Tuesday December 06, 2016
Latest Updates

ഡബ്ലിനില്‍ ഈസ്റ്റര്‍ റൈസിംഗ് അനുസ്മരണം നടത്തി

ഡബ്ലിനില്‍ ഈസ്റ്റര്‍ റൈസിംഗ് അനുസ്മരണം നടത്തി

ഡബ്ലിന്‍: ഡബ്ലിനില്‍ ഈസ്റ്റര്‍ റൈസിംഗ് അനുസ്മരണം നടത്തി. അയര്‍ലണ്ടിനെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനായി 1916 ല്‍ നടന്ന സ്വാതന്ത്ര്യ പോരാട്ടമാണ് ഈസ്റ്റര്‍ റൈസിംഗ് എന്നപേരില്‍ അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും ഈസ്റ്റര്‍ വാരത്തില്‍ അയര്‍ലണ്ടില്‍ ഈസ്റ്റര്‍ റൈസിംഗ് അനുസ്മരണം നടത്താറുണ്ട്. ഡബ്ലിനിലെ കോണല്‍ സ്ട്രീറ്റിലെ ജിപിയിലാണ് ഈസ്റ്റര്‍ റൈസിംഗ് പരിപാടികള്‍ നടത്തിയത്.

അയര്‍ലണ്ടിന്റെ കര, നാവിക, വ്യോമ സേന വിഭാഗങ്ങളിലെ സൈനികര്‍ ആഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു. 1916 ലെ സൈനിക നീക്കത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്കായി പ്രത്യേക അനുസ്മരണം നടന്നു. അന്തരിച്ച സൈനികര്‍ക്കായി ഒരു നിമിഷം മൌനം ആചരിച്ച ശേഷം പ്രസിഡന്റ് മൈക്കല്‍ ഹിഗ്ഗിന്‌സ് സൈനികര്‍ക്ക് പുഷ്പ്പചക്രം സമര്‍പ്പിച്ചു. പ്രധാനമന്ത്രി എന്‍ഡ കെന്നി, ജസ്റ്റിസ് മന്ത്രി അലന്‍ ഷാറ്റര്‍, ഡബ്ലിന്‍ ഡെപ്യൂട്ടി മേയര്‍ ഹെന്‍ട്രി, ചീഫ് ജസ്റ്റിസ് സൂസന്‍ ഡെന്‍ഹാം, കര, നാവിക, വ്യോമ സേനകളുടെ മേധാവിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ നിന്ന് ടെപ്പ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ട്ടിന്‍ മക്ഗിന്നസ്, എംപിമാര്‍ തുടങ്ങിയവരും പങ്കെടുത്തു. ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടികള്‍ സമാപിച്ചത്.

മന്ത്രി ബ്രിയാന്‍ ഹേയ്‌സ് പരിപാടികള്‍ക്ക് നേതൃത്വം നല്കി. 2016 ല്‍ നടക്കാനിരിക്കുന്ന ഈസ്റ്റര്‍ റൈസിംഗ് നൂറാം വാര്‍ഷികത്തില്‍ ബ്രിട്ടീഷ് രാജകുടുബാംഗങ്ങളെ ക്ഷണിച്ചതിനെ മന്ത്രി ന്യായീകരിച്ചു. ഈസ്റ്റര്‍ റൈസിംഗ് പോലെ ഒരു അന്താരാഷ്ട്ര പരിപാടിയില്‍ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെയോ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളെയോ ക്ഷണിക്കാതിരിക്കുന്നത് നീതികരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടനും അയര്‍ലണ്ടും സഹകരിച്ച് മുന്നോട്ട് പോകേണ്ട രാജ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 2016 ലെ നൂറാം വാര്‍ഷികാഘോഷം ബ്രിട്ടനുമായുള്ള അയര്‍ലണ്ടിന്റെ ബന്ധം ഇനിയും മെച്ചപ്പെടുത്താന്‍ സഹാകയകമാകുമെന്ന് ഫൈന്‍ ഗെയ്ല്‍ ചീഫ് വിപ്പ് പോള്‍ കിയോ പറഞ്ഞു.

Scroll To Top