Friday December 09, 2016
Latest Updates

ഡബ്ലിനില്‍ ആത്മഹത്യക്കെതിരെ ബോധവല്ക്കരണം നടത്തി

ഡബ്ലിനില്‍ ആത്മഹത്യക്കെതിരെ ബോധവല്ക്കരണം നടത്തി

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ആത്മഹത്യക്കെതിരെയുള്ള പ്രചാരണ പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് എന്ന പേരിലാണ് പരിപാടി നടത്തിയത്. ബോധവല്ക്കരണ പരിപാടിയില്‍ ഏകദേശം 80,000 പേര്‍ പങ്കെടുത്തതായാണ് കണക്ക്. അയര്‍ലണ്ടിലെ 40 ല്‍ അധികം വേദികളിലായാണ് പരിപാടി നടന്നത്.

ഡബ്ലിനിലെ ഫൊണിക്‌സ് പാര്‍ക്ക് ഉള്‍പ്പെടെ വിവിധ വേദികളിലായാണ് പരിപാടി നടത്തിയത്. പുലര്‍ച്ചെ 4.15 നാണ് ആത്മഹത്യ വിരുദ്ധ ബോധവല്‍ക്കര ണവുമായി ജനങ്ങള്‍ ഒത്തുകൂടിയത്. തുടര്‍ന്ന് അഞ്ചു കിലോമീറ്ററോളം നടന്നു ആത്മഹത്യയ്‌ക്കെതിരെ ബോധവല്ക്കരണം നടത്തി.

ഇത് ആറാം വര്‍ഷമാണ് ആത്മഹത്യ വിരുദ്ധ സംഘടന ആത്മഹത്യക്കെതിരെ പ്രചരണം നടത്തുന്നത്. ഈ വര്‍ഷം ലണ്ടനിലും സിഡ്‌നിയിലും ആത്മഹത്യ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയതിനു ശേഷമാണ് സംഘം അയര്‍ലണ്ടില്‍ വരുന്നത്. അയര്‍ലണ്ടുകാര്‍ക്കിടയില്‍  മാനസിക സമ്മര്‍ദ്ദവും ആത്മഹത്യ പ്രവണതയും വര്‍ദ്ധിച്ചു വരുന്നതായി സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഇത്തരം റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ആത്മഹത്യക്കെതിരെ ബോധവല്‍ക്കരണ പരിപാടിയുമായി സന്നദ്ധ സംഘടന രംഗത്ത് വന്നത്. പ്രധാനമായും ജോലി സ്ഥലത്തെ സമ്മര്‍ദ്ദമാണ് ഐറിഷ് പൗരന്മാരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.
അയര്‍ലണ്ടിലെ ഭൂരിപക്ഷം പേരും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. എന്നാല്‍ 56 ശതമാനം പേരും തങ്ങള്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായി തുറന്ന് സമ്മതിക്കാറില്ല.

മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന 28 ശതമാനം പേരും ചികിത്സ തേടാന്‍ തയ്യാറാകുന്നില്ല. മറ്റൊരു 41 ശതമാനം പേര്‍ തങ്ങള്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായി സ്വന്തം സുഹൃത്തക്കളോട് പോലും പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. 24 ശതമാനം പേര്‍ ഈ വിവരം കുടുംബാംഗങ്ങളില്‍ നിന്ന് പോലും മറച്ചു വയ്ക്കാന്‍ താല്പ്പര്യപ്പെടുന്നു.

Scroll To Top