Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ ഭവന പ്രതിസന്ധി രൂക്ഷമാകുന്നു; ഗാര്‍ഡ സ്റ്റേഷനടക്കം ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ ഭവനരഹിതര്‍ക്കായി തുറന്നു കൊടുക്കാന്‍ ആലോചന

ഡബ്ലിനില്‍ ഭവന പ്രതിസന്ധി രൂക്ഷമാകുന്നു; ഗാര്‍ഡ സ്റ്റേഷനടക്കം ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ ഭവനരഹിതര്‍ക്കായി തുറന്നു കൊടുക്കാന്‍ ആലോചന

ഡബ്ലിന്‍: ഗാര്‍ഡ സ്‌റ്റേഷനുകള്‍ ഭവനരഹിതര്‍ക്കായി തുറന്നു കൊടുക്കാന്‍ ആലോചന.ഓഫീസ് ഓഫ് പബ്ലിക് വര്‍ക്ക്‌സിന്റേതാണ് ഈ ശുപാര്‍ശ. ഡബ്ലിനിലെ ഭവന പ്രതിസന്ധി അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കെ ഭവനരഹിതര്‍ക്കായി താമസസ്ഥലം കണ്ടെത്തുന്നത് അധികൃതര്‍ക്ക് കീറാമുട്ടി ആയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തനരഹിതമായ ഗാര്‍ഡ സ്റ്റേഷനുകളില്‍ ഭവനരഹിതര്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ ഒപിഡബ്ല്യൂ ശുപാര്‍ശ ചെയ്തത്.

ഗാര്‍ഡ സ്റ്റേഷന്‍ കൂടാതെ മിലിട്ടറി ആശുപത്രിയിലും പ്രൈം സിറ്റി സെന്ററിലും ഭവനരഹിതര്‍ക്കായി താമസ സൗകര്യം ഒരുക്കാന്‍ ഒപിഡബ്ല്യൂ ശുപാര്‍ശ ചെയ്തിട്ടുണ്ട്.ഭവനരഹിതര്‍ക്ക് താമസിക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തണമെന്നുള്ള ഗവണ്‍മെന്റ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒപിഡബ്ല്യൂ ഈ ശുപാര്‍ശ നല്‍കിയത്. തലസ്ഥാന നഗരിയില്‍ പ്രതിദിനം ഒരു കുടുംബം വീതം ഭവനരഹിതരായി തെരുവില്‍ ഇറങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

സെന്റ് ബ്രിസിന്‍സ് മിലിട്ടറി ആശുപത്രിയാണ് ഭവനരഹിതര്‍ക്കായി കണ്ടെത്തിയ ഒരു കെട്ടിടം. മിലിട്ടറി ആശുപത്രി ആയിരുന്ന ഈ കെട്ടിടം അടച്ചു പൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചതോടെയാണ് ഈ കെട്ടിടം ഭവനരഹിതര്‍ക്കായി ഏറ്റെടുക്കാന്‍ ഒപിഡബ്ല്യൂ ശുപാര്‍ശ ചെയ്തത്. ഫിറ്റ്‌സ്ഗിബോണ്‍ സ്ട്രീറ്റിലെ ഗാര്‍ഡ സ്റ്റേഷനാണ് ഭവനരഹിതര്‍ക്കായി കണ്ടെത്തിയ രണ്ടാമത്തെ കെട്ടിടം. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഗാര്‍ഡ സ്റ്റേഷന്‍ മൌണ്ട് ജോയിലേക്ക് മാറ്റി സ്ഥാപിച്ചതോടെ 2011 മുതല്‍ ഈ കെട്ടിടം ഒഴിഞ്ഞു കിടക്കുകയാണ്.

ക്ലെയര്‍ സ്ട്രീറ്റിലെ നാഷണല്‍ ഗ്യാലറിയുടെ സമീപത്തുള്ള പ്രൈം സിറ്റി സെന്ററാണ് ഭവനരഹിതര്‍ക്കായി കണ്ടെത്തിയ മൂന്നാമത്തെ കെട്ടിടം. ഈ കെട്ടിടം ഭവനരഹിതര്‍ക്കായി നാല് അപ്പാര്‍ട്ടുമെന്ടുകളായി തിരിക്കാന്‍ കഴിയുമെന്നു ഒപിഡബ്ല്യൂ നിര്‍ദ്ദേശിച്ചു. ഇതിനായി 150,000 യൂറോ ചെലവാകും. ഡബ്ലിനില്‍ പുതിയ മേയര്‍ ക്രിസ്റ്റി ബര്‍ക്ക് സ്ഥാനം ഏറ്റതുമുതലാണ് ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം സജീവമാക്കിയത്.

Scroll To Top