Sunday December 11, 2016
Latest Updates

ഡബ്ലിനില്‍ കുറഞ്ഞ വാടകയ്ക്ക് 16,000പേര്‍ ഭവനത്തിന് വേണ്ടി കാത്തിരിക്കുന്നു

ഡബ്ലിനില്‍ കുറഞ്ഞ വാടകയ്ക്ക് 16,000പേര്‍ ഭവനത്തിന് വേണ്ടി കാത്തിരിക്കുന്നു

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ഹൗസിംഗ് ലിസ്റ്റില്‍ ഇപ്പോഴും വീടിനായി കാത്തിരിക്കുന്നത് 16,000ത്തില്‍പ്പരം ആളുകളാണെന്ന് പുതിയ കണക്കുകള്‍. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ ഇവരില്‍ ഭൂരിഭാഗവും സോഷ്യല്‍ വെല്‍ഫെയറിനെ മാത്രം ആശ്രയിച്ച് കുടുംബം നടത്തുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
വര്‍ഷത്തില്‍ വെറും 1,400പേര്‍ക്ക് മാത്രമാണ് സിറ്റി കൗണ്‍സില്‍ വീട് അനുവദിച്ചു നല്‍കുന്നതെന്നാണ് കൗണ്‍സിലര്‍ ജെറി ബ്രീന്‍ പറഞ്ഞത്.
എങ്കിലും 257 യൂറോ മുതല്‍ 423 യൂറോ വരെ മാത്രമാണ് അത്യാവശ്യ സൗകര്യങ്ങള്‍ ഉള്ള,ഒന്ന് മുതല്‍ നാല് വരെ ബെഡ് റൂമുകള്‍ ഉള്ള ഈ വീടുകളുടെ മാസ വാടകയെന്നത് ആയിരക്കണക്കിന് പേരെ ഈ സ്‌കീമിലെയ്ക്ക് ആകര്‍ഷിക്കുന്നു.സിറ്റി കൌണ്‍സിലിനു കീഴില്‍ മാത്രം ഡബ്ലിനില്‍ ഇത്തരത്തിലുള്ള 30000 വീടുകളാണ് ഉള്ളത്.വര്‍ഷം തോറും ഈ ആവശ്യത്തിനായി പുതിയതായി വീട് കണ്ടു പിടിക്കപ്പെടുകയോ ,നിര്‍മ്മിക്കുകയോ ചെയ്യുന്നുമുണ്ട്.

സിറ്റി കൌണ്‍സിലിന്റെ ഈ ഭവന സൗകര്യം ഉപയോഗിക്കുന്നവരില്‍ ഇപ്പോഴത്തെ 60 % പേരും കുടിയേറ്റക്കാരാണ്.ആഫ്രിക്കന്‍ വംശജരാണ് ഇവരില്‍ കൂടുതലും.കൗണ്‍സില്‍ വീടുകള്‍ ഉപയോഗിക്കുന്നവരില്‍ ഇന്ത്യാക്കാരുടെ എണ്ണം വിരലില്‍ എണ്ണാവുന്നതെയുള്ളു.

നിശ്ചിത വരുമാനമില്ലാത്ത അയര്‍ലണ്ടിലെ ഏതു താമസക്കാരനും സിറ്റി കൌണ്‍സില്‍ ഭവനത്തിന് അപേക്ഷിക്കാം.ഇത്തരം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരില്‍ ഭൂരിപക്ഷവും ,ദമ്പതികളില്‍ ഒരാള്‍ക്ക് ജോലിയുള്ളവരായാലും അപേക്ഷിക്കുന്നതില്‍ നിയമതടസം ഇല്ലതാനും.വരുമാനത്തിന് അനുസരിച്ച് വാടക കൊടുക്കേണ്ടി വരുമെന്ന് മാത്രം.

ഇപ്പോഴത്തെ കണക്കുകള്‍ അനുസരിച്ച് പകുതിയിലേറെപ്പേര്‍ക്കും 11 വര്‍ഷത്തിനു മുകളില്‍ ഇനിയും കാത്തിരുന്നാല്‍ മാത്രമേ വീട് ലഭ്യമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരില്‍ 2,500ല്‍ കൂടുതല്‍ ആളുകളും ഏഴോ അതില്‍ കൂടുതലോ വര്‍ഷങ്ങളായി കൗണ്‍സിലിന്റെ വെയ്റ്റിംഗ് ലിസ്റ്റില്‍ തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നവരാണെന്നും കണക്കുകള്‍ വിശദീകരിക്കുന്നുണ്ട്.
ഇപ്പോള്‍ ലിസ്റ്റിലുള്ളവരില്‍ 80 ശതമാനത്തോളം പേരും സോഷ്യല്‍ വെല്‍ഫെയറിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഇവരില്‍ 50ശതമാനം പേര്‍ റെന്റ് അലവന്‍സ് ലഭിക്കുന്നവരുമാണെന്നും കൗണ്‍സിലര്‍ പറഞ്ഞു.
റെന്റ് അലവന്‍സ് സ്വീകരിക്കുന്ന ആളുകളെ ജോലിയില്‍ നിന്നും വിലക്കുന്ന നിലപാട് സര്‍ക്കാര്‍ മാറ്റണമെന്ന് ഫിന്‍ഗില്‍ കൗണ്‍സിലര്‍ കൂടിയായ ജെറി ബ്രീന്‍ പറഞ്ഞു.
വാടക വര്‍ദ്ധിക്കുകയും എന്നാല്‍ അതിനായി ലഭിക്കുന്ന അലവന്‍സ് വാടക ഇനത്തില്‍ തികയാതെ വരികയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞുവെന്നും അതിനാല്‍ തന്നെ പലരും ഭവന രഹിതര്‍ എന്ന കാറ്റഗറിയിലേക്ക് മാറാന്‍ നിര്‍ബന്ധിക്കപ്പെടുയാണെന്നും കൗണ്‍സിലര്‍ പറഞ്ഞു.
ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന് ഇത് വളരെ നിര്‍ണ്ണായകമായ ഒരു മാറ്റം ഈ വ്യവസ്ഥിതിയില്‍ വരുത്തേണ്ട സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1 ബില്ല്യന്‍ യൂറോ ഹൗസിംഗ് ബോണ്ടായി മാറ്റിവച്ച് ഈ ഫണ്ട് 4000ത്തോളം വീടുകള്‍ എങ്കിലും നാഷണല്‍ അസറ്റ് മാനേജ്‌മെന്റ് ഏജന്‍സിയില്‍ നിന്നോ പ്രൈവറ്റ് സെക്ടറില്‍ നിന്നോ ബില്‍ഡിംഗ് ഫേം വഴി ടെന്‍ഡറുകള്‍ വിളിച്ചോ ഭവന രഹിതരുടെ എണ്ണം നിയന്ത്രിക്കാന്‍ തന്നെയാണ് അദ്ദേഹം നിര്‍ദ്ദേശം വയ്ക്കുന്നത്.
കണക്കുകള്‍ ലഭിച്ചിരിക്കുന്നതില്‍ 8,886പേര്‍ തനിച്ച് താമസിക്കുന്നവരും 601പേര്‍ ദമ്പതികളുമാണ്.

Scroll To Top