Friday December 09, 2016
Latest Updates

ഡബ്ലിനില്‍ ഭവന പ്രതിസന്ധി രൂക്ഷമാവുന്നു ,ഹോസ്റ്റലുകള്‍ നിറഞ്ഞു കവിഞ്ഞു 

ഡബ്ലിനില്‍ ഭവന പ്രതിസന്ധി രൂക്ഷമാവുന്നു ,ഹോസ്റ്റലുകള്‍ നിറഞ്ഞു കവിഞ്ഞു 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന ഭവന പ്രതിസന്ധി കൂടുതല്‍
രൂക്ഷമാകുന്നു. തലസ്ഥാന നഗരിയായ ഡബ്ലിനില്‍ മാത്രം വീടില്ലാതെ തെരുവില്‍
അലയുന്നവരുടെ എണ്ണം 127 ആയതായി റിപ്പോര്‍ട്ട്. വീടില്ലാതെ തെരുവില്‍
അലയുന്നവരുടെ ഔദ്യോഗിക കണക്കുകള്‍ പുറത്ത് വന്നു തുടങ്ങി. ശൈത്യകാലത്ത്
തെരുവില്‍ അലഞ്ഞു നടന്നവരുടെ എണ്ണത്തേക്കാള്‍ 9 ശതമാനം കുറവാണ് ഇപ്പോള്‍
തെരുവില്‍ അലയുന്നവരുടെ എണ്ണം.

ഡബ്ലിനിലെ ഭൂരിപക്ഷം ഹോസ്റ്റലുകളും ഹോംലെസ് ഷെല്‍ട്ടറുകളും നിറഞ്ഞു
കവിഞ്ഞിരിക്കുകയാണെന്ന് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിയും
തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവരെ പാര്‍പ്പിക്കാന്‍ ഇടം കണ്ടെത്താനാകാതെ
അധികൃതര്‍ വിഷമിക്കുകയാണ്. അയര്‍ലണ്ടില്‍ രൂക്ഷമാകാന്‍ പോകുന്ന ഭവന
പ്രതിസന്ധിയെക്കുറിച്ച് സോഷ്യല്‍ ജസ്റ്റിസ് ക്യാംപെയ്‌നാര്‍ ഫാ. പീറ്റര്‍
മക്വെരി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഭവന വിപണിയിലെ പ്രതിസന്ധി
ശരിവച്ച് ഔദ്യോഗിക കണക്കുകള്‍ പുറത്ത് വന്നുതുടങ്ങിയത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേസമയം തെരുവില്‍ അലഞ്ഞവരുടെ എണ്ണവുമായി താരതമ്യം
ചെയ്താല്‍ ഈ വര്‍ഷം 35 ശതമാനം പേര്‍ കൂടുതലായി തെരുവില്‍ ഇറങ്ങേണ്ടി വന്നു.
ഭവനരഹിതരുടെ ഔദ്യോഗിക കണക്ക് ഈ ആഴ്ച അവസാനം പ്രസിദ്ധീകരിക്കും.
വര്‍ദ്ധിച്ചു വരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ അടുത്ത മാസം
അവസാനിക്കുന്നതിന് മുമ്പ് 60 എമര്‍ജന്‍സി കിടക്കകള്‍ ആവശ്യമായി വരുമെന്ന്
ഡബ്ലിന്‍ റീജിയന്‍ ഹോംലെസ് എക്‌സിക്യൂട്ടീവ് പറഞ്ഞു.

Scroll To Top