Sunday December 11, 2016
Latest Updates

ഡബ്ലിനില്‍ ക്ലാംബിംഗ് ഊര്‍ജിതം,കഴിഞ്ഞ മാസം പിടി കൂടിയത് 5000 വാഹനങ്ങള്‍

ഡബ്ലിനില്‍ ക്ലാംബിംഗ് ഊര്‍ജിതം,കഴിഞ്ഞ മാസം പിടി കൂടിയത് 5000 വാഹനങ്ങള്‍

ഡബ്ലിന്‍: നിയമലംഘനത്തിന് ക്ലാമ്പ് ചെയ്യപ്പെടുന്ന വാഹനങ്ങളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ മാസം ഡബ്ലിനില്‍ മാത്രം 5,000 വാഹനങ്ങള്‍ ക്ലാമ്പ് ചെയ്തു. ഡബ്ലിന്‍ സ്ട്രീറ്റ് പാര്‍ക്കിംഗ് സര്‍വീസ് എന്ന കമ്പനിയാണ് ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന് വേണ്ടി പാര്‍ക്കിംഗ് മേല്‍നോട്ടം വഹിക്കുന്നത്. ഈ കമ്പനി കഴിഞ്ഞ മാസം ഡബ്ലിനില്‍ നിന്ന് തന്നെ 5,071 വാഹനങ്ങള്‍ നിയമ ലംഘനത്തിന്റെ പേരില്‍ ക്ലാമ്പ് ചെയ്തു. ഡബ്ലിനില്‍ മെറിയോണ്‍ സ്‌ക്വയറിലാണ് ഏറ്റവുമധികം നിയമലംഘനം നടക്കുന്നത്. ഇവിടെ നിന്ന് മാത്രം കഴിഞ്ഞ മാസം 82 വാഹനങ്ങള്‍ ക്ലാമ്പ് ചെയ്തു. കൂടുതല്‍ നിയമ ലംഘനം നടക്കുന്ന സ്ഥലങ്ങളില്‍ ഡോമിനിക് സ്ട്രീറ്റ് രണ്ടാം സ്ഥാനത്തുണ്ട്. ഇവിടെ നിന്ന് കഴിഞ്ഞ മാസം 60 വാഹനങ്ങള്‍ പിടിച്ചു. 

ഏറ്റവും കുറവ് നിയമ ലംഘനം നടക്കുന്നത് ജെര്‍വിസ് സ്ട്രീറ്റിലും പിയേഴ്‌സ് സ്ട്രീറ്റിലുമാണ്. അബ്ബെ സ്ട്രീറ്റിലും വെസ്റ്റ്‌മോര്‍ലാന്‍ഡ് സ്ട്രീറ്റിലും നിയമലംഘനങ്ങള്‍ തീരെ കുറവാണ്. ഈ രണ്ടിടങ്ങളില്‍ നിന്നും കഴിഞ്ഞ മാസം വെറും ഒരു കാര്‍ മാത്രമാണ് ക്ലാമ്പ് ചെയ്യപ്പെട്ടത്. പേ ആന്‍ഡ് ഡിസ്‌പ്ലേ ഓര്‍ പെര്‍മിറ്റ് ഏരിയയില്‍ പെര്‍മിറ്റ് പ്രദര്‍ശിപ്പിക്കാതെ പാര്‍ക്ക് ചെയ്തതിനാണ് 40 ശതമാനം വാഹനങ്ങളും ക്ലാമ്പ് ചെയ്യപ്പെട്ടത്. കഴിഞ്ഞ മാസം വെള്ളിയാഴ്ചകളില്‍ മാത്രം നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്ത 803 വാഹനങ്ങള്‍ ക്ലാമ്പ് ചെയ്തു. പുലര്‍ച്ചെ ഏഴു മണിക്കും 2 മണിക്കും ഇടയ്ക്കാണ് ഏറ്റവുമധികം നിയമലംഘനം നടക്കുന്നത്. 

അതേസമയം ഞായറാഴ്ച ദിവസങ്ങളില്‍ 10 മണിക്കും ആറ് മണിക്കും ഇടയ്ക്കാണ് ഏറ്റവുമധികം നിയമ ലംഘനം നടന്നിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഞായറാഴ്ച ദിവസങ്ങളില്‍ 322 വാഹനങ്ങള്‍ ക്ലാമ്പ് ചെയ്തു. ഞായറാഴ്ച്ചകളില്‍ ക്ലാംബിംഗ് ജീവനക്കാര്‍ അവധിയായിരിക്കുമെന്ന വിചാരമാണ് മിക്കവര്‍ക്കും ഉള്ളതാണ് ഇതിനു കാരണം.കൂടാതെ ചില പ്രദേശങ്ങളില്‍ ഞായറാഴ്ച്ചകളില്‍ പാര്‍ക്കിംഗ് ഫീസ് കൊടുക്കേണ്ടാത്തതിനാല്‍ എല്ലായിടത്തും അങ്ങനെയായിരിക്കും എന്ന് ധരിക്കുന്നവര്‍ക്കും ‘പണി കിട്ടും’

ക്ലാമ്പ് ചെയ്യപ്പെടുന്ന വാഹനങ്ങള്‍ പിഴ അടച്ചാല്‍ മാത്രമേ ഉടമയ്ക്ക് വിട്ടുകൊടുക്കൂ. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ക്ലാമ്പ് ചെയ്യപ്പെട്ട 56,285 വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതിന്റെ ഭാഗമായി പിഴയായി 4.32 മില്യന്‍ യൂറോ സര്‍ക്കാര്‍ സമാഹരിച്ചു. 

Scroll To Top