Thursday December 08, 2016
Latest Updates

ഡബ്ലിനില്‍ ഗാര്‍ഡ കൊണ്ടുപോയ മലയാളി കുട്ടിയെ തിരിച്ചു കിട്ടി

ഡബ്ലിനില്‍ ഗാര്‍ഡ കൊണ്ടുപോയ മലയാളി കുട്ടിയെ തിരിച്ചു കിട്ടി

ഡബ്ലിന്‍ :ഡബ്ലിന്‍ ഫിസ്ബറോയില്‍ നിന്നും ഇന്നലെ ഉച്ചയോടെ ഗാര്‍ഡ ഏറ്റെടുത്തു കൊണ്ടുപോയ നാല് വയസുകാരന്‍ കുട്ടിയെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി .

അപ്പാര്‍ട്ട്‌മെന്റില്‍ നാല് വയസുകാരനെ ഉറക്കികിടത്തിയശേഷം കുട്ടിയുടെ പിതാവ് അടുത്തുള്ള കടയില്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോയ സമയത്താണ് സംഭവം ഉണ്ടായത്.

ഉറക്കം വിട്ടുണര്‍ന്ന കുട്ടി അച്ഛനെ കാണാഞ്ഞ് ഉച്ചത്തില്‍ കരയുകയും രണ്ടാം നിലയിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കുകയും ചെയ്തതോടെ അയല്‍ക്കാരുടെ ശ്രദ്ധയില്‍ പെടുകയും അവര്‍ ഗാര്‍ഡയെ വിവരം അറിയിക്കുകയും ചെയ്തു
പാഞ്ഞെത്തിയ ഗാര്‍ഡ വാതില്‍ ബലം പ്രയോഗിച്ചു തുറന്നു കുട്ടിയെ ജനാലയ്ക്കരികില്‍ നിന്നും മാറ്റുകയും ഗാര്‍ഡ സ്‌റ്റെഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

വിവരമറിഞ്ഞ കുട്ടിയുടെ അച്ഛന്‍ പെട്ടന്ന് തന്നെ ഗാര്‍ഡ സ്‌റ്റെഷനില്‍ കുതിച്ചെത്തി കുഞ്ഞിനെ വിട്ടുനല്‍കണമെന്നു അഭ്യര്‍ഥിച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മണിക്കൂറുകള്‍ എടുത്തു,സാമൂഹ്യ ക്ഷേമ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.

വൈകുന്നേരത്തോടെ ഗാര്‍ഡ കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തു .

അടുത്തിടെ റോമന്‍ കമ്മ്യൂണിറ്റിയില്‍ പെട്ട കുഞ്ഞുങ്ങളെ ഏറ്റെടുത്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉണ്ടായ വിവാദങ്ങളുടെ വെളിച്ചത്തില്‍ ഗാര്‍ഡയും അതീവ ശ്രദ്ധയോടെയാണ് പ്രശ്‌നം കൈകാര്യം ചെയ്തത് എന്നറിയുന്നു .
.കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് വീടുകളിലാക്കി പുറത്തു പോകുന്നത് രാജ്യത്തെ നിയമങ്ങളുടെ ലംഘനമാണ് .ചൈല്‍ഡ് അബ്യൂസിന്റെ ഗണത്തിലാണ് ഈ കുറ്റവും പെടുത്തിയിരിക്കുന്നത്
ചെറിയ കുഞ്ഞുങ്ങളുടെ സുരക്ഷയില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം വെളിവാക്കുന്നത്‌

Scroll To Top