Friday December 09, 2016
Latest Updates

ഡബ്ലിനില്‍ യുവതിക്ക് നേരേ ആക്രമണം :നിഷ്‌ക്രീയരായി ഗാര്‍ഡ ,ജനം ഭീതിയില്‍

ഡബ്ലിനില്‍ യുവതിക്ക് നേരേ ആക്രമണം :നിഷ്‌ക്രീയരായി ഗാര്‍ഡ ,ജനം ഭീതിയില്‍

ഡബ്ലിന്‍: ഡബ്ലിനില്‍ വീണ്ടും സമൂഹവിരുദ്ധരുടെ ആക്രമണം. ഡബ്ലിന്‍ 15 ഏരിയയില്‍ 25കാരിയായ കെയര്‍ വര്‍ക്കര്‍ക്കുനേരെയാണ് രണ്ടു മദ്യപര്‍ ചേര്‍ന്ന് ആക്രമണം നടത്തിയത്.. പകല്‍ സമയത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഒരു ലോക്കല്‍ പാര്‍ക്കില്‍ കൂടിയുള്ള വഴിയില്‍ വച്ചാണ് ആക്രമണം നടന്നതെന്ന് സ്ത്രീ വിവരിച്ചു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തന്നെ രണ്ട് കള്ളുകുടിയന്‍മാര്‍ ആക്രമിച്ചു എന്നാണ് സ്ത്രീ പറഞ്ഞിരിക്കുന്നത്. ടോക വാലി പാര്‍ക്കിലൂടെയായിരുന്നു ഇവര്‍ യാത്ര ചെയ്തത്.
സാധാരണക്കാര്‍ ഉപയോഗിക്കുന്ന പാര്‍ക്കില്‍ ഈയിടെയായി സാമൂഹ്യവിരുദ്ധരുടെ കടന്നുകയറ്റമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. അതിനിടയിലാണ് സ്ത്രീ ആക്രമിക്കപ്പെട്ട സംഭവം അരങ്ങേറിയിരിക്കുന്നത്.

പാര്‍ക്കിലെ വഴിയരികില്‍ മദ്യപിച്ചുകൊണ്ടു രണ്ടുപേര്‍ നില്‍ക്കുന്നത് കണ്ടെങ്കിലും അത് കാര്യമാക്കാതെ സ്ത്രീ മുന്നോട്ടു വരികയായിരുന്നു. ഇവരില്‍ ഒരാള്‍ മൂത്രമൊഴിക്കുകയായിരുന്നു. സ്ത്രീ വരുന്നത് കണ്ടപ്പോള്‍ കൂടെ ഉള്ള ആളോട് വേറെ ഭാഷയില്‍ എന്തോ സംസാരിക്കുകയും സ്ത്രീ അടുത്തെത്തിയപ്പോള്‍ ചിരിക്കുകയും ചെയ്തു. പെട്ടെന്നു മൂത്രമൊഴിച്ചുകൊണ്ടിരുന്ന ആള്‍ തനിക്കുനേരെ തിരിഞ്ഞ് രഹസ്യഭാഗങ്ങള്‍ കാട്ടി എന്നും സ്ത്രീ പറഞ്ഞു.

തനിക്കു നാണമില്ലേ എന്ന ഒറ്റ ചോദ്യമാണ് താന്‍ ആക്രമിക്കപ്പെടാന്‍ കാരണമായതെന്നാണ് സ്ത്രീ പറഞ്ഞത്. തുടര്‍ന്ന് അവര്‍ സ്ത്രീയെ പാര്‍ക്കില്‍ തടഞ്ഞു വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. അതിനിടെ 999ലേക്ക് വിളിച്ച സ്ത്രീ ഗാര്‍ഡയോട് വിവരങ്ങള്‍ ധരിപ്പിച്ചു. ഇതും അക്രമികളെ കൂടുതല്‍ പ്രകോപിതരാക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീയെ തറയിലേക്ക് തള്ളിയിട്ട് അടിക്കുകയായിരുന്നു.

സ്ത്രീ നിലവിളിച്ചതിനെ തുടര്‍ന്നാണ് അക്രമികള്‍ ഇവരെ വിട്ട് ഓടിമാറിയത്. താന്‍ 999ല്‍ വിളിച്ചിരുന്നുവെന്നും അവര്‍ താന്‍ ആക്രമിക്കപ്പെടുകയാണെന്ന് മനസിലാക്കിയിരുന്നുവെന്നും സ്ത്രീ പറഞ്ഞു. എന്നാല്‍ ഗാര്‍ഡ തന്നെ ഇതേക്കുറിച്ച് അന്വേഷിക്കാനോ നടപടികളെടുക്കാനോ എത്തിയില്ലെന്നും സ്ത്രീ ആരോപിച്ചു.

ഗാര്‍ഡയെ വിളിച്ച് സ്‌റ്റേറ്റേമെന്റ് എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാത്രി ഗാര്‍ഡ തന്നെ തിരിച്ചുവിളിച്ച് സ്‌റ്റേഷനില്‍ ഹാജരാകാന്‍ സാധിക്കുമോ എന്നന്വേഷിക്കുകയാണ് ചെയ്തതെന്നും അവര്‍ കുറ്റപ്പെടുത്തി.

പകല്‍ സമയത്ത് ഇത്തരമൊരു ആക്രമണം നടന്നതില്‍ ജനം പരിഭ്രാന്തരാവുകയും ചെയ്തിരുന്നു.അതേ സമയം ആരും സഹായത്തിനെത്തിയതുമില്ല താന്‍ ഇനി അതേ പാര്‍ക്കിലൂടെ സഞ്ചരിക്കുകയില്ലെന്നാണ് അക്രമത്തിന് ഇരയാവേണ്ടി വന്ന സ്ത്രീ പറഞ്ഞത്.

ഇതുവരെയായി അറസ്റ്റുകളൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതലായി അന്വേഷിക്കുകയാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. സംഭവത്തിന് ദൃക്‌സാക്ഷികളോ അല്ലെങ്കില്‍ സംഭവത്തെക്കുറിച്ച് അറിയുന്നവരോ ബ്ലെഞ്ചാഡ്‌സ്ടൗണ്‍ ഗാര്‍ഡ സ്‌റ്റേഷനില്‍ 016667000 എന്ന നമ്പറിലേക്ക് ബന്ധപ്പെടാനാണ് ഗാര്‍ഡ അറിയിച്ചിരിക്കുന്നത്.

സാധാരണക്കാര്‍ക്കെതിരെ ഡബ്ലിനിലും പരിസര പ്രദേശങ്ങളിലുമായി നടന്നു വരുന്ന സാമൂഹിക വിരുദ്ധ അക്രമം വര്‍ദ്ധിച്ചുവരുന്നതിന്റെ തെളിവാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അധികൃതരുടെ അനാസ്ഥയും ഈ സംഭവത്തിലൂടെ വ്യക്തമാകുന്നുണ്ട്.ഈയിടെ ഡബ്ലിനില്‍ ഉത്തരേന്ത്യക്കാരിയായ ഡോക്റ്റര്‍ ആക്രമണത്തിനു ഇരയായത് ‘ഐറിഷ് മലയാളി ‘കഴിഞ്ഞ ആഴ്ച്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.അതി ദയനീയമായ വിധം ഇവര്‍ പീഡിപ്പിക്കപെടുകയായിരുന്നു.

ഗാര്‍ഡ സംഭവങ്ങള്‍ നിസാരവത്കരിക്കുകയും അഭിമാനം കരുതി ഇരകള്‍ രഹസ്യം സൂക്ഷിക്കുകയും ചെയ്യുന്നതിനാല്‍ പുറംലോകം സംഭവങ്ങള്‍ അറിയാതെ പോവുകയാണ്.ഡല്‍ഹിയില്‍ യുവതി പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഇന്ത്യയെ നോക്കി പരിഹസിച്ചവര്‍ ഞെട്ടിപ്പോവുന്ന സംഭവങ്ങളാണ് ഇപ്പോള്‍ ഡബ്ലിന്‍ നഗരത്തില്‍ അരങ്ങേരുന്നതെന്നതാണ് യാഥാര്‍ഥ്യം

Scroll To Top