Saturday December 10, 2016
Latest Updates

ഡബ്ലിനില്‍ ആദ്യ ആഫ്രിക്കന്‍ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് ഗോദയിലെത്തി :മലയാളികള്‍ തയ്യാറെടുപ്പില്‍

ഡബ്ലിനില്‍ ആദ്യ ആഫ്രിക്കന്‍ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് ഗോദയിലെത്തി :മലയാളികള്‍ തയ്യാറെടുപ്പില്‍

ഡബ്ലിന്‍ :ലോക്കല്‍ ഇലക്ഷനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ എല്ലാ പാര്‍ട്ടിക്കാരും ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതിനായുള്ള വാദപ്രതിവാദങ്ങളും ചര്‍ച്ചകളും ഒട്ടുമിക്ക പാര്‍ട്ടി യോഗങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുന്നതായി ഒട്ടനവധി റിപ്പോര്‍ട്ടുകള്‍ ഇതിനോടകം തന്നെ ഉണ്ടായിക്കഴിഞ്ഞു.

ഏറെ മലയാളികള്‍ ഇത്തവണത്തെ ലോക്കല്‍ ഇലക്ഷനില്‍ സ്ഥാനാര്‍ഥികളായി രംഗത്തെത്തിയേ ക്കുമെന്ന് സൂചനകളുണ്ട്.പലരും പ്രാഥമിക ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ,സൌത്ത് ഡബ്ലിന്‍,ഫിംഗസ് എന്നിവിടങ്ങളില്‍ മലയാളി സാന്നിധ്യം തിരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടായേക്കും.രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചില്ലെങ്കിലും ഒരു കൈ നോക്കാനുള്ള തയ്യാറെടുപ്പിലാണ് പലരും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരേ ഒരു ഇന്ത്യക്കാരനാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.200 മലയാളി വോട്ടുകള്‍ മാത്രമുണ്ടായിരുന്ന താല വാര്‍ഡില്‍ മത്സരിച്ച ബേബി പെരേപ്പാടന്‍ പക്ഷെ തൊള്ളായിരത്തിലധികം വോട്ടുകള്‍ നേടി വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു.

ഇപ്പോള്‍ പുതിയ വാര്‍ത്ത സൃഷ്ടിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുന്നത് സിന്‍ ഫിന്‍ പാര്‍ട്ടിയാണ്. ആദ്യമായി ഒരു ആഫ്രിക്കക്കാരനെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാക്കി തീരുമാനിച്ചിരിക്കുകയാണ് പാര്‍ട്ടി.ഈ ഇലക്ഷനില്‍ ഇതാദ്യമായാണ് ഒരു കുടിയേറ്റക്കാരന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്

ആഫ്രിക്കയിലെ കൊംഗോല്‍സില്‍ നിന്ന് അയര്‍ലണ്ടിലേക്ക് കുടിയേറിയ എഡ്മണ്ട് ലുക്കൂസയാണ് ഇത്തവണത്തെ ലോക്കല്‍ ഇലക്ഷനില്‍ സിന്‍ഫിനിനെ പ്രതിനിധീകരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി. 2007ലാണ് ലുക്കൂസ ഐറിഷ് പൗരനായി മാറിയത്. അടുത്ത വര്‍ഷത്തെ ഇലക്ഷനില്‍ ലോക്കല്‍ പ്രതിനിധിയായ പോള്‍ ഡൊണോലിക്കൊപ്പം ബ്ലാഞ്ചസ് ടൌണിലെ മല്‍ഹുഡാര്‍ട്ട് വാര്‍ഡിലാണ് എഡ്മണ്ട് ലുക്കൂസ മത്സരിക്കുക.

ഐറിഷ് പൗരത്വം സ്വീകരിച്ചതിനു ശേഷമാണ് ലുക്കൂസ സിന്‍ ഫിന്നില്‍ അംഗമായത്. ജനാധിപത്യപരമായ ആശയങ്ങളെ മുറുകെപ്പിടിക്കുന്ന പാര്‍ട്ടിയാണ് സിന്‍ഫിന്നെന്നും എന്നാല്‍ അതു പിന്തുടരുന്നതില്‍ യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ലെന്നും എന്നാല്‍ അതുമാത്രമല്ല തന്നെ സിന്‍ഫിന്നിലേക്കാകര്‍ഷിച്ചതെന്നും ലുക്കൂസ പറയുന്നു.

സാധാരണ ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഒരേയൊരു പാര്‍ട്ടി എന്ന നിലയിലാണ് സിന്‍ ഫിന്‍ തന്നെ ആകര്‍ഷിച്ചതെന്നും അതിനാലാണ് ആറു വര്‍ഷങ്ങള്‍ക്കു മുന്നേ താന്‍ സിന്‍ ഫിന്നില്‍ അംഗമായിച്ചേര്‍ന്നതെന്നും എഡ്മണ്ട് ലുക്കൂസ കൂട്ടിച്ചേര്‍ത്തു.2001ല്‍ അയര്‍ലണ്ടില്‍ എത്തിച്ചേരുന്നതിന് മുന്‍പായി തന്നെ സിന്‍ ഫിന്‍ പാര്‍ട്ടിയെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നാണ് ലുക്കൂസ പറയുന്നത്. കോംഗോയിലെ യുഡിപിഎസ് പൊളിറ്റിക്കല്‍ പാര്‍ട്ടി അംഗമായിരുന്ന തനിക്ക് ഒട്ടേറെ പ്രൊജക്ടുകളിലും കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകളിലും ജോലി ചെയ്ത പരിചയമുണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണകളുണ്ടെന്നും ലുക്കൂസ കൂട്ടിച്ചേര്‍ത്തു.

. 2009ലെ ഇലക്ഷനില്‍ ഫിന്‍ഗീലും ഫിന്‍ഫാളും തങ്ങളുടെ ആദ്യ ആഫ്രിക്കന്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നു. ഫിന്‍ഫാളിന്റെ പ്രതിനിധിയായി ഇഡൗ ഓള്‍ഫിമിഹാനും ഫിന്‍ഗീലിന്റെ പ്രതിനിധിയായി അഡോള ഉഗുന്‍സിനയുമാണ് അന്ന് മത്സരത്തിനിറങ്ങിയത്.

നൈജീരിയക്കാരനായി ഇഗ്ഗി ഒകഫോറും ഇതേ വര്‍ഷം സ്വതന്ത്രനായി മത്സരിച്ചിരുന്നു.രാഷ്ട്രീയത്തിലുള്ള പരിചയവും തന്റെ പ്രവര്‍ത്തന മേഖലയിലെ കഴിവും കൊണ്ടാണ് ലുക്കൂസ സിന്‍ ഫിന്നിന്റെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് സിന്‍ഫിന്‍ പ്രതിനിധി സീമസ് ഹാസ്ലറ്റ് പറഞ്ഞു.താന്‍ ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത് ജയിക്കാന്‍ തന്നെയാണെന്നാണ് എഡ്മണ്ട് ലുക്കൂസ പറയുന്നത്‌

Scroll To Top