Sunday December 11, 2016
Latest Updates

ഡബ്ലിനിലെ മലയാളികളുടെ പേരില്‍ മലയാളിയുടെ ഫേസ്ബുക്ക് തട്ടിപ്പ്

ഡബ്ലിനിലെ മലയാളികളുടെ പേരില്‍ മലയാളിയുടെ ഫേസ്ബുക്ക് തട്ടിപ്പ്

ഡബ്ലിന്‍ :നിങ്ങളുടെ പേരില്‍ മറ്റൊരാള്‍ ഫേസ് ബുക്കില്‍ അക്കൌണ്ട് ക്രിയേറ്റ് ചെയ്ത് രഹസ്യങ്ങള്‍ അടിച്ചെടുക്കാന്‍ സാധ്യതയുണ്ടോ ? സൂക്ഷിക്കുക ..ഡബ്ലിനിലെ ചില വിരുതന്‍മാര്‍ ഇപ്പോള്‍ ആ പണിയും തുടങ്ങിയിട്ടുണ്ട്.

ഡബ്ലിനിലെ ചില മലയാളികളുടെ പേരില്‍ അപരര്‍ ഫേസ് ബുക്ക് അക്കൌണ്ട് ഉണ്ടാക്കി വിലസുന്നതായി വ്യാപകമായി പരാതിയുയര്‍ന്നുണ്ട് .കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരോടാണ് വ്യാജന്‍ ചാറ്റ് ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുള്ളത്,
ഒരു അക്കൌണ്ട് നിലവില്‍ ഉള്ളവരുടെ പേരില്‍ പോലും ‘അപരന്‍ വക’ വീണ്ടും അക്കൌണ്ട് ഉണ്ടാക്കിയിട്ടുണ്ട്.ഒറിജിനല്‍ അക്കൌണ്ടിനെ വെല്ലുന്ന അടിപൊളി പ്രൊഫൈല്‍ പേജൊക്കെ സൃഷ്ട്ടിച്ചാണ് കലാപരിപാടി !.
താലയിലെ മലയാളിയുടെ അക്കൌണ്ടില്‍ നിന്നും അന്‍പതിലധികം വ്യാജന്‍ വക ഫ്രണ്ട് റിക്വസ്റ്റാണ് സ്വീകരിക്കപ്പെട്ടിരിക്കുന്നത്.
ഇവരില്‍ പലരുമായും സാധാരണ ചര്‍ച്ച ചെയ്യാത്ത ‘സ്വകാര്യ കാര്യങ്ങള്‍’ വരെ ചാറ്റ് ചെയ്യാന്‍ അപരന്‍ തുടങ്ങിയതോടെ സംശയം തോന്നിയ ചിലര്‍ അക്കൌണ്ടിലെ പേരുകാരനെ നേരിട്ട് വിളിച്ചതോടെയാണ് അപരന്റെ കള്ളി പൊളിഞ്ഞത് .

ഇതിന്റെ വെളിച്ചത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിരവധി പേരേ ചാറ്റിംഗ് വഴി വലയിലാക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് കണ്ടെത്തി. പുരുഷന്‍മാരുടെ പേരില്‍ സൃഷ്ട്ടിക്കപ്പെടുന്ന അക്കൌണ്ടുകളിലെ അപരന്‍മാര്‍ സ്ത്രീകളെ സുഹൃത്തുക്കളാക്കാന്‍ പ്രത്യേകം ശ്രദ്ധ വെച്ചിട്ടുണ്ട്.
എന്തായാലും ചാറ്റിംഗ് വീരന്‍മാരെ ഒന്ന് കണ്ണ് വെച്ചോളു..സൂക്ഷിച്ചിരുന്നില്ലെങ്കില്‍ രഹസ്യ വിവരങ്ങള്‍ നാളെ ഈ ചാറ്റിംഗ് ചീറ്റിംഗുകാര്‍ അങ്ങാടി പാട്ടാക്കിയേക്കും !

Scroll To Top