Wednesday December 07, 2016
Latest Updates

ഡബ്ലിനിലെ മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്റില്‍ യുവതിയുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തി

ഡബ്ലിനിലെ മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്റില്‍ യുവതിയുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തി

ഡബ്ലിന്‍: നഗരത്തിലെ മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്റില്‍ യുവതിയുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ബല്ലിഫര്‍ മോട്ടിലെ കില്ലീന്റോഡില്‍ പ്രവര്‍ത്തിക്കുന്ന തോണ്‍ടണ്‍ മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്റിലാണ് മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് യുവതിയുടെ കാല് കണ്ടെത്തിയത്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്റിലെ ജീവനക്കാരാണ് യുവതിയുടെ കാല് കണ്ടെത്തിയത്. ഉടന്‍ തന്നെ ഗാര്‍ഡയില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് ഗാര്‍ഡ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മനുഷ്യശരീരത്തിന്റെ ഇടുപ്പ് ഭാഗങ്ങളും കയ്യും കണ്ടെത്തി. കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ മനുഷ്യന്റെത് തന്നെയെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഒരു സ്ത്രീയുടെ ശരീരഭാഗങ്ങളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. ബാക്കി ശരീര ഭാഗങ്ങള്‍ കൂടി കണ്ടെടുത്താലെ ആരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. ഗാര്‍ഡ അന്വേഷണം ഊര്‍ജിതമാക്കി.

ഡബ്ലിനിലെ ഭവനരഹിതരായ ആളുകളില്‍ ആരെങ്കിലും വേസ്റ്റ് ബിന്നില്‍ കയറി കിടക്കുകയും ഇക്കാര്യം അറിയാതെ മാലിന്യം നീക്കം ചെയ്യുന്ന ജീവനക്കാര്‍ മാലിന്യം വേര്‍ തിരിക്കുന്ന മെഷീനില്‍ വേസ്റ്റ് നിക്ഷേപിച്ചതിനെ തുടര്‍ന്ന് അതില്‍ ഉറങ്ങിക്കിടന്ന ആള്‍ കൊല്ലപ്പെട്ടതാകാം എന്നതാണ് പ്രാഥമിക നിഗമനം. ഈ സാധ്യത മുന്‍ നിര്‍ത്തിയാണ് ഗാര്‍ഡ അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെയും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലും ഓഗസ്റ്റിലും വേസ്റ്റ് ബിന്നില്‍ ഉറങ്ങിക്കിടന്നവര്‍ മെഷീനില്‍ കുടുങ്ങി മരണമടഞ്ഞിരുന്നു.

Scroll To Top