Monday December 05, 2016
Latest Updates

ഡബ്ലിനില്‍ മൂന്ന് അതിവേഗ ബസ് റൂട്ടുകള്‍:കുറഞ്ഞ നിരക്കില്‍ കാറിനേക്കാള്‍ വേഗതയുള്ള 18 മീറ്റര്‍ നീളമുള്ള ബസുകള്‍

ഡബ്ലിനില്‍ മൂന്ന് അതിവേഗ ബസ് റൂട്ടുകള്‍:കുറഞ്ഞ നിരക്കില്‍ കാറിനേക്കാള്‍ വേഗതയുള്ള 18 മീറ്റര്‍ നീളമുള്ള ബസുകള്‍

ഡബ്ലിന്‍ :ഡബ്ലിന്‍ നഗരത്തില്‍ യാത്രാരംഗത്ത് പുതിയ വിപ്ലവങ്ങളുമായി അതിവേഗതയുള്ള സര്‍വീസുകള്‍ നടത്തുന്ന മൂന്ന് ബസ് റൂട്ടുകള്‍ ആരംഭിക്കുന്നു

യാത്രക്കാരുടെ കീശ കാലിയാവാതിരിക്കാനും വേഗത്തില്‍ അവരെ ലക്ഷ്യസ്ഥലങ്ങളില്‍ അതിവേഗം എത്തിക്കാനും കൂടി പുതിയ റൂട്ടുകള്‍ സ്ഥാപിക്കുക വഴി ഉദ്ദേശിക്കുന്നുണ്ട്.

സ്വോര്‍ഡ്‌സ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് ,ബ്ലഞ്ചാഡ്‌സ് ടൌണ്‍ യൂ സിഡി, ക്ലോംഗ്രിഫിന്‍ താല എന്നി മൂന്നു റൂട്ടുകളിലാണ് അതിവേഗ ബസ് റൂട്ടുകള്‍ ആരംഭിക്കുന്നത്.

സ്വോര്‍ഡ്‌സില്‍ നിന്നും ഡബ്ലിന്‍ സിറ്റിയിലേക്ക് വരാന്‍ ഇനി വെറും 35 മിനുട്ടുകള്‍ മാത്രം. നിര്‍ദിഷ്ട മെട്രോ നോര്‍ത്ത് എടുക്കുന്നതിനേക്കാള്‍ വെറും അഞ്ചുമിനുട്ട് വ്യത്യാസത്തില്‍ യാത്രക്കാരെ സ്വോര്‍ഡ്‌സില്‍ നിന്നും ഡബ്ലിനിലേക്ക് കൊണ്ടുവരാന്‍ ഉതകുന്ന വിധമാണ് ഈ പുതിയ ബസ് റാപിഡ് ട്രാന്‍സിസ്റ്റ് (ബിആര്‍ടി) സിസ്റ്റം ഒരുക്കുന്നത്.

സ്വോര്‍ഡ്‌സ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് ലൈനിനും ബ്ലഞ്ചാഡ്‌സ്ടൗണ്‍ യൂ സി ഡി റൂട്ടിനും 150 മുതല്‍ 200 മില്ല്യന്‍ യൂറോയോളം വീതവും ക്ലോംഗ്രിഫിന്‍ താല ലൈനിന് 200 മുതല്‍ 250 മില്ല്യന്‍ യൂറോയും വരെ ചിലവാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് പുതിയ മൂന്നു റൂട്ടുകളും 650 മില്ല്യന്‍ യൂറോയുടെ ബജറ്റില്‍ ഒതുക്കിയിരിക്കുകയാണ്.

മെട്രോ നോര്‍ത്തിന് ചിലവാകുന്ന 3 ബില്ല്യന്‍ യൂറോയെക്കാള്‍ വളരെ കുറഞ്ഞതോതിലുള്ള ചിലവുകളാണ് മൂന്നു പുതിയ റൂട്ടുകള്‍ക്കും കൂടി ചിലവായി കണക്കാക്കിയിട്ടുള്ളു. റെയില്‍ ലുവാസ് ലൈനിനേക്കാള്‍ കുറഞ്ഞ ചിലവുകള്‍ മാത്രമേ ഇവയ്ക്ക് ആവുന്നുള്ളു.

മോഡേണ്‍ റെയില്‍ ബെയ്‌സ്ഡ് ട്രാന്‍സിസ്റ്റ് സിസ്റ്റത്തിന്റെ അതേ വേഗതയും ഗുണങ്ങളും ബിആര്‍ടിക്കും ഉണ്ടായിരിക്കുമെന്നും എന്നാല്‍ റെയില്‍ യാത്രയെക്കാള്‍ വളരെ കുറഞ്ഞ ചിലവില്‍ ഇതിലൂടെ യാത്ര ചെയ്യാമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുമുണ്ട്. റെയില്‍ ടിക്കറ്റിന്റെ വെറും മൂന്നിലൊന്നു ഭാഗം മാത്രമാണ് ബിആര്‍ടി ചാര്‍ജ് ഈടാക്കുകയുള്ളൂ.
അണ്ടര്‍ഗ്രൗണ്ട് ട്രെയിന്‍ ലൈനിന്റെ അത്രയും വേഗത ബിആര്‍ടിക്ക് ഉണ്ടായിരിക്കുകയില്ലെങ്കിലും ട്രാം ലൈനിന്റെ വേഗതയും സംവിധാനങ്ങളും ഇവ പ്രദാനം ചെയ്യും.
സ്റ്റോപ്പുകളില്‍ സ്ഥാപിക്കപ്പെടുന്ന വെന്‍ഡിംഗ് മെഷീനില്‍ നിന്നോ ടിക്കറ്റിംഗ് ലീപ് കാര്‍ഡ് വഴിയോ യാത്രക്കാരന് ടിക്കറ്റുകള്‍ ലഭ്യമാവും. എന്നാല്‍ ഡ്രൈവറുടെ പക്കല്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങാന്‍ സാധിക്കുകയില്ല.

സ്റ്റോപ്പിലെ പ്ലാറ്റ്‌ഫോം ലെവല്‍ അനുസരിച്ച് ഒന്നിലധികം വാതിലുകള്‍ ബിആര്‍ടിക്കുണ്ടാവും. ലുവാസ് ലൈനിനുള്ള അത്രയും സ്‌റ്റോപ്പുകള്‍ തന്നെയാണ് ഇവയ്ക്കും ഉണ്ടായിരിക്കുക.ഡബ്ലിന്‍ ബസ് റൂട്ടുകളെക്കാള്‍ കുറവ് സ്റ്റോപ്പുകളാണ് ബിആര്‍ടിക്ക്, ഇവ യാത്രാ സമയം നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് ചുരുക്കിയിരിക്കുന്നത്.

ട്രാഫിക് സിഗ്‌നലുകള്‍ക്ക് പ്രാധാന്യം നല്‍കി സഞ്ചരിക്കുന്ന ഒരു സാധാരണ ഗതാഗതമായിരിക്കും ബിആര്‍ടിക്കും ഉണ്ടായിരിക്കുക. സിറ്റി സെന്ററുകളില്‍ ബിആര്‍ടിക്കു മാത്രമായി പ്രത്യേക സ്ഥലങ്ങള്‍ ഇല്ലെങ്കിലും പുറമേ പ്രധാന റോഡുകളിലും മറ്റും പ്രത്യേക സെക്ഷന്‍ തന്നെ ഉണ്ടായിരിക്കും.

മണിക്കൂറില്‍ 2,400 മുതല്‍ 3,600 വരെ യാത്രക്കാരെ ഒരേ മേഖലയിലേക്ക് കൊണ്ടുപോകാനും ബിആര്‍ടിക്ക് സാധിക്കും. ഓരോ രണ്ടുമിനുട്ട് വ്യത്യാസത്തിലും ബസ്സുകള്‍ എത്തിക്കൊണ്ടിരിക്കും. 87 യാത്രക്കാരെ മാത്രം ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന ഡബ്ള്‍ഡക്കര്‍ ഡബ്ലിന്‍ ബസിനെ അപേക്ഷിച്ച് നോക്കിയാല്‍ 18 മീറ്റര്‍ നീളമുള്ള സ്വിഫ്റ്റ്‌വേ വാഹനത്തില്‍ 125ഓളം യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്നു.

പദ്ധതിയില്‍ സ്വോര്‍ഡ്‌സ് റൂട്ടിനു തന്നെയാണ് വളരെ പ്രാധാന്യം നല്‍കിയിട്ടുള്ളത്.സാധാരണ ബസ് സമയപരിധി അനുസരിച്ച് 38ശതമാനത്തോളം വേഗതയും ബിആര്‍ടിക്ക് കൂടുതലാണ്. പ്രൈവറ്റ്, കാര്‍ യാത്രകള്‍ക്ക് 50 മിനുട്ട് സമയം ആവശ്യമായി വരുന്ന ഇടങ്ങളില്‍ വെറും 35 മിനുട്ട് മാത്രമാണ് ബിആര്‍ടി എടുക്കുന്നുള്ളൂ.

ഫെബ്രുവരി 17 മുതല്‍ തന്നെ ഇത് സംബന്ധിച്ച പൊതു ചര്‍ച്ച ആരംഭിക്കണമെന്നാണ് അതോറിറ്റി പദ്ധതിയിടുന്നത്. പ്ലാനിംഗ് കമ്മിറ്റിക്ക് സ്വോര്‍ഡ്‌സ് റൂട്ടിനുള്ള അപേക്ഷയും ബ്ലഞ്ചാഡ്‌സ്ടൗണ്‍ യുസിഡി റൂട്ടിനുള്ള അപേക്ഷയും ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം തുടക്കത്തിലോ നല്‍കാനും അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്.

താലാ ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ആരംഭിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണങ്ങള്‍ അതോറിറ്റി നല്‍കിയിട്ടില്ല.

അടുത്ത വര്‍ഷത്തോടെ തന്നെ സ്വോര്‍ഡ്‌സ് ലൈന്‍ ടെന്‍ഡര്‍ ആരംഭിക്കുമെന്നും എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഫണ്ടിംഗ് ലഭിക്കുന്നതിനനുസരിച്ചായിരിക്കുമെന്നും അതോറിറ്റി അറിയിച്ചു.

Scroll To Top