ന് പറയപ്പെടുന്നു.ഏതാനം മലയാളികള്‍ തന്നെ ഇപ്പോള്‍ ഭവന നിര്‍മ്മാണ മേഖലയിലും ,റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നത് ശുഭോദാര്‍ക്കമാണ്.തദ്ദേശിയരായ ഏജന്‍സികളുടെ നീരാളി പിടുത്തത്തില്‍ നിന്നും കുടിയേറ്റക്കാര്‍ക്ക് രക്ഷനേടാന്‍ ഇത്തരം തുടക്കങ്ങള്‍ കാരണമായേക്കും .

Scroll To Top