Wednesday December 07, 2016
Latest Updates

ഡബ്ലിനില്‍ നിന്ന് മോഷ്ടിക്കപ്പെട്ട മദ്യം ക്രിസ്തുമസ് വിപണിയിലേക്ക് ?

ഡബ്ലിനില്‍ നിന്ന് മോഷ്ടിക്കപ്പെട്ട മദ്യം ക്രിസ്തുമസ് വിപണിയിലേക്ക് ?

ഡബ്ലിന്‍: ഡബ്ലിനിലെ വെയര്‍ ഹൌസില്‍ നിന്ന് മദ്യം മോഷണം പോയി. ജെയിംസന്‍ വിസ്‌കി, ജാക്ക് ഡാനിയല്‍സ് എന്നിവയുടെ 15,000 ബോട്ടിലുകളാണ് മോഷണം പോയിരിക്കുന്നത്. നവംബര്‍ 14 നാണ് മദ്യം മോഷണം പോയത്. ആയുധധാരികളായ അഞ്ചംഗ സംഘം വെയര്‍ ഹൌസ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം മദ്യം കവരുകയായിരുന്നു. ക്രിസ്തുമസ് വിപണിയിലേക്ക് ഈ മദ്യം തന്നെ വീണ്ടും എത്തിയേക്കുമെന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം. 

ബല്ലിഫര്‍മോട്ടിലെ പാര്‍ക്ക് വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ നിന്നാണ് മദ്യം മോഷണം പോയത്. ലോറിയില്‍ കയറ്റിയാണ് മോഷ്ടിച്ച മദ്യം കൊണ്ട് പോയത്. മദ്യവുമായി പോയ ലോറി നാസ് റോഡിന്റെ ഭാഗത്തേക്ക് പോയെന്നാണ് ജീവനക്കാര്‍ നല്കുന്ന മൊഴി. മോഷ്ടാക്കളുടെ സംഘം പിന്നീട് എം50 റോഡിലേക്ക് തിരിഞ്ഞോ അതോ എന്‍7 റോഡിലൂടെ തന്നെയാണോ പോയത് എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നു. 

ക്രിസ്തുമസ് അടുത്ത സാഹചര്യത്തില്‍ മോഷണം പോയ മദ്യം വീണ്ടും വിപണിയിലേക്ക് എത്തുമെന്ന് ഗാര്‍ഡ പറഞ്ഞു. ലൈസന്‍സ് ഇല്ലാത്ത വില്‍പ്പനക്കാരില്‍ നിന്നോ വ്യക്തികളില്‍ നിന്നോ മദ്യം ലഭിച്ചാല്‍ അക്കാര്യം ഗാര്‍ഡയെ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. മോഷ്ടിക്കപ്പെട്ട മദ്യം കൊണ്ട് പോയ ലോറിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ അക്കാര്യം ഗാര്‍ഡയെ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 

Scroll To Top